നിര്‍ധന കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ; ‘കൂടെ 2023’ പ്രഖ്യാപിച്ചു

നിര്‍ധന കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ; ‘കൂടെ 2023’ പ്രഖ്യാപിച്ചു

കോഴിക്കോട്: നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നിര്‍വഹിക്കാനുള്ള പദ്ധതിയായി ‘കൂടെ 2023’ കോഴിക്കോട് എം.പി എം.കെ രാഘവന്‍ പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായിരുന്നു. തണല്‍ വടകര ചെയര്‍മാന്‍ ഡോ. ഇദ്രീസ് പദ്ധതി അവതരണം നടത്തി. തണല്‍ വടകരയും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ സൗജന്യ ഓര്‍ത്തോപീഡിക് ശസ്ത്രക്രിയ പദ്ധതിയായ ‘കൂടെ 2022’ ന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

‘ഹൃദയം കൊണ്ടുള്ള ഇടപെടലാണ് ആസ്റ്റര്‍ മിംസും തണല്‍ വടകരയും ഈ സംരംഭത്തിനായി നടത്തുന്നത്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന രണ്ട് സംരംഭങ്ങള്‍ ഒരുമിച്ച് ചേരുന്നത് കേരളത്തിന്റെ പൊതുവായ ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും’. എം.കെ രാഘവന്‍ എം.പി പറഞ്ഞു. ‘ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കുടുംബം അനുഭവിക്കുന്ന പ്രതിസന്ധികള്‍ വളരെ വലുതാണ്. അര്‍ഹിക്കുന്ന പിന്തുണ അവര്‍ക്ക് നല്‍കുവാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ട്. അത്തരം പിന്തുണ നല്‍കുന്നത് മനുഷ്യജീവിതത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന പ്രധാന നന്മകളില്‍ ഒന്ന് കൂടിയാണ്. ഈ ഉദ്ദേശ ലക്ഷ്യത്തോടെയാണ് ‘കൂടെ 2022 ‘ ‘ കൂടെ 2023’ ഉം പ്രഖ്യാപിക്കപ്പെടുന്നത് ‘ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

‘ കറക്റ്റീവ് സര്‍ജറികളിലൂടെ ജീവിത ദുരിതത്തിന്റെ ഒരു വലിയ ഘട്ടത്തെ അതിജീവിക്കുവാന്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സാധിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടാണ് എങ്ങനെ അതിനായുള്ള സൗകര്യം ഒരുക്കിയെടുക്കാമെന്ന് തണല്‍ ചിന്തിച്ചത്. ഈ ചിന്തയും അതിനുവേണ്ടിയുള്ള പ്രയത്നവുമാണ് ഇവിടെ വരെ എത്തി നില്‍ക്കുന്നത്. 102 സൗജന്യ ശസ്ത്രക്രിയകളാണ് കൂടെ 2022ന്റെ ഭാഗമായി നിര്‍വഹിച്ചത്. രണ്ടു കോടിരൂപയിലധികം ഇതിനായി ചെലവഴിക്കപ്പെട്ടു’ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു.

ജനിതകരോഗങ്ങളും, പേശീ-ധമനീ സംബന്ധമായ രോഗങ്ങളും, അസ്ഥിരോഗങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്തവും ഗുരുതരവുമായ അവസ്ഥകളെ അഭിമുഖീകരിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്കായി ശസ്ത്രക്രിയ നടത്തുക എന്നതാണ് കൂടെ 2023 ന്റെ ലക്ഷ്യം. അഞ്ച് കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ എം.കെ രാഘവന്‍ എം.പി, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ഡോ. ഇദ്രീസ്, യു. ബഷീര്‍, ഫര്‍ഹാന്‍ യാസിന്‍, ഡോ. എബ്രഹാം മാമ്മന്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. രാധേഷ് നമ്പ്യാര്‍, ലുക്മാന്‍ പൊന്മാടത്ത്, അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *