ദക്ഷിണ് ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍): രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാഹിത്യ പ്രതിഭകള്‍ക്ക് ഒരുമിച്ചു ചേരാന്‍ വേദിയൊരുക്കുന്ന എസ്.എസ്.എഫ് സാഹിത്യോത്സവ് രാജ്യത്തിനു നല്‍കുന്നത് ദേശീയോദ്ഗ്രഥന മാതൃകയാണെന്ന് പശ്ചിമ ബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര പറഞ്ഞു. ദേശീയ സാഹിത്യോത്സവ് സമാനപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് പ്രസക്തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. കലകള്‍ക്കും സാഹിത്യത്തിനും മനുഷ്യരിലെ നന്മകളെയും ചിന്തകളെയും ഉണര്‍ത്താന്‍ സാധിക്കും. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ആരംഭിച്ച സാഹിത്യോത്സവിന് കേരളത്തിനു പുറത്തേക്കു വളരാന്‍ സാധിച്ചത് പ്രശംസനീയമാണ്. ബംഗാളില്‍ സാഹിത്യോത്സവ് നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍നിന്നുള്ള സന്നദ്ധസംഘടനകള്‍ ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.