പാല്‍ ഇന്‍സെന്റീവ് തുക അടുത്ത വര്‍ഷം കൂട്ടും: മന്ത്രി ജെ. ചിഞ്ചുറാണി

പാല്‍ ഇന്‍സെന്റീവ് തുക അടുത്ത വര്‍ഷം കൂട്ടും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി വരുന്ന നാല് രൂപ ഇന്‍സെന്റീവ് തുക അടുത്ത വര്‍ഷം മുതല്‍ കൂട്ടുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി കൈകോര്‍ത്ത് നടപ്പിലാക്കുന്ന പാല്‍ ഇന്‍സന്റീവ് പദ്ധതിക്ക് കര്‍ഷകരുടെ പട്ടിക തരാത്ത പഞ്ചായത്തുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തില്‍ നടപ്പിലാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ ഒന്നു മുതല്‍ കൂട്ടിയ പാല്‍വില കര്‍ഷകര്‍ക്കാണ് ഗുണകരം. 80 ശതമാനത്തിലേറെ തുകയും കര്‍ഷകന് കിട്ടുന്ന തരത്തില്‍ വിഭാവനം ചെയ്ത വിലവര്‍ധനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ഏറെ നാളെത്ത ആവശ്യമായ കാലിത്തീറ്റ- കോഴിത്തീറ്റ-ധാതുലവണ മിശ്രിത നിയമം അടുത്ത നിയമസഭയില്‍ വെക്കുന്നതോടെ ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. പാല്‍, മുട്ട, ഇറച്ചി ഉല്‍പ്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിറുത്തി മൃഗപരിപാലന രംഗത്തുള്ളവരെ സഹായിക്കാനുള്ള പദ്ധതിയാണ് മാതൃകാ പഞ്ചായത്ത് പദ്ധതി. തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ കല്ലൂര്‍ മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന പദ്ധതി വഴി 18 പേര്‍ക്ക് 18 കിടാരികള്‍ വാങ്ങാന്‍ 12500 രൂപ വീതം സബ്‌സിഡി, ഒന്‍പത് വനിതകള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് പെണ്ണാടും ഒരു മുട്ടനാടും വാങ്ങാന്‍ 25,000 രൂപ വീതം സബ്‌സിഡി, 50 സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കോഴികള്‍ വീതം എന്നിവ പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍കുമാര്‍, എസ്. അഭിന്‍ദാസ്, ഹരിപ്രസാദ്, വേണുഗോപാലന്‍ നായര്‍, ഉനൈസ അന്‍സാരി, ആര്‍. അനില്‍കുമാര്‍ മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.വിനുജി, ഡോ.ജിജിമോന്‍ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *