എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; പരാതിക്കാരിയുടെ ഹരജി തള്ളി ഹൈക്കോടതി

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; പരാതിക്കാരിയുടെ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരിയുടെയും സര്‍ക്കാരിന്റെയും ഹരജി തള്ളി ഹൈക്കോടതി. ബലാത്സംഗ കേസില്‍ പ്രതിയായ കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇതേതുടര്‍ന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എല്‍ദോസ് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദത്തിനിടെ കോടതിയും പ്രോസിക്യൂഷനും ഉയര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമല്ലേ
ലൈംഗികബന്ധം ഉണ്ടായതെന്നും എല്ലാം സിനിമാ കഥപോലെയുണ്ടല്ലോയെന്നായിരുന്നു കോടതി പരാമര്‍ശം. എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ ‘നോ’ പറഞ്ഞാല്‍ അത് ബലാത്സംഗം തന്നെയാണെന്ന് പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കി. ലൈംഗിക തൊഴിലാളിക്ക് പോലും ‘നോ’ എന്ന് പറയാന്‍ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ സാഹചര്യം കൂടി പരിശോധിക്കണമെന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *