കെ.എസ്.ഡബ്ല്യു.എസ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2,3,5 തീയതികളില്‍

കെ.എസ്.ഡബ്ല്യു.എസ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2,3,5 തീയതികളില്‍

കോഴിക്കോട്: കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സി (കെ.എ.പി.എസ്)ന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് കെ.എസ്.ഡബ്ല്യു.എസ് ( കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ്) 2022 നാഷണല്‍ കോണ്‍ഫറന്‍സ് 2,3,5 തീയതികളിലായി സെന്റ് ജോസഫ് കോളേജില്‍ വച്ച് നടക്കുമെന്ന് കെ.എ.പി.എസ് സ്റ്റേറ്റ് വര്‍ക്കിങ് പ്രസിഡന്റ് മിനി. എ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2,3 തീയതികളില്‍ ദേവഗിരി കോളേജില്‍ വച്ചും അഞ്ചിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയും നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിനായി തിരഞ്ഞെടുത്ത വിഷയം ‘റെസ്‌പോണ്‍സ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ടുവാര്‍ഡ്‌സ് ഡ്രഗ് അബ്യൂസ് എമംഗ് ചില്‍ഡ്രന്‍ ആന്റ് യൂത്ത്’ എന്നാണ്. കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി ലോഗോ മേയ്ക്കിങ് കോമ്പറ്റീഷനും ഉണ്ടാകും.

രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ വച്ച് നടക്കുന്ന ഫ്‌ളാഷ് മോബ്, തെരുവ് നാടകം എന്നിവയോട് കൂടെ പരിപാടികള്‍ ആരംഭിക്കും. വൈകീട്ട് 3.45ന് എം.കെ രാഘവന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. ബോബി ജോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളോടു കൂടി ഒന്നാം ദിവസം അവസാനിക്കും. രണ്ടാം ദിവസം ‘കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയിലുള്ള മയക്കുമരുന്നിന്റെ ദുരുപയോഗം’ എന്ന വിഷയത്തെ ആസ്പദമാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോ. ആയിഷ ഷെറിന്‍ നാസറിന്റെ (എം.ബി.ബി.എസ് എംഡി സൈക്ക്യാട്രി) നേതൃത്വത്തില്‍ ഇന്‍പുട്ട് സെഷന്‍ കോളേജ് പി.ടി.എ ഹാളില്‍വച്ച് നടക്കും. തുടര്‍ന്ന് ലഹരിമരുന്നിന്റെ ദുരുപയോഗത്തെ കുറിച്ച് പ്രധാനപ്പെട്ട നാല് മോഡലുകളായ ക്യാമ്പസസ് ഓഫ് കോഴിക്കോട്, എക്‌സര്‍സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഇംഹാന്‍സ്, ഡ്രീം എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഈ മേഖലയിലെ അവരുടെ ഇടപെടലുകളെ പറ്റി സംസാരിക്കും. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് ഐ.എന്‍.പി.എസ്.ഡബ്ല്യു.എ സെക്രട്ടറി ജനറല്‍ ഡോ. ഐപ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ‘റെസ്‌പോണ്‍സ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ഇന്‍ ദ ഫ്യൂച്ചര്‍ ടുവാര്‍ഡ്‌സ് ഡ്രഗ് അബ്യൂസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഓപണ്‍ ഡിസ്‌കഷന്‍ നടത്തും. തുടര്‍ന്ന് സമാപന സമ്മേളനം ആരംഭിക്കും. സെന്റ് ജോസഫ്‌സ് കോളേജ് സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് ഡയരക്ടര്‍ ഫാദര്‍ എം. സുനില്‍ ആന്റണി അധ്യക്ഷത വഹിക്കും. റിട്ട.ഐ.എ.എസ് ഓഫിസര്‍ ലിഡ ജോക്കബ് മുഖ്യാതിഥിയായിരിക്കും. കെ.എ.പി.എസ് പ്രസിഡന്റ് എം.പി അന്റോണി ആശംസകള്‍ നേരും. ദേവഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫ. അനീഷ സിബി കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണത്തോടുകൂടി പരിപാടി സമാപിക്കും.

അഞ്ചിന് ഓണ്‍ലൈനായി പേപ്പര്‍ പ്രസന്റേഷന്‍ നടത്തപ്പെടും. കോണ്‍ഫറന്‍സിന്റെ സബ് ടീമുകളെ അടിസ്ഥാനമാക്കിയാണ് പ്രസന്റേഷന്‍ നടക്കുക. ഇതോടൊപ്പം ബെസ്റ്റ് ഡെസേര്‍ട്ടേഷനും നടത്തപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസന്റേഷനുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ബെസ്റ്റ് ഡെസേര്‍ട്ടേഷന്‍ അവാര്‍ഡും നല്‍കും. പേപ്പര്‍ പ്രസന്റേഷന്റെ ഭാഗമായി ലഭിച്ച അബ്‌സ്ട്രാക്ടുകള്‍ സംയോജിപ്പിച്ച് ബുക്ക് ഓഫ് ആബ്‌സ്ട്രാക്ട് കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. അനീഷ് കുര്യന്‍, ഡോ. ഫാ. ബിനോയ് പോള്‍, പ്രശോഭ് പി.കെ, രമ്യശ്രീ.പി എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *