ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് വ്യക്തിത്വ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇടം: പി.കെ കുഞ്ഞാലിക്കുട്ടി

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് വ്യക്തിത്വ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇടം: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി നല്‍കുന്നതിനായി അബുദാബി കെ.എം.സി.സിയുടെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ പ്രിസം എന്ന പേരില്‍ ആരംഭിച്ച തെറാപ്പി യൂണിറ്റ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുര്‍ത്തി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അനിതര സാധാരണമായ പ്രവര്‍ത്തനങ്ങളാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ലോകത്തൊരിടത്തും ശാസ്ത്രീയമായ രീതിയില്‍ കലയും കായികവും തെറാപ്പിയുമെല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകുന്ന മറ്റൊരു സ്ഥാപനമില്ലെന്നും ഭിന്നശേഷിക്കുട്ടികള്‍ക്ക് ഒരു വ്യക്തിത്വമുണ്ടാക്കുവാനുള്ള പരിശ്രമം തീര്‍ച്ചയായും ലോകം അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രതാരവും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍, അബുദാബി കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി, ഇബ്രാഹീം ബഷീര്‍, സെക്രട്ടറി മജീദ് അന്നത്തൊടി, ബിന്‍ നാസര്‍ ഗ്രൂപ്പ് എം.ഡി അബ്ദുള്‍ റഷീദ് കാഞ്ഞിരത്തില്‍, ബീമാപള്ളി റഷീദ്, അഷ്റഫ് കെ.കെ എന്നിവര്‍ പങ്കെടുത്തു. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയരക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും അബുദാബി കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമ്മദ് നന്ദിയും പറഞ്ഞു. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഒരുക്കുന്ന യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് തെറാപ്പി സെന്റര്‍ ആരംഭിച്ചത്. ഭിന്നശേഷി കുട്ടികളുടെ മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സജ്ജീകരണങ്ങളാണ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി ത്രഡ് മില്‍, സി.പി.എം ഡിവൈസ്, ഷോള്‍ഡര്‍ വീല്‍, ഫിംഗര്‍ ലാഡര്‍, ക്രച്ചസ്, വാക്കേഴ്സ്, ആംഗിള്‍ ഫുട് ഓര്‍ത്തോസിസ് തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. ഡോ.ജയലക്ഷ്മി (പി.ടി)യാണ് തെറാപ്പികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഫിസിയോതെറാപ്പിക്ക് പുറമേ കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹേവിയര്‍ തെറാപ്പി, സെന്‍സറി ഇംപ്രൂവ്‌മെന്റ്, ഭാവനാ ശേഷി എന്നിവ വര്‍ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി, ഒരു കുട്ടിയിലുള്ള ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ചരിക്കുവാന്‍ പരിശീലനം നല്‍കുന്നതിനുവേണ്ടി സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെറാപ്പി സെന്ററില്‍ വിദഗ്ധരായ ഫാക്കല്‍റ്റികളുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാണ്. സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്, ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകള്‍ അകറ്റുവാനുള്ള ട്രയിന്‍ യാത്രയും കായിക വികാസത്തിനായി ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്ററും കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്ററും ഇവിടെയുണ്ട്. എല്ലാ സേവനങ്ങളും ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായാണ് ലഭിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *