മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതികളുടെ കൂമ്പാരം

മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതികളുടെ കൂമ്പാരം

മാഹി: പുതുച്ചേരി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷമാകാനിരിക്കെ ആദ്യമായി മയ്യഴി സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്‍.രംഗസ്വാമിക്ക് മുന്നില്‍ പരാതി പ്രളയം. എഴുന്നൂറോളം കി.മീ. അകലെയുള്ള പുതുച്ചേരിയില്‍ നിന്നും പലവട്ടം മന്ത്രിമാര്‍ മയ്യഴിയില്‍ വരാറുണ്ടെങ്കിലും ജനങ്ങളുമായുമുള്ള അഭിമുഖത്തിന് നില്‍ക്കാതെ പോവുകയാണ് പതിവ്. എന്നാല്‍, മുഖ്യമന്ത്രി രംഗസ്വാമി ജനങ്ങളുമായി അഭിമുഖത്തിന് തയ്യാറായപ്പോള്‍ മയ്യഴിയോടുള്ള അവഗണനയെക്കുറിച്ചാണ് മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്നും മാഹി – പുതുച്ചേരി റൂട്ടില്‍ പുതിയ പി.ആര്‍.ടി.സി ബസ് അനുവദിക്കണമെന്നും കൊറോണക്ക് ശേഷം വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കാനിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ വയസിളവ് അനുവദിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ടി.എം സുധാകരന്‍, ദാസന്‍ കാണി, സുരേഷ് പന്തക്കല്‍, ഷിബു ഷൈജപറക്കല്‍, ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വൈദ്യുതി വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേയാണ് ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) നിവേദനം നല്‍കിയത്. കെ.കെ പ്രദീപ്, സി.കെ.സമിന്‍ എന്നിവരാണ് നിവേദനം നല്‍കിയത്. ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്ത
പാസിക്ക്, പാപ്‌സ്‌കോ തുടങ്ങിയ കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കണമെന്നാണ് സി.എസ്.ഒ നേതാക്കളായ കെ.ഹരീന്ദ്രന്‍ കെ.രാധാകൃഷ്ണന്‍, രജീന്ദ്രകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. എന്‍.എച്ച്.എം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷനു വേണ്ടി നിവേദനം നല്‍കിയ എന്‍.മോഹനന്‍, കെ.എം പവിത്രന്‍, സപ്‌ന, കെ.രാമകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് മാഹി മേഖല സംയുക്ത റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ എം.പി ശിവദാസ്, അനുപമ സഹദേവന്‍, ഷിനോജ് രാമചന്ദ്രന്‍, സുജിത്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പോളിടെക്‌നിക്, പി.ഡബ്ല്യു.ഡി വകുപ്പുകളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പി.ഡബ്ലു.ഡി വര്‍ക്കേഴ്‌സ് അസോസിയേഷന് വേണ്ടി വിനീത് നല്‍കിയ നിവേദനത്തല്‍ ആവശ്യപ്പെട്ടു. മാഹിയിലെ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രിയദര്‍ശിനി സോഷ്യല്‍ ആക്ഷന്‍ ഫോറം ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മാസത്തില്‍ ലഭിച്ചിരുന്ന സൗജന്യ അരി, തുണി വിതരണം, യാത്രാബത്ത എന്നിവ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സ്വയംതൊഴില്‍ വായ്പ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി ഹരീന്ദ്രന്‍, ശിവന്‍ തിരുവങ്ങാടന്‍, കെ.കെ പവിത്രന്‍, അജിത.എന്‍, ശ്രീജ .എം, ജയശ്രീ, കനകവല്ലി എന്നിവര്‍ നിവേദനം നല്‍കി.

മയ്യഴിലെ സര്‍ക്കാന്‍ വിദ്യാലങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ അധ്യാപക നിയമനം നടത്താത്തത് വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയാണെന്ന് മാഹി മേഖല സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അധ്യാപക നിയമനം നടത്തുമ്പോള്‍ 40 വയസ് പ്രായം ഉള്ളവരെ പരിഗണിച്ച് നിയമനം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരണമെന്നും രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന യൂണിഫോം തുന്നല്‍ ചാര്‍ജും സൗജന്യ നോട്ട് ബുക്ക് വിതരണത്തിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാനിദ് മോക്കുന്ന്, സന്ദീവ് കെ.വി, ഷിബു കാളാണ്ടിയില്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *