കടത്തനാട്ടില്‍ ഇനി നാല് നാള്‍ കലാ മാമാങ്കം; മത്സരങ്ങള്‍ അനാരോഗ്യമാകരുത്: മന്ത്രി മുഹമ്മദ് റിയാസ്

കടത്തനാട്ടില്‍ ഇനി നാല് നാള്‍ കലാ മാമാങ്കം; മത്സരങ്ങള്‍ അനാരോഗ്യമാകരുത്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സ്‌കൂള്‍ കലോത്സവങ്ങള്‍ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 61ാമത് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവം വടകര സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുകളുടെ മാറ്റുരക്കലാണ് ഇവിടെ നടക്കുന്നത്. വിവിധ സ്‌കൂളിലെ പ്രതിഭകളാണ് മത്സരിക്കുന്നത്. വിജയവും പരാജയവും ഉണ്ടാകും. മെറിറ്റ് അടിസ്ഥാനമാക്കിയാണ് വിധി നിര്‍ണയം, ഇതാണ് കാലങ്ങളായി തുടരുന്നത്. മികവുറ്റ സംഘാടന പാരമ്പര്യമുള്ളവരാണ് കടത്തനാട്ടുകാര്‍, കലോത്സവം മികവുറ്റതാക്കുമെന്ന് ഉറപ്പാണ്. എല്ലാവരുടെയും കഴിവുകള്‍ ഒത്തുചേരുമ്പോള്‍ അതൊരു വലിയ ഉത്സവമായി മാറും. അതാണ് സ്‌കൂള്‍ കലോത്സവത്തിന്റെറ പ്രത്യേകത.
കൊവിഡ് കാരണം ഒരിടവേളയ്ക്ക് ശേഷമാണ് നമുക്ക് വീണ്ടും ഒത്തുചേരാനും ആഘോഷിക്കാനും സാധിക്കുന്നത്. കൊവിഡ് നല്‍കിയ ഇടവേളകള്‍ കൂട്ടായ്മയെ മികവുറ്റതാക്കാന്‍ കഴിഞ്ഞു. ജില്ലയെ സംബന്ധിച്ച് ഈ കലോത്സവ പരിപാടി ഇവിടെ അവസാനിക്കുന്നില്ല. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുകയാണ്. പുതിയകാലത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒറ്റക്കെട്ടായി സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കാന്‍ നമുക്ക് സാധിക്കണം. സ്‌കൂള്‍ കലോത്സവങ്ങള്‍ കൂട്ടായ്മയുടെ വിജയമാണ് നല്‍കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസുകളാണ് കലോത്സവങ്ങളെ വിജയത്തിലെത്തിക്കുന്നത്. ഏത് മതത്തിലുള്ളവരും മതരഹിതരും ഒരുപോലെ ഏറ്റെടുക്കുന്ന സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ആ നിലയിലും ഏഷ്യയ്ക്ക് മാതൃകയാണ് കലോത്സവമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കലോത്സവത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചരണവും നടക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ പിടിമുറുക്കാന്‍ സാധ്യതയേറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയായി. എം.എല്‍.എമാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍, ജനപ്രതിനിധികളായ കെ.കെ വനജ, സിന്ധു പ്രേമന്‍, പി. സജീവ് കുമാര്‍, പ്രേമകുമാരി, ആര്‍.ഡി.ഡി പി.എം അനില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കിം മറ്റ് ജനപ്രതിനിധികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *