ഓണം മലയാളികളുടെ ഉത്സവകാലം’ നല്ലനാളുകളെക്കുറിച്ചുള്ള ഓർമ്മകൾ

ചക്രവർത്തിയോട് മൂന്നടിചോദിച്ച വാമനൻ ആദ്യ രണ്ടടികൊണ്ട് ഭൂമിയും, ആകാശവും, സ്വർഗ്ഗവും എല്ലാം അളന്നുവെന്നാണ് വിശ്വാസം. തൃക്കാക്കരയിലാണ് കേരളത്തിലെ പ്രശസ്തമായ വാമനക്ഷേത്രം.ഇന്ന് ഓണവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും രീതികളും വെറും പ്രഹസനമായി മാറുന്നുണ്ടോ എന്ന് ചിന്തിക്കാൻ തുടങ്ങുന്നിടത്ത് നമുക്ക് ഓണം ഒരു ബാദ്ധൃതയായിമാറുന്നു. ഓണക്കോടി, ഓണപ്പുടവ ആഢ്യത്വം വിളമ്പാൻ ബന്ധുക്കൾക്ക് അവസരം. കുട്ടികളെപ്പോലെ മുതിർന്നവർക്കും ഓണം ഒരു ത്രില്ലാണ്.മാവേലിതമ്പുരാന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന പ്രജകൾ തിരുവോണ ദിവസം ആയാസകരമായ ജോലികളിൽ ഏർപ്പെടാറില്ല. കുട്ടികളെപ്പോലെ തുമ്പികൾക്ക് ഓണക്കാലവും പൂക്കളുമായി അഭേദ്യമായൊരു പങ്കുണ്ട്. അതുകൊണ്ടാവാം ഓണവുമായി ബന്ധപ്പെട്ട് തുമ്പിപ്പാട്ടുകളും തുമ്പിതുള്ളലുമൊക്കെ ഉണ്ടായത്.

നാട്ടിൻപുറത്തെ ഓണാഘോഷങ്ങൾ

തുമ്പിതുള്ളൽ

”കന്യകയായൊരു പെൺകുട്ടിയെ തലയിലൂടെ തുണിപുതപ്പിച്ചിരുത്തി ചുറ്റും വട്ടമിട്ടിരുന്ന് തുമ്പിപ്പാട്ടു പാടുകയാണ്. ”എന്താ തുമ്പീതുള്ളാത്തു, പൂവും തേനും പോരാഞ്ഞോ”… പാട്ട് മൂർദ്ധനൃതയിലെത്തുമ്പോൾ അവ്യക്തമായ ഒരുൾപ്രേരണയാൽ കനൃകയായ തുമ്പി കലിബാധിച്ച് തുള്ളുകയായി. ആരോഹണത്തിൽ. നിന്നും അവരോഹണത്തിലേക്ക് കടന്നുവരുംതോറും തുമ്പിപ്പെണ്ണിനു വിറയൽ മാറുന്നു. മുതിർന്നവരുടെ ഇടപെടലിൽ തുമ്പികൾ പറന്നുപോകുകയായി.

കൈകൊട്ടിക്കളി 

കൈക്കൊട്ടിക്കളിയുടെ കേളിയുണരുന്നത് പ്രധാനമായും കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്. എഴുതിച്ചേർത്ത വരികളോ, പക്കമേളങ്ങളോ ഇല്ലാതെ തലമുറകളിൽ നിന്നും വായ്പ്പാട്ടിന്റെ ഈണത്തിലൂടെ തലമുറകൾ ഹൃദിസ്ഥമാക്കിയ ശീലുകൾ കാതോർത്താൽ ഒട്ടനവധി തന്തുക്കൾ കണ്ടെത്താനാകും.

വിനോദ സഞ്ചാര സാധ്യത

ഭൂമിശാസ്ത്രപരമായ അനുഗ്രഹങ്ങളും വിനോദസഞ്ചാരത്തിന്റെ വിപുലമായ സാധ്യതകളും കൂടി ചേർന്നപ്പോൾ കേരളത്തിൽ ഓണം ജലോത്സവങ്ങളായി. അവ ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടുകയും ചെയ്തു.

പുലികളി 

മധ്യകേരളത്തിൽ തൃശ്ശൂരിൽ പുലികളിയാണ് അരങ്ങേറുന്നത്. തെക്കൻ കേരളത്തിൽ കടുവാകളിയാണ് പ്രധാന വിനോദങ്ങളിൽ ഒന്ന്. പുലികളിക്ക് – മഞ്ഞയും കറുപ്പും ചായത്തിൽ പുലിവേഷം കെട്ടിയ ചെറുപ്പക്കാർ നാലോണത്തിന് നഗരത്തിലിറങ്ങും. നഗരം പിന്നെ ഉത്സവത്തിമിർപ്പിലാകും.

കടുവാകളി 

കുടുവാവേഷം കെട്ടിയ നാലഞ്ചു ചെറുപ്പക്കാർ വീടുവീടാന്തരം കയറിയിറങ്ങി – ഒപ്പം ചെണ്ടമേളവുമുണ്ടാകും. കടുവകൾക്കൊപ്പം തോക്കുധാരിയായ ഒരു വേട്ടക്കാരനുമുണ്ടാകും. കടുവാകളിക്കൊടുവിൽ വേട്ടക്കാരൻ ഓരോ കടുവയെ വീതം വെടിവെച്ചിടുന്നതോടെ ഓരോ കടുവാകളിയും
അവസാനിക്കും.

”മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ – പൊളിവചനം…’

തിരുവോണം അടുക്കുന്തോറും ചന്ദ്രന് ഒരു പ്രത്യേക കാന്തിയാണ്. അന്തരീക്ഷത്തിന് സുഖകരമായ കുളിരും കലമാൻപോലെ വെൺമേഘങ്ങൾ ഊളിയിട്ടുപോകുന്ന നിലാവിൽ തെളിഞ്ഞ ആകാശം മനോഹരം. നോക്കി നിന്നാൽ മതിവരില്ല. അത്തം കറുത്താൽ ഓണം വെളുക്കും. അത്തം വെളുത്താൽ ഓണം കറുക്കും എന്നതാണ് ചൊല്ല്. അതായത് അത്തത്തിന്റെ ദിവസം കാർമേഘങ്ങളാൽ ആകാശം മൂടപ്പെടുകയും മഴപെയ്യുകയും ചെയ്താൽ തിരുവോണ നാളിൽ തെളിഞ്ഞ ആകാശമായിരിക്കും. മലയാളിക്ക് അഭിമാനപൂർവ്വം പറയാം. ഇത് മലയാളിക്ക് മാത്രം അവകാശപ്പെട്ട ഉത്സവമാണെന്ന്.

അത്തപ്പുക്കളം 

പൂക്കളിൽ പ്രഥമസ്ഥാനീയനാണു തുമ്പപ്പൂ, തെച്ചി, മുല്ല, ചെമ്പകം, മുക്കുറ്റി, ജമന്തി, മന്ദാരം, നന്ത്യാർവട്ടം, കോളാമ്പി, പിച്ചകം, തൊട്ടാവാടി തുടങ്ങിയ നാടൻ പൂക്കളും വൈവിദ്ധ്യമാർന്ന നിറങ്ങളുള്ള ഇലകളും പൂക്കുറ്റിയുടേതുപോലുള്ള പൂക്കളും മറ്റുമൊക്കെ. പള്ളിക്കൂടം വിട്ടുവന്നാൽ കുട്ടികൾ പൂവിറുക്കാൻ പുറപ്പെടുകയായി.

””പൂവിറുക്കാൻ പോരണോ …
പോരണം ഇമ്മിണി രാവിലെ…”
എന്ന് പാടി സംഘങ്ങളായി നീങ്ങുന്നകൂട്ടികൾ.

സുഭിക്ഷ ഓണം – പൊന്നോണം

മനുഷ്യരെല്ലാരും ഒന്നുപോലെ ജീവിക്കുകയെന്നുള്ളത് ഒരു സ്വപ്നമാണ്. അത് എല്ലാ സമൂഹത്തിന്റെയും ഒരു സ്വപ്നമാണ്. അങ്ങനെ വരുന്ന ഒരു ഭാവിയെപിടിച്ച് ഭൂതമാക്കി – വർത്തമാനകാലത്തിൽ അതിന് സാധ്യതയില്ലാത്തതുകൊണ്ടാണ്, ഭൂതകാലമാക്കിയത്. അതാണ് ശരിക്കും പറഞ്ഞാൽ ഓണം. മാവേലി എന്ന അസുര ച്രക്രവർത്തി ജീവിച്ചിരുന്നെന്നും മറ്റുമുള്ള ഐതിഹ്യങ്ങൾ ഉണ്ടാകുന്നത്, അതിന് പുറത്താണ്. മലയാളിയുടെ ഒരു വൈഭവമാണിത്. എത്ര ഉദാത്തമായ സങ്കൽപ്പത്തിന്റെ ഓർമ്മകളാണ് ഓരോ ഓണക്കാലത്തും മലയാളി നെഞ്ചേറ്റി ആഘോഷിക്കുന്നത്. ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. അസമത്വത്തിന്റെ യുഗത്തിൽ സമത്വത്തെക്കുറിച്ചുള്ള മോഹവും അസത്യങ്ങളുടെ കാലത്ത് സത്യത്തിന് വേണ്ടിയുള്ള കൊതിയുമായിരുന്നു നമുക്കോണം.

മഹാബലി

അസൂരച്ക്രവർത്തിയായിരുന്നു മഹാബലി. ദേവഗണങ്ങൾക്ക് നേർവിപരീതം എന്നപോലെയുള്ളവരാണ് അസുരന്മാരെന്നാണ് പൊതുവെ പറഞ്ഞുകേൾക്കുന്നത്. പക്ഷേ ദേവഗണങ്ങളെ വെല്ലുന്ന വൈശിഷ്യങ്ങളുടെ ഉടമയായിരുന്നു മഹാബലി. എല്ലാം പ്രജകൾക്കുവേണ്ടി സമർപ്പിച്ച ഭരണാധികാരി. വ്ൃക്തിശുദ്ധിയുടെ നിറകുടം. ഭരണനൈപുണ്യംകൊണ്ടും സ്വഭാവമഹിമകൊണ്ടുംകീർത്തികേട്ട മഹാബലിത്തമ്പുരാൻ ദേവസിംഹാസനത്തിന് പോലും ഭീഷണിയായപ്പോഴാണ് ദേവസ്തുതികേട്ട് പ്രസാദിച്ച മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളവാസത്തിന് പറഞ്ഞയച്ചെന്നാണ് ഐതിഹ്യം. സത്യവും, സ്‌നേഹവും, സമത്വവും, നൈതികതയും കൈകോർത്തുനിന്നിരുന്ന സമാധാനപൂർണ്ണവും സുഭിക്ഷവുമായിരുന്ന ഒരു സമ്പൂർണ്ണകാലഘട്ട ത്തിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ട് ഓണം നമ്മളിൽ എത്തുന്നു.
സൃഷ്ടിയും, സ്ഥിതിയും, സംഹാരവും ദൈവീകമായ ഈശ്വരനിൽ നിക്ഷിപ്തമായിരിക്കുന്നു. എന്നാൽ ഭൂമിയിൽ പരോക്ഷമായി മനുഷ്യൻ അത് നിർവ്വഹിക്കപ്പെടുന്നു. സൃഷ്ടി സ്വർഗ്ഗത്തിൽ നിന്നുവരുന്നു. സ്ഥിതിയെ മനുഷ്യനോടും, അവന്റെ കർമ്മങ്ങളോടും ഉപമിക്കാം. സുര്യൻ ലോകത്തിന് മുഴുവൻ പ്രകാശം നൽകുന്നു. ഇരുട്ടിനെ അകറ്റുന്നു. നദികൾ ജലം നൽകിക്കൊണ്ട് ഒഴുകുന്നു. മണ്ണ് അന്നം നൽകുന്നു. അഗ്‌നി തേജസ്സാണ്. മനുഷ്യനിൽ നിന്ന് സൽക്കർമ്മങ്ങളാണ് പ്രപഞ്ചം ആഗ്രഹിക്കുന്നത്. ആകാശത്തിനു, സമുദ്രത്തിനു അതിർത്തി നിശ്ചയിച്ചവൻ സർവ്വശക്തനായ പ്രപഞ്ചസൃഷ്ടാവ്. എല്ലാറ്റിനുമുപരി ഈശ്വരചൈതന്യം മനസ്സിൽ നിറയണം. ദിവ്യമായ ജ്ഞാനത്തിൽ ലയിക്കണം.
മതേതരത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം. ഇവിടെ ഹിന്ദുവില്ലാ, മുസ്ലീമില്ലാ, ക്രിസ്ത്യാനിയുമില്ല. മാനവികതയുടെ ഏകത്വം നാമിവിടെ കാണുന്നു. പിന്നെ ഐതിഹ്യവുമായി ബന്ധപ്പെട്ട് മാവേലി തമ്പുരാൻ നാടിന്റെ സമൃദ്ധിക്ക് പ്രജകളുടെ സന്തോഷവും കണ്ട് കൺകുളിർത്ത് മടങ്ങുമ്പോൾ കള്ളവും കപടവുമില്ലാതെ പോയകാലത്തിന്റെ സ്മൃതികളുമായി ഇനിയുള്ള വർഷങ്ങളിലും ചിങ്ങമാസത്തിലെ തിരുവോണനാളിൽ കേരളംകാത്തു നിൽക്കും – മാവേലിമന്നന്റെ അനിതര സാന്നിദ്ധ്യം … ! ചിങ്ങമാസത്തിലെ പൊന്നോണം – തിരുവോണം !

പ്രേമചന്ദ്രൻനായർ കടയ്ക്കാവൂർ
Share

Leave a Reply

Your email address will not be published. Required fields are marked *