ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷന്‍ ശില്‍പശാലയില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ മലയാളിയായ കിഷോര്‍ കുമാര്‍

ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷന്‍ ശില്‍പശാലയില്‍ ഇന്ത്യയെ പ്രതിനിധികരിക്കാന്‍ മലയാളിയായ കിഷോര്‍ കുമാര്‍

കോഴിക്കോട്: ഏഷ്യന്‍ പ്രൊഡക്റ്റിവിറ്റി ഓര്‍ഗനൈസേഷന്‍ അംഗരാജ്യങ്ങളിലെ ഡിജിറ്റല്‍ പരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യു.എല്‍.എല്‍.സി.സി.എസ്) ചീഫ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ കിഷോര്‍കുമാര്‍. ഇന്ത്യയുടെ രണ്ടു പ്രതിനിധികളില്‍ ഒരാളാണ് ഇദ്ദേഹം. വിയറ്റ്‌നാമിലെ ഹോചിമിന്‍ഹില്‍ ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെയാണു ശില്‍പശാല. ന്യൂഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(NLCF)യുടെ ഡയരക്ടറാണ് കിഷോര്‍ കുമാര്‍. രാജ്യത്തെ 47,000ത്തോളം സഹകരണ സ്ഥാപനങ്ങളുടെ ഉന്നതസമിതിയായ എന്‍.എല്‍.സി.എഫിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രതിനിധിയാണ് ഇദ്ദേഹം. യുവാക്കളെ സഹകരണമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമിതികളിലും അംഗമാണ്. കേന്ദ്ര സഹകരണമന്ത്രാലയം രൂപവല്‍ക്കരിച്ച ഉപദേശകസമിതി ഉള്‍പ്പെടെ വിവിധ ദേശീയ സമിതികളില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

യു.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനയാത്രകളില്‍ കിഷോര്‍ കുമാര്‍ അംഗമായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇറാന്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സഹകരണമേഖലക്ക് നൂതനാശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ സഹകരണമേഖലയെ പ്രതിനിധാനം ചെയ്ത് വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ ക്ഷണപ്രകാരം ഇംഗ്ലണ്ടും സന്ദര്‍ശിച്ചിട്ടുണ്ട്. തൊഴില്‍മന്ത്രി ആയിരിക്കെ ടി.പി രാമകൃഷ്ണന്‍ ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ ആ സംഘത്തിലും ഇദ്ദേഹം അംഗമായിരുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി അംഗരാജ്യങ്ങള്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കല്‍, രാജ്യങ്ങളുടെ മുന്‍കൈകളുടെ ഫലപ്രാപ്തി ചര്‍ച്ച ചെയ്യല്‍, ഈ തന്ത്രങ്ങളുടെ നിര്‍വ്വഹണത്തിലെ നല്ല സമ്പ്രദായങ്ങള്‍ സ്വാംശീകരിക്കല്‍ തുടങ്ങിയവയ്ക്കുള്ള വേദിയാണ് ശില്‍പശാല. വിയറ്റ്‌നാമിലെ സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഡയരക്ടറേറ്റാണ് ശില്‍പശാലക്ക് ആതിഥ്യം ഒരുക്കുന്നത്.

പരസ്പരസഹകരണത്തിലൂടെ ഏഷ്യ-പസഫിക് മേഖലയില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി 1961-ല്‍ ജപ്പാന്‍ ആസ്ഥാനമായി സ്ഥാപിച്ച സര്‍ക്കാരാന്തര സംഘടനയാണ് ഏഷ്യന്‍ പ്രൊഡക്ടിവിറ്റി ഓര്‍ഗനൈസേഷന്‍ (എ.പി.ഒ). ഏഷ്യന്‍ മേഖലയുടെ സുസ്ഥിര സാമൂഹിക സാമ്പത്തിക വികസനത്തിനായി നയ ഉപദേശക സേവനങ്ങള്‍ നല്‍കുക, പൊതുചിന്താധാര ഒരുക്കുക, വ്യവസായം, കൃഷി, സേവനം, പൊതുമേഖല എന്നിവയില്‍ മികച്ച സംരംഭങ്ങള്‍ ഏറ്റെടുക്കുക, മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയ്ക്കായി ദേശീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ അംഗസമ്പദ്വ്യവസ്ഥകളെ സഹായിക്കുക, ഗവേഷണവും മികവിന്റെ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ സ്ഥാപനപരമായ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് എ.പി.ഒയുടെ ലക്ഷ്യങ്ങള്‍. ബംഗ്ലാദേശ്, കംബോഡിയ, റിപ്പബ്ലിക് ഓഫ് ചൈന, ഫിജി, ഹോങ്കോംഗ്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ലാവോ പിഡിആര്‍, മലേഷ്യ, മംഗോളിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, തുര്‍ക്കിയെ, വിയറ്റ്‌നാം എന്നിവ ഉള്‍പ്പെടുന്ന 21 സമ്പദ്വ്യവസ്ഥകളാണ് നിലവിലെ അംഗങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *