ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹാരണെന്ന് സുപ്രീം കോടതി. എന്‍ട്രിക ലക്‌സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ 2012ലാണ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയത്. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കൊപ്പം ബോട്ടുടമയ്ക്കും രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങള്‍ക്കും അവകാശപെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹരജിയിലാണ് കോടതി തീരുമാനം.
കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒന്‍പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നാണ് സുപ്രീംകോടതി വിധി. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ ജസ്റ്റിസ് എം.ആര്‍ ഷാ, എം.എം സുന്ദരേശ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതി നിര്‍ദേശം. ബാക്കിയുള്ള 1.45 കോടി രൂപ ഉടമയ്ക്ക് കൈമാറണം. ഒന്‍പത് പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാല്‍ ഇവരുടെ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിര്‍ദേശം നല്‍കി.
മത്സ്യത്തൊഴിലാളികളില്‍ മരിച്ച ജോണ്‍സണന്റെ വിധവയ്ക്ക് തുക കൈമാറാനും നിര്‍ദേശമുണ്ട്. തുക കൃത്യമായി വിതരണം ചെയ്യാനും കേരള ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കിയതോടെ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
നഷ്ടപരിഹാര തുകയായ 10 കോടി രൂപ വിതരണം ചെയ്യാന്‍ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കാനായിരുന്നു നിര്‍ദേശം. കേസില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി അഭിഭാഷകരായ ജഗ്ജിത് സിംഗ് ഛബ്ര, സാക്ഷം മഹേശ്വരി എന്നിവര്‍ വാദിച്ചു. ബോട്ട് ഉടമയ്ക്കായി അഭിഭാഷകരായ കെ. പരമേശ്വര്‍, കാര്‍ത്തിക് അശോക്, സ്മൃതി സുരേഷ്, ഹര്‍ഷ് ഖാന്‍, ശ്രീപ്രിയ .കെ എന്നിവര്‍ ഹാജരായി. സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ശൊങ്കര്‍, ആലിം അന്‍വര്‍ എന്നിവരും ഹാജരായിരുന്നു.