തുടക്കം ഗംഭീരമാക്കി കാനറികള്‍

തുടക്കം ഗംഭീരമാക്കി കാനറികള്‍

സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍

ദോഹ: സെര്‍ബിയക്കെതിരേ കഴിഞ്ഞ ദിസം ബ്രസീല്‍ കളിക്കാനിറങ്ങുമ്പോള്‍ കാനറിപ്പടയുടെ ആരാധകരുടെ മനസ്സ് തെല്ലൊന്ന് ഭയന്നിരിക്കാം കാരണം ഈ ലോകകപ്പില്‍ അട്ടിമറികള്‍ പുതമയില്ലാത്ത കാഴ്ചയായിമാറിയിരിക്കുന്നു. കരുത്തരായ ആര്‍ജന്റീനയും ജര്‍മനിയും മുട്ടുകുത്തിയത് സാമാന്യം ചെറിയ ടീമുകളായ സൗദി അറേബ്യയോടും ജപ്പാനോടുമാണ്. സൗദിയും ജപ്പാനും ആവര്‍ത്തിച്ചത് സെര്‍ബിയയും തുടരുമെന്ന് എതിര്‍ഭാഗത്തുള്ള ആരാധകര്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താക്കി കൊണ്ടാണ് ബ്രസീല്‍ ആദ്യമത്സത്തില്‍ മിന്നും വിജയം നേടിയത്. ഫിഫ റാങ്കിങ്ങില്‍ ഒന്നാമതുള്ള ടീമിന്റെ പ്രൗഢ ഗംഭീരമായ മികവിനാണ് കഴിഞ്ഞദിവസം കളിയാരാധകര്‍ സാക്ഷ്യം വഹിച്ചത്. മനോഹരമായ രണ്ടു ഗോളുകളിലൂടെ ആരാധകരുടെ മനം നിറച്ചു കാനറിപ്പട. മത്സരത്തില്‍ മേധാവിത്വം ബ്രസീലിനായിരുന്നുവെങ്കിലും ആദ്യ പകുതിയില്‍ ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തു നിര്‍ത്താന്‍ സെര്‍ബിയക്കായി.

പല മികച്ച മുന്നേറ്റങ്ങളും സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ വാഞ്ചാ മിലിനിക്കോവിച്ചും സെര്‍ബിയന്‍ പ്രതിരോധ നിരയും തടഞ്ഞു നിര്‍ത്തി. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ സെര്‍ബിയയുടെ ഹാഫിലേക്ക് മാത്രമായി കളി ചുരുങ്ങി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ബ്രസീല്‍ നടത്തിക്കൊണ്ടേയിരുന്നു. പലതും ഗോളി കൈക്കലാക്കുകയും ഗോള്‍പോസ്റ്റില്‍ തട്ടിയും ലക്ഷ്യം തെറ്റി. 62ാം മിനിട്ടില്‍ ബ്രസീലിയന്‍ ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി വിനിഷ്യന്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത അവസരം റിച്ചാര്‍ലിസന്‍ ഗോളാക്കിമാറ്റി. സ്‌റ്റേഡിയത്തില്‍ നിന്ന് ആരവങ്ങള്‍ മുഴങ്ങി തുടങ്ങി.

പിന്നീടങ്ങോട്ട് സെര്‍ബിയ ചിത്രത്തിലുണ്ടായിരുന്നില്ല. ഉണര്‍ന്നു കളിച്ച ബ്രസീല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ 73ാം മിനിട്ടില്‍ ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ പിറന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ഗോളിന് ലോകം സാക്ഷിയായി. ഇത്തവണയും വിനീഷ്യന്‍ ജൂനിയര്‍ തന്നെയായിരുന്നു അസിസ്റ്റ് ചെയ്തത്. മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ റിചാര്‍ലിസന്‍ രണ്ടാമതും സെര്‍ബിയന്‍ വല കുലുക്കി. തിരിച്ചടിക്കാന്‍ സെര്‍ബിയ ശ്രമിച്ചങ്കിലും ബ്രസീലിന്റെ പ്രതിരോധം അതിന് വിലങ്ങു തടിയായി. അതേ സമയം നെയ്മറിന്റെ പരുക്ക് ബ്രസീലീനെ ആശങ്കയിലാക്കുന്നുണ്ട്. മത്സരത്തില്‍ ഒമ്പത് തവണയാണ് സൂപ്പര്‍ താരം ഫൗള്‍ ചെയ്യപ്പെട്ടത്. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടിരിക്കുന്ന താരമായും നെയ്മര്‍ മാറി. തുടരെ തുടരെ താരത്തെ ലക്ഷ്യമിട്ട് ഫൗളുകള്‍ പിറന്നുകൊണ്ടേ ഇരുന്നു. കണങ്കാലിന് പരുക്കേറ്റാണ് നെയ്മര്‍ മൈതാനം വിട്ടത്. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്ത് വന്നത്. ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *