കോഴിക്കോട്: ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ വേങ്ങേരി സ്വദേശിനി സത്യഭാമയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണ്. റോട്ടറി ഡിസ്ട്രിക്റ്റ് 3204ന്റെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ താക്കോല്‍ 27ന് ഞായര്‍ രാവിലെ 11.30ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള കുടുംബത്തിന് കൈമാറുമെന്ന് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്നം അധ്യക്ഷനാകും. റോട്ടറി ക്ലബ്ബ് 3204 അസി. ഗവര്‍ണ്ണര്‍ ഡോ. സേതു ശങ്കര്‍ മുഖ്യതിഥിയാകും വേങ്ങേരി കാട്ടില്‍ പറമ്പത്ത് വീട്ടില്‍ നാല് സെന്റ് ഭൂമിയില്‍ നാട്ടുകാരുടെ സഹായത്തോടെ പണിത ഒറ്റമുറി വീട്ടിലായിരുന്നു ടി.എം സത്യഭാമയും അസുഖ ബാധിതനായ സഹോദരന് ടി.എം ജയരാജും ഭാര്യ പ്രേമയും വിദ്യാര്‍ഥിയായ മകന് ഗോവിന്ദും താമസിച്ചത്. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ട കോര്പറേഷന് കൗണ്‍സിലര്‍ ഒ.സദാശിവന് റോട്ടറി സൗത്ത് ക്ലബുമായി ബന്ധപ്പെട്ടതോടെയാണ് സത്യഭാമയുടെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. സന്നദ്ധ സംഘടനകള്‍ വീട് നിര്‍മിച്ച് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് അമ്മ എടപടത്തില്‍ ശകുന്തളയുടെ ഓര്‍മ്മയ്ക്കായി വീട് പണി ഏറ്റെടുക്കുകയായിരുന്നുവെന്ന് റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്നം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പ്രോഗ്രാം ചെയര്മാന് ടി.കെ രാധാകൃഷ്ണന് , റോട്ടറി സൗത്ത് മുന്‍ പ്രസിഡന്റ് പി സി.കെ രാജന്, ഭാവന് ദേശായി എന്നിവരും പങ്കെടുത്തു.