ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ നാലിന് തന്നെ ആചരിക്കണം
കോഴിക്കോട്: ജ്യോതിഷ വിഷയം സര്‍വ്വകലാശാലകളില്‍ പാഠ്യവിഷയമാക്കിയത് പോലെ സ്കൂള്‍ പാഠ പുസ്തകത്തില്‍ ജ്യോതിഷ പഠനം ഉള്‍പ്പെടുത്തണമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ജ്യോതിഷ സഭ ഭാരവാഹികള്‍ , കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജ്യോതിഷ വിഷയത്തെക്കുറിച്ചുള്ള തെറ്റായ ധാരണ അവസാനിപ്പിക്കാന്‍ ഇതാണ് മികച്ച മാര്‍ഗം. മന്ത്രവാദവും ദുര്‍മന്ത്രവാദവും തിരിച്ചറിയേണ്ടതുണ്ട്. 95 ശതമാനം ജനങ്ങളും അന്ധ വിശ്വാസത്തിന് അടിമകളാണ്. ഇതില്‍ അഭ്യസ്ഥവിദ്യരും പുരോഗമന ചിന്താഗതിക്കാരും ഉള്‍പ്പെടുന്നത് കേരളത്തിന് അപമാനകരമാണ്. മനുഷ്യ മനസിലെ അന്ധവിശ്വാസത്തെ ബോധവല്‍ക്കരണത്തിലൂടെ മാത്രമെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് ജ്യേതിഷത്തെ ശാസ്ത്രീയമായി സമീപിക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജ്യോതിഷ ബോര്‍ഡ് രൂപീകരിച്ച് അന്ധവിശ്വാസ നിരോധന ബില്‍, വിധിയുടെ അടിസ്ഥാനത്തിലാക്കണം. ജനജീവിതത്തിന് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന് കൊടുക്കുന്ന ജ്യോതിഷത്തെ അന്ധവിശ്വാസ നിരോധന ബില്ലില്‍ ഉള്‍പ്പെടുത്തി നിരോധിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.
2004 ജൂണ്‍ അഞ്ചിന് പ്രസ്ഥാവിച്ച സുപ്രീം കോടതി വിധിന്യായത്തില്‍ ജ്യോതിഷം ശാസ്ത്രമാണെന്നും ഫലപ്രവചനങ്ങള് ശാസ്ത്രീയമായി ഗ്രഹങ്ങളെയും രാശികളെയും നക്ഷത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠനം നടത്തിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജ്യോതിഷം ഗ്രഹഗോള ഗണിത ശാസ്ത്ര ശാഖയാണ്. അന്ധവിശ്വാസത്തിന് എതിരുമാണ്. മുഹൂര്‍ത്തം, പ്രശ്നം, നിമിത്തം , ഗോളം എന്നിവ ഉള്‍പ്പെടുന്ന വേദാംഗ ജ്യോതിശാസ്ത്രം തികച്ചും ജനോപകാരപ്രദവും ജനക്ഷേമപരവുമാണ്. ജ്യോതിഷ ശാഖയെ സങ്കുചിത താല്‍പ്പര്യക്കാര്‍ അവഹേളിച്ച് കൊണ്ടിരിക്കുന്നു. ഇലന്തൂരില്‍ അറബി മാന്ത്രികനും വീട്ടമ്മയും ചെയ്ത ക്രൂര കൃത്യത്തിന് ജ്യോതിഷ പണ്ഡിതരെ ഒറ്റപ്പെടുത്തി. താന്ത്രികത്തിന്റെ മറവില്‍ ആഭിചാര കൃത്യം ചെയ്യുന്നവര്‍, രോഗശാന്തി ശുശ്രൂഷയെന്ന തട്ടിപ്പ്, ബലി കൊടുത്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് വിശ്വസിപ്പിക്കല്‍, ഉപദ്രവിച്ച് ബാധ ഒഴിപ്പിക്കല്‍ തുടങ്ങിയവ നിരോധനത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ജ്യോതിഷത്തെ നിരോധിക്കണമെന്ന് പറയുന്നവര്‍ കലണ്ടറും ദേവസ്വം ബോര്‍ഡ് തയ്യാറാക്കുന്ന പഞ്ചാംഗവും ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്മാന് ബേപ്പൂര്‍ ടി.കെ മുരളീധരന് പണിക്കര്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ നാലിന് തന്നെ ആചരിക്കണമെന്ന തീരുമാനം ജ്യോതിഷ പണ്ഡിതര്‍ സംയുക്തമായി അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി വൈസ് ചെയര്മാന് ചെലവൂര്‍ ഹരിദാസന് പണിക്കര്‍, ജ്യോതിഷ സഭാ ചെയര്മാന് എം.പി വിജീഷ് പണിക്കര്‍ , ജനറല്‍ സെക്രട്ടറി മൂലയില്‍ മനോജ് പണിക്കര്‍, സെക്രട്ടറി തിക്കോടി വത്സരാജന്‍ പണിക്കര്‍ എന്നിവരും പങ്കെടുത്തു.