കോഴിക്കോട്:കുന്ദമംഗലം മണ്ഡലത്തിലെ ജലജീവൻ പദ്ധതി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മാവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജലജീവൻ പദ്ധതി പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻറെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. പ്രവൃത്തികൾ നടന്നുവരുന്ന പൊതുമരാമത്ത് റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി നടത്തുന്നതിന് മുൻഗണന നൽകാനും ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയിൽ എട്ട് പഞ്ചായത്തുകൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ തയ്യാറാക്കിയ പദ്ധതി ടാങ്കിന് സ്ഥലം ഏറ്റെടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികൾ നടത്തുന്നതിൽ നിലവിലുള്ള തടസങ്ങൾ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങൾ റവന്യു ഉദ്യോഗസ്ഥർക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികൾ സ്വീകരിക്കുന്നതിനും ധാരണയായി.
ഗ്രാമപഞ്ചായത്ത് തലത്തിൽ ജലജീവൻ, കെ.ഡബ്ല്യു.എ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നതിനും അതാത് പ്രദേശങ്ങളിലെ വിഷയങ്ങൾ പരിഹരിക്കുന്നതിനും മറ്റുതരത്തിലുള്ള തടസ്സങ്ങൾ കണ്ടെത്തുന്നപക്ഷം അക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിനും എം.എൽ.എ നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.രഞ്ജിത്, ഓളിക്കൽ ഗഫൂർ, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കെ.ഡബ്ല്യു.എ, ജലജീവൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് റോഡ്, റവന്യൂ, എൽ.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.