കോഴിക്കോട്: മതന്യൂനപക്ഷങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കുമെതിരേ നീങ്ങുന്ന മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ സെക്രട്ടറി അനുചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം രാജ്യത്ത് മൂര്‍ധന്യാവസ്ഥയിലാണ്. പാചകവാതക വില നാലക്കം കടന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് സബ്‌സിഡികള്‍ ഒന്നും നല്‍കുന്നില്ല. ട്രെയിനില്‍ സീനിയര്‍ സിറ്റിസണ്‍സിനുണ്ടായിരുന്ന കണ്‍സഷന്‍ എടുത്തു കളഞ്ഞിരിക്കുന്നു. പൊതുഗതാഗത മേഖലയെ സ്വകാര്യവല്‍ക്കരിച്ചത് വഴി ജനങ്ങളുടെ യാത്രാ ചിലവ് ഇരട്ടിയായിട്ടുണ്ട്. ജനക്ഷേമകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നോക്ക് കുത്തിയായി നില്‍ക്കുകയാണ്. നെല്ല് സംഭരണം വൈകിപ്പിച്ച് പുറമേനിന്ന് അരിവാങ്ങുക വഴി അഴിമതിക്ക് കളമൊരുക്കുകയാണെന്നവര്‍ ആരോപിച്ചു. ഗവര്‍ണര്‍ വിഷയം ഫെഡറല്‍ സംവിധാനത്തെ നിര്‍വീര്യമാക്കുന്ന നടപടികളായി മാറുകയാണ്. ജനദ്രോഹ നടപടികള്‍ തിരുത്തിക്കാന്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ മരങ്ങോലി, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, ശ്രീജിത്ത് പേരാമ്പ്ര, ഫിറോസ്ഖാന്‍ എന്നിവരും സംബന്ധിച്ചു.