തിരുവനന്തപുരം: കോവിഡ് 19 ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടർന്ന് നഷ്ടത്തിലായ കുടുംബശ്രീ സംരംഭകർക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന ‘കരുതൽ’ സംസ്ഥാനതല ഉൽപന്ന വിപണന ക്യാമ്പെയന്റെ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകൾ തയ്യാറാക്കി അയൽക്കൂട്ടങ്ങളിൽ വിതരണം ചെയ്യും. കേരളത്തിൽ ആകെ മൂന്ന് ലക്ഷം അയൽക്കൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങൾ ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാമിഷന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണത്തിന് തയ്യാറായി വരികയാണ്. ക്യാമ്പയിൻ സെപ്റ്റംബർ 30ന് അവസാനിക്കും. അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാർ പൊടി, മുളക്‌പൊടി, വെളിച്ചെണ്ണ, അച്ചാർ എന്നിവയുൾപ്പെടെ 21 ഉൽപന്നങ്ങളാണ് കിറ്റിലുള്ളത്. കിറ്റൊന്നിന് 500 രൂപയാണ് ഓരോ അയൽക്കൂട്ട അംഗവും നൽകേണ്ടത്. ഈ തുക പരമാവധി 20 തവണകളായി അയൽക്കൂട്ടങ്ങളിൽ അടച്ചാൽ മതിയാകും. അയൽക്കൂട്ട അംഗങ്ങളല്ലാത്തവർക്കും കുടുംബശ്രീയുടെ കിറ്റ് വാങ്ങാനാകും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ‘കരുതൽ’ ഉൽപന്ന വിപണന ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ അയൽക്കൂട്ട അംഗങ്ങൾക്കു തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് ലക്ഷ്യം. ക്യാമ്പെയ്ൻ വഴി അഞ്ചു കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.