നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടം: 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടം: 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റിനായുള്ള നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്ലിസ്റ്റില്‍ നിന്നും അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്.

ജര്‍മന്‍ ഭാഷാ പരിജ്ഞാനമുള്ളവരെയുള്‍പ്പെടുത്തിയുള്ള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ 632 നഴ്സിങ് പ്രൊഫഷണലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ രണ്ട് മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം. കഴിഞ്ഞ മെയ് മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായ ആദ്യഘട്ട വെയിറ്റിങ് ലിസ്റ്റില്‍നിന്നും 20ഉും ആദ്യബാച്ചില്‍ നിന്നുള്ള 280 ഉദ്യോഗാര്‍ത്ഥികളും ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ നിന്നും ആറും ജര്‍മന്‍ ഭാഷാപഠനം ബി.1 പരീക്ഷക്ക് തയ്യാറെടുക്കുന്നവരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായുള്ള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയില്‍ നിന്നും 24 പേരും രണ്ടാംഘട്ട അഭിമുഖത്തില്‍ നിന്നുള്ള 250 ഉദ്യോഗാര്‍ത്ഥികളും ഉള്‍പ്പെടുന്നതാണ് റാങ്ക് ലിസ്റ്റ്.

രണ്ടാം ഘട്ടത്തില്‍ 300 നഴ്സിങ് പ്രൊഫഷണലുകളെയാണ് ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പഠന നിലവാരവും തൊഴില്‍ പരിചയവും പ്രൊഫഷണല്‍ മികവും കണക്കിലെടുത്താണ് 580 പേരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള ആദ്യ 300 പേരുടെ ജര്‍മന്‍ ഭാഷാ പരിശീലനം അടുത്ത ജൂണില്‍ ആരംഭിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഔദ്യോഗിക ജര്‍മന്‍ ഭാഷാ പഠനകേന്ദ്രമായ ഗോയ്ദേ സെന്ററിലാണ് പരിശീലനം.

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം. കേരളത്തില്‍ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മനിയില്‍ എത്തിയശേഷവുമുള്ള ജര്‍മന്‍ ഭാഷാ പഠനവും യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവ സൗജന്യമാണ്. റിക്രൂട്ട്മെന്റ് സംബന്ധിച്ചും റാങ്ക് ലിസ്റ്റ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ 1800 425 3939 ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *