കൊച്ചി: ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ അഞ്ചാമത് സാഹിത്യ പുരസ്‌കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചു. ഖാലീദ് ജാവേദിന്റെ ‘ദി പാരഡൈസ് ഓഫ് ഫുഡ്’ എന്ന ഉറുദു നോവലിനാണ് പുരസ്‌കാരം. ഇന്ത്യയില്‍ നിലവിലുള്ള സാഹിത്യ സമ്മാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുകയുള്ള സമ്മാനമാണിത്. വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. കൃതി വിവര്‍ത്തനമാണെങ്കില്‍ വിവര്‍ത്തനം ചെയ്ത ആള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ആദ്യ ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 10 കൃതികളായിരുന്നു തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അത് അഞ്ചു കൃതികളായി ചുരുക്കിയതില്‍ നിന്നാണ് ഇപ്പോള്‍ വിജയിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലി-മലയാളത്തില്‍ നിന്ന് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നു. ജയശ്രീ കളത്തിലാണ് വല്ലി വിവര്‍ത്തനം ചെയ്തത്.
വല്ലിക്ക് പുറമേ മനോരഞ്ജന്‍ ബ്യാപാരിയുടെ ഇമാന്‍, ചുഡന്‍ കബിമോയുടെ സോംഗ് ഓഫ് ദി സോയില്‍, ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയുടെ ടോംബ് ഓഫ് സാന്‍ഡ് എന്നിവയും ജെ.സി.ബി പുരസ്‌കാരത്തിന്റെ അവസാന അഞ്ചില്‍ ഇടം നേടിയതാണ്. മലയാളം, ബംഗ്ല , ഉറുദു, ഹിന്ദി, നേപ്പാളി ഭാഷകളിലെ കൃതികളായിരുന്നു ഇത്തവണ ഇടംപിടിച്ചത്. പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ.എസ് പനീര്‍സെല്‍വന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഇതില്‍ അമിതാഭ് ബാഗ്ചി, രഖീ ബലറാം, മലയാളിയായ ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരും ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നു. ഇതിന് മുന്‍പ് മൂന്നുതവണ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 2018-ല്‍ മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിനും 2020-ല്‍ മീശയിലുടെ എസ്.ഹരീഷിനും 2021-ല്‍ എം.മുകുന്ദന്റെ ദല്‍ഹിക്കുമാണ് അവാര്‍ഡ് ലഭിച്ചത്.