നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാവാരം ആചരിക്കുന്നു. ഇന്ത്യ 73 ഭരണഘടനാ വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനാ വാരം ആചരിക്കുന്നത്. തെരുവുകളില്‍ ഭരണഘടന പരിചയപ്പെടുത്തുന്ന സ്ട്രീറ്റ് ചാറ്റ്, ഭരണഘടനാ സംവാദങ്ങള്‍, ഇന്റര്‍ കോളേജ് മത്സരങ്ങള്‍, നിയമ വിദഗ്ധരുടെ വിവിധ സെഷനുകള്‍ തുടങ്ങിയവ പരിപാടികളില്‍ ഉണ്ടാകും. ഭരണഘടനയുടെ മൂല്യം ജനങ്ങളില്‍ എത്തിക്കുക, ഭരണഘടനയുമായി ജനങ്ങളെ അടുപ്പിക്കുക, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയവയില്‍ ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയവയാണ് ഭരണഘടനാ വാരം കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
വാരാഘോഷങ്ങളുടെ തുടക്കമായി നാളെ വൈകുന്നേരം കോടഞ്ചേരിയില്‍ സ്ട്രീറ്റ് ചാറ്റ് നടക്കും. 24ന് വ്യാഴം രാവിലെ കോഴിക്കോട് സ്പെഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മജീദ് കൊല്ലത്ത് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് ശേഷം സംസ്ഥാനതല പ്രബന്ധ രചന വിജയികള്‍ക്കുള്ള സമ്മാനദാനവും ഭരണഘടനാ സംവാദവും നടക്കും. ടി.എം ഹര്ഷന്, സനീഷ് എളയടത്ത്, സി.അബ്ദുല്‍ സമദ്, ദീപക് ധര്‍മടം തുടങ്ങിയര്‍ സംവാദത്തില്‍ പങ്കെടുക്കും.
25 വെള്ളിയാഴ്ച രാവിലെ പവര്‍ പോയിന്റ് പ്രസന്റേഷനും ഇന്റര്‍ കോളേജ് ക്വിസ് മത്സരവും നടക്കും. ഡിസംബര്‍ മൂന്ന് ശനിയാഴ്ച കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് ഭരണഘടന വിശാലതയും അനുകമ്പയും സമകാലീന ഇന്ത്യന്‍ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സംസാരിക്കും. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍.പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും.