കോഴിക്കോട്: കൊച്ചിയില്‍ നടക്കുന്ന എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ കോഴിക്കോട്, കോരപ്പുഴയില്‍ കക്കാ വാരല്‍ ഉപജീവനമാക്കിയ ജനതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. മത്സ്യബന്ധന, മത്സ്യകൃഷി മേഖലയില്‍ ലിംഗ കേന്ദ്രീകൃത സമീപനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള സമ്മേളനമാണ് ഗാഫ്-8.
പുരുഷന്മാര്‍ കൂടുതലും കക്കാ വാരലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സ്ത്രീകള്‍ കക്കാ സംസ്‌കരണത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ഭൂരിഭാഗം ആളുകള്‍ക്കും സ്വന്തമായി വള്ളങ്ങള്‍ ഉള്ളതിനാല്‍ കക്കാ വാരല്‍ എളുപ്പമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ ആറോ മാസം നല്ല വരുമാനം ലഭിക്കും. ചില സമയങ്ങളില്‍ കൃത്യമായ വരുമാനം ഇതില്‍ നിന്ന് ലഭിക്കാതാകുന്നുമുണ്ട്.
കക്കാ സംസ്‌കരണ സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നതിനാല്‍, സ്ത്രീകള്‍ക്കും ഒരു സമ്പാദ്യം കണ്ടെത്താന്‍ സാധിക്കുന്നു. പാരമ്പര്യ രീതിയാണ് ഇപ്പോഴും കക്കാ നന്നാക്കലില്‍ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്. മണിക്കൂറുകള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കക്കാ വൃത്തിയാക്കുന്നതിനും മറ്റും നൂതന സംവിധാനങ്ങളുടെ ആവശ്യകത ഏറെയാണെന്നും സമ്മേളനം വിലയിരുത്തി.
ഹോട്ടലുകളിലും മറ്റും ചില സമയങ്ങളില്‍ സ്റ്റോക്ക് തീരാത്ത പക്ഷം പുതിയ സ്റ്റോക്ക് എടുക്കാന്‍ തയ്യാറാവുകയില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കക്കാ കൃത്യമായി സൂക്ഷിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ അത്യാവശ്യമാണ് എന്നതാണ് പഠനം മുന്‍പോട്ട് വയ്ക്കുന്ന ആശയം. കോരാപ്പുഴയിലെ അത്തോളി കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ആഗോള സമ്മേളനത്തില്‍ ചര്‍ച്ചയായത്.
മത്സ്യബന്ധനവും മത്സ്യകൃഷിയും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇന്നും കൃത്യമായ പരിഹാരം കണ്ടിട്ടില്ല എന്നും ഗാഫ്-8 കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനം പറയുന്നു.
സുസ്ഥിര മത്സ്യബന്ധന, മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും 300ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നവംബര്‍ 20ന് ആരംഭിച്ച സമ്മേളനം 23ന് അവസാനിക്കും.