മലപ്പുറം: കേരള രാഷ്ട്രീയത്തിലേക്ക് വന്നത് മുതല്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. വിഭാഗീയതയുടെ എതിരാളിയാണ് താന്‍. ഒരു ഗ്രൂപ്പും സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗ്രൂപ്പുകളില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് താന്‍ നില്‍ക്കുന്നതെന്നും ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന സതീശന്റെ മുന്നറിയിപ്പിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ നേതൃത്വം നല്‍കുന്നിടത്തോളം കാലം പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ഒരാളെയും അനുവദിക്കില്ല. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒന്നിനുംകൊള്ളാത്തവരായി ചിത്രീകരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ഊതിവീര്‍പ്പിച്ചാല്‍ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തിരുവനന്തപുരത്ത് നടന്ന സമരങ്ങളില്‍ എം.പിയായ ശശി തരൂര്‍ പങ്കെടുത്തോയെന്നത് മാധ്യമങ്ങള്‍ പരിശോധിക്കൂ. മാധ്യമങ്ങള്‍ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നു. കെ.സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഘടകക്ഷി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദര്‍ശനത്തിന് കിട്ടിയ സ്വീകരണത്തോട് വി.ഡി സതീശന്‍ പ്രതികരിച്ചു.