ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരോ?

ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരോ?

ടി ഷാഹുല്‍ ഹമീദ് 

നവംബര്‍ 25: സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ ഇന്ന് ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുകയും സ്ത്രീ സുരക്ഷ ഒരു വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയുമാണ്. ലോകത്തെ സ്ത്രീകളില്‍ മൂന്നിലൊന്നും അവരുടെ ജീവിത ദശകത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. സ്‌നേഹ പ്രകടനങ്ങളുടെ പരിസമാപ്തി ക്രൂരമായ കൊലപാതകങ്ങളിലേക്ക് പര്യവസാനിക്കുകയാണ്. 35 കഷ്ണങ്ങളാക്കി സ്ത്രീ ശരീരത്തെ വെട്ടി നുറുക്കി ഹിംസാത്മകതയുടെ ആധുനികരൂപം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അരങ്ങേറിയതിന്റെ ദുരന്തമുഖത്ത് നിന്നാണ് ലോകം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നവംബര്‍ 25 സ്ത്രീകള്‍ക്കെതിരേയും പെണ്‍കുട്ടികള്‍ക്കെതിരേയുമുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നത്. ലോകത്ത് ഒരു മിനിട്ടില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു , 45% സ്ത്രീകളും വീടുകളില്‍ ബന്ധുക്കളാല്‍ പ്രയാസം നേരിടുന്നു.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ രാഷ്ട്രീയപ്രവര്‍ത്തകരായ മൂന്ന് മിറാബല്‍ സഹോദരിമാര്‍ സ്വേച്ഛാധിപതിയായ റാഫേല്‍ ട്രൂജില്ലോവിന്റെ ഉത്തരവിനാല്‍ കൊല്ലപ്പെട്ടതിന്റെ സ്മരണാര്‍ത്ഥമാണ് 2000 മുതല്‍ നവംബര്‍ 25 യു.എന്നിന്റെ ആഭ്യമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നത്. നവംബര്‍ 25 മുതല്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ വിപുലമായ പരിപാടികളോടെയാണ് ഈ ദിനം ആചരിക്കുന്നത്. 2014 ല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ യുണൈറ്റഡ് ക്യാമ്പയിന്‍ ആരംഭിച്ചതോടെ ഈ ദിനം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ലോകത്ത് കഴിഞ്ഞ ആറ് വര്‍ഷം മുമ്പ് ആക്ടിവിറ്റിസ്റ്റ് തരാനാ ബുര്‍ക്കേ ആരംഭിച്ച മീ ടൂ ക്യാമ്പയിന്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിന്റെ നേര്‍ ചിത്രം ലോകത്തിന് മുന്‍പില്‍ വരച്ചു കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനെതിരേ വലിയ മുന്നേറ്റങ്ങള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. 2022ലെ ഈ ദിനത്തിന്റെ സന്ദേശം ഒന്നിച്ചു നിന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമം തടയാം എന്നാണ്. ലോക ജനസംഖ്യയുടെ 50 %ത്തിന് അടുത്ത് വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഭരണ കര്‍ത്താകളുടെ ഉത്തരവാദിത്വമാണ്. ലോകത്ത് 100 സ്ത്രീകള്‍ക്ക് 101.7 പുരുഷന്മാര്‍ ഉണ്ടെങ്കിലും ഇന്ത്യ, ചൈന രാജ്യങ്ങളിലെ ജനസംഖ്യ ഒഴിവാക്കിയാല്‍ ലോകത്ത് സ്ത്രീകളാണ് കൂടുതലുള്ളത്.

ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള ലിംഗ വിടവ് (Gender Gap Report ) 2022 പ്രകാരം 146 രാജ്യങ്ങളിലെ അവസ്ഥ പരിശോധിച്ചതില്‍ ലോകത്ത് സ്ത്രീകള്‍ക്ക് തുല്യത എല്ലാ രംഗത്തും കൈവരിക്കണമെങ്കില്‍ ഇനിയും 132 വര്‍ഷം വേണ്ടിവരും എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഘടകമായ സാമ്പത്തിക രംഗത്ത് ഇടപെടാനുള്ള അവസരം ലോകത്ത് 60.3% സ്ത്രീകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. രാഷ്ട്രീയ രംഗത്ത് 22% മാത്രമേ സ്ത്രീകള്‍ നിലവില്‍ ഇടപെടുന്നുള്ളൂ. ലോകത്ത് 240 കോടി തൊഴിലെടുക്കുന്ന സ്ത്രീ തെഴിലാളികള്‍ക്ക് തുല്യവേതനം ലഭിക്കുന്നില്ല. 178 രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക പങ്കാളിത്തവും ഇല്ല. ലോക ബാങ്കിന്റെ 2022ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 86 രാജ്യങ്ങളില്‍ സ്ത്രീകള്‍ തൊഴിലെടുക്കുന്നതിന് വിലക്കുണ്ട്.

യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകള്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അര്‍ജന്റീനയില്‍ അത് 42 %, തുര്‍ക്കിയില്‍ 38 %, അമേരിക്കയില്‍ 36 %, ഡെന്മാര്‍ക്ക് 32 % സ്ത്രീകള്‍ അതിക്രങ്ങള്‍ക്ക് ഇരയാകുന്നു .ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ 15 വയസ്സ് മുതല്‍ 49 വയസ്സ് വരെയുള്ള സ്ത്രീകളില്‍ 30% സ്ത്രീകളും മാനസിക-ശാരീരിക പീഡനം ഏറ്റുവാങ്ങുന്നു. ലോകത്ത് ആകമാനമുള്ള അതിക്രമങ്ങളില്‍ സ്ത്രീകള്‍ക്ക് പരുക്ക് പറ്റുന്ന കേസുകളില്‍ 42% സ്വന്തം കുടുംബക്കാരില്‍ നിന്നാണ് പീഡനം നേരിടുന്നത്. 6% സ്ത്രീകള്‍ക്ക് മാത്രമേ അപരിചിതരാല്‍ ആക്രമം നേരിടേണ്ടി വരുന്നുള്ളൂ. യു.എന്‍ വിമണ്‍ 13 രാജ്യങ്ങളില്‍ ഏറ്റവും ഒടുവിലായി നടത്തിയ പഠനത്തില്‍ ആ രാജ്യങ്ങളിലെ മൂന്നില്‍ രണ്ട് സ്ത്രീകളും ഭക്ഷണത്തിനും വിവേചനം നേരിടുന്നു. ലോകത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങളില്‍ പത്തില്‍ ഒന്നു മാത്രമേ വെളിച്ചത്തു വരുന്നുള്ളൂ. കൂടാതെ പ്രശ്‌നങ്ങളില്‍ പെട്ടുപോകുന്ന സ്ത്രീകളില്‍ 40% ത്തിന് മാത്രമേ കൃത്യമായ നിയമസഹായം ലഭിക്കുന്നുള്ളൂ. ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും ജീവിക്കുന്നത് ബലാത്സംഗം വലിയ കുറ്റമല്ലാത്ത രാജ്യങ്ങളിലാണ്.

ലോകത്ത് കഴിഞ്ഞവര്‍ഷം 81000 സ്ത്രീകള്‍ /പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു, അതില്‍ (47000) 58% സ്വന്തക്കാരാലാണ് കൊല്ലപ്പെട്ടത്. ലോകത്ത് ഓരോ 11 മിനിട്ടിലും ഒരു സ്ത്രീ /പെണ്‍കുട്ടി കൊല്ലപ്പെടുന്നു. പ്രതിദിനം 137 സ്ത്രീകള്‍ ഉറ്റ ബന്ധുക്കളാല്‍ ലോകത്ത് കൊല്ലപ്പെടുന്നു. ലോകത്ത് 158 രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡന നിയമങ്ങള്‍ ഉദാരമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകത്തുണ്ടാക്കിയ 760 നിയമങ്ങളിലും 50% സ്ത്രീകള്‍ക്കെതിരായ നിയമങ്ങളാണ്. ലോകത്ത് മനുഷ്യകടത്തില്‍ പത്തില്‍ അഞ്ചും കേസുകളിലും സ്ത്രീകളെയാണ് കടത്തിയത്, അതില്‍ 92%വും വേശ്യാവൃത്തിക്ക് വേണ്ടിയായിരുന്നു കടത്തിക്കൊണ്ടു പോയത്. ലോകം ഡിജിറ്റല്‍ യുഗത്തിലൂടെ കടന്നുപോകുമ്പോള്‍ 15 വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളില്‍ പത്തില്‍ ഒന്നിനും സൈബര്‍ ഇടങ്ങളില്‍ നിന്നും അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നു. വികസിത രാജ്യമായ അമേരിക്കയില്‍ പത്തില്‍ രണ്ട് പെണ്‍ കുട്ടികള്‍ അതിക്രമം നേരിടുന്നു. യു.എന്‍ വിമണിന്റെ അഭിപ്രായത്തില്‍ ഉക്രൈന്‍ , അഫ്ഗാനിസ്ഥാന്‍ , എത്യോപ്യ , മ്യാന്മാര്‍ , റഷ്യ ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു.

ലോകത്ത് STEM (സയന്‍സ് , ടെക്‌നോളജി , എന്‍ജിനീയറിങ് , മാത്തമാറ്റിക്‌സ് )എന്നീ മേഖലകളില്‍ 35% സ്ത്രീകളെ പ്രവര്‍ത്തിക്കുന്നുള്ളൂ. വിവരസാങ്കേതികവിദ്യയില്‍ അഞ്ച് ശതമാനത്തില്‍ മാത്രമേ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. 2022ല്‍ അതിദാരിദ്ര്യം നേരിടുന്ന സ്ത്രീകളുടെ എണ്ണം 368 ദശലക്ഷമായി വര്‍ധിച്ചു. ലോകത്ത് 938 ദശലക്ഷം സ്ത്രീകള്‍ക്ക് പ്രതിദിനം 3.20 അമേരിക്കന്‍ ഡോളര്‍ വരുമാനമേ ലഭിക്കുന്നുള്ളൂ , 170 കോടി സ്ത്രീകള്‍ക്ക് 5.50 ഡോളറില്‍ താഴെ മാത്രം വരുമാനമേ ലഭിക്കുന്നുള്ളൂ. ലോകത്തെ 44.9% സ്ത്രീകളും പ്രസവാനന്തരം സാമ്പത്തിക വിവേചനം നേരിടുന്നു. ലോകത്ത് 37.5 ശതമാനം സ്ത്രീകളും ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന 36 രാജ്യങ്ങളിലാണ് ജീവിക്കുന്നത്. 120 കോടി സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭ ഛിദ്രത്തിന് അവസരം ലഭിക്കുന്നില്ല ,120 ദശലക്ഷം സ്ത്രീകളും ഗര്‍ഭഛിദ്രം നിയമവിരുദ്ധമായ രാജ്യങ്ങളില്‍ ജീവിക്കുന്നു. ഉഗാണ്ട, പെറു , മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക , കെനിയ എന്നിവിടങ്ങളില്‍ പ്രസവ സമയത്ത് അമ്മമാര്‍ വലിയ രീതിയില്‍ മരണപ്പെടുന്നു.

സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 2019 നേക്കാള്‍ 2021ല്‍ 1.6 വര്‍ഷം കുറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ 4.1, ഒമാനില്‍ 4.3 വര്‍ഷമായി ഇത് കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ നൊടിയിടക്കുള്ളില്‍ തന്റേതല്ലാത്ത കാരണത്താല്‍ ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നു. ഇത് കാരണം ജീവനോപാധി , കുടുംബബന്ധം , അഭിമാനം പ്രശസ്തി എന്നിവയെല്ലാം നഷ്ടമാകുന്നു. നിറം നോക്കി സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിക്കുന്നു. 84 % കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്കും ട്വിറ്ററിലൂടെ മോശമായി ട്വീറ്റ് ലഭിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍ സ്ത്രീകളുടെ കൂട്ടുത്തരവാദിത്വ ബോധം ഓണ്‍ലൈന്‍ അതിക്രമങ്ങളിലൂടെ നഷ്ടപ്പെടുന്നു. മറ്റൊരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ , സംഘടനകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. സൂം ബോംബ് എന്ന പ്രതിഭാസം കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വ്യാപരിക്കപ്പെട്ടിട്ടുണ്ട്. യു.എന്‍ വിമണിന്റെ അഭിപ്രായത്തില്‍ ലോകത്ത് 38% സ്ത്രീകള്‍ക്കും ഓണ്‍ലൈനില്‍ മോശമായി അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നു. മോശമായ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാതെ 85% മറ്റുള്ള സ്ത്രീകള്‍ നോക്കിനില്‍ക്കുന്നു. ലോകത്ത് 73% വനിതാ പത്രപ്രവര്‍ത്തകര്‍ക്കും 58% വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ തിക്താനുഭവം നേരിട്ടതിനെ തുടര്‍ന്ന് 44% സ്ത്രീകളും ഓഫ് ലൈനിലേക്ക് മാറി ,സ്ത്രീകള്‍ ആഗ്രഹിക്കാത്ത തെറ്റായ വിവരങ്ങള്‍ , ലൈംഗികതയുള്ള സംസാരങ്ങള്‍ , അടയാളങ്ങള്‍ , ചിത്രങ്ങള്‍ , ട്രാക്കിംഗ് എന്നിവയ്ക്ക് വിധേയമാകുന്നു. ഇതൊക്കെ സംഭവിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ തടയാം എന്നതിനെ കുറിച്ച് ലോകം ഇരുട്ടില്‍ തപ്പുന്നു.

ട്രാവല്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒറ്റക്ക് സ്ത്രീകള്‍ സഞ്ചരിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് ചില രാജ്യങ്ങളുടെ പട്ടിക പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ബ്രസീല്‍ ,റഷ്യ മെക്‌സിക്കോ, ഇറാന്‍ മൊറോക്കോ, എന്നീ രാജ്യങ്ങളുടെ പേരാണ് പട്ടികയില്‍ ഉള്ളത്. സൗത്ത് ആഫ്രിക്കയില്‍ 40% സ്ത്രീകളും ഒരുതവണയെങ്കിലും ജീവിതത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്നു. സ്ത്രീ ശാക്തികരണത്തിന്റെ പ്രധാന ഘടകമായ പങ്കാളിത്തത്തില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് മാത്രമേ അവസരം ലഭിക്കുന്നുള്ളൂ , ലോകത്ത് 571 ദശലക്ഷം സ്ത്രീകള്‍ വിളര്‍ച്ച നേരിടുന്നു. കാര്‍ഷിക മേഖലയില്‍ സ്ത്രീകളാണ് കൂടുതല്‍ ജോലി ചെയ്യുന്നത് എങ്കിലും 14% സ്ത്രീകള്‍ക്ക് മാത്രമേ ഭൂ ഉടമസ്ഥാവകാശം ഉള്ളൂ. 75% പാര്‍ലമെന്ററി സ്ഥാനങ്ങളും ലോകത്ത് കയ്യടക്കി വെച്ചിരിക്കുന്നത് പുരുഷന്മാരാണ് ,ലോകത്ത് ഉയര്‍ന്ന പോസ്റ്റ് കൈവശം വച്ചിരിക്കുന്നത് 73% പുരുഷന്മാരാണ്. 1996 ല്‍ ലോകാരോഗ്യ സംഘടന സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ അവസ്ഥ:-

ഇന്ത്യയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 58 സ്ത്രീകള്‍ അതിക്രമത്തിനിരയാകുന്നു. ആസാമില്‍ അത് 144 ഉം ഡല്‍ഹിയില്‍ 131ഉം ആണ്. 2021ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം 15.3%വര്‍ധിച്ചു. 2020ല്‍ 3,71503 കേസുകള്‍ ആയിരുന്നുവെങ്കില്‍ 2021ല്‍ അത് 4,28278 ആയി വര്‍ധിച്ചു. 31.8 %വും അടുത്ത ബന്ധുക്കളില്‍ നിന്നാണ് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പട്ടണങ്ങളിലെ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയിലെ ജയ്പൂര്‍ , ഡല്‍ഹി , ഇന്‍ഡോര്‍ , ലക്‌നോ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, ആസാം , മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബലാത്സംഗവും അതേ തുടര്‍ന്നുള്ള കൊലയും വര്‍ധിക്കുന്നു. ഗാര്‍ഹിക പീഡന കേസുകളില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021ല്‍ ഇന്ത്യയില്‍ ഭര്‍ത്താക്കന്മാരുടെ ഉപദ്രവം കാരണം 137 986 സ്ത്രീകള്‍ പോലീസില്‍ പരാതിയുമായി എത്തി ഇന്ത്യയില്‍ ഓരോ നാലു മിനിട്ടിലും ഒരു സ്ത്രീ ഭര്‍ത്താവിനാല്‍ ഉപദ്രവിക്കപ്പെടുന്നു. 2021ല്‍ 107 ആസിഡ് അക്രമങ്ങള്‍ സ്ത്രീകള്‍ക്ക് എതിരേ ഉണ്ടായി, 15 പെണ്‍കുട്ടികളെ വില്‍പ്പന നടത്തി. ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ മേഖലയില്‍ നടക്കുന്ന കല്യാണങ്ങളില്‍ പാരിതോഷികങ്ങള്‍ വലിയ രീതിയില്‍ കൈമാറുന്നുണ്ട്. 1983ല്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ 498 എ വകുപ്പ് കൂട്ടിച്ചേര്‍ത്തെങ്കിലും ഗാര്‍ഹികപീഡന മരണങ്ങള്‍ക്ക് യാതൊരു കുറവും ഇന്ത്യയിലുണ്ടായിട്ടില്ല 2021ല്‍ 6795 ഗാര്‍ഹിക പീഡന മരണം ഇന്ത്യയില്‍ ഉണ്ടായി. സ്ത്രീ സമാധാന സുരക്ഷിത സൂചികയില്‍ 2019 /20 ല്‍ ഇന്ത്യയുടെ സ്ഥാനം 133 ആണ് , നോര്‍വേ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവും പിറകിലായി 166ാം സ്ഥാനവും പാക്കിസ്ഥാന്‍ 164ാം സ്ഥാനത്തുമാണ്.

ലിംഗ സമത്വ സൂചികയില്‍ ഇന്ത്യ 156 ല്‍ 140 ആം സ്ഥാനത്താണ്. തമിഴ്‌നാട്ടില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസെടുക്കും എന്നാ നിയമ ഭേദഗതി വലിയ രീതിയില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ 16 മിനിട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു. 2021ല്‍ കേരളത്തില്‍ 16199കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും സ്‌നേഹവും ബഹുമാനവും പരസ്പര മര്യാദയും അനുഭവപ്പെടുന്ന ബന്ധങ്ങളില്‍ മാത്രം ജീവിതം നിക്ഷേപിക്കുകയും ചെയ്യേണ്ടത് പ്രയാസങ്ങള്‍ ദൂരീകരിക്കുവാന്‍ ഉപകാരപ്പെടും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യമായ കടമയാണ്. വിശ്വ സുന്ദരി പട്ടം 2021ല്‍ കരസ്ഥമാക്കിയ ഹര്‍നസ് സന്ധു പറഞ്ഞതുപോലെ അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വിപുലമായ നിയമ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് എതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് രാജ്യ പുരോഗതിക്ക് തടസ്സമായി നില്‍കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *