കോഴിക്കോട്: 2001ന് ശേഷം നിയമസഭയിലേക്ക് പ്രതിനിധികളെ അയക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലായെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എം.എല്‍.എമാരെ സൃഷ്ടിക്കുമെന്നും കെ. മുരളീധരന്‍ എം.പി പറഞ്ഞു. ഷിഫ്റ്റ് ചെയ്ത കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് സീറ്റുകളും യു.ഡി.എഫിനാണെങ്കിലും അസംബ്ലിയില്‍ ഇത് പ്രതിഫലിക്കുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കും. കേരളത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ നാമധേയത്തിലുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കോഴിക്കോട് വരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഓഫിസ് 15 മാസത്തിനകം പൂര്‍ത്തിയാകും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്, 2026ലെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ പുതിയ ഓഫിസ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും.
സംസ്ഥാന സര്‍ക്കാരിന് ഓരോ ദിവസവും വിശ്വാസ്യത നഷ്ടപ്പെട്ട് വരികയാണ്. കോടതിവിധികള്‍ തിരിച്ചടികളാവുകയാണ്. ബന്ധു നിയമനങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതായി സി.പി.എം നേതൃത്വം സമ്മതിച്ചിരിക്കുകയാണ്. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കുന്നില്ല. യു.ഡി.എഫ് സമര രംഗത്തുണ്ടെങ്കിലും കേരളം യുദ്ധക്കളമാക്കില്ല. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് വിലക്കില്ല.
കഴിവുള്ളവരുടെ കഴിവുകള്‍ നമ്മള്‍ അംഗീകരിക്കണം. ശശി തരൂരിനെ മാറ്റി നിര്‍ത്തി കേരള രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാവില്ലെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റ്ഹില്‍ എഫ്.സി.ഐ ലേബര്‍ യൂണിയന്‍ ഓഫിസ് നവീകരിച്ചാണ് ഡി.സി.സി ഓഫിസാക്കി മാറ്റിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്,അഡ്വ. കെ. ജയന്ത്, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, മീഡിയ ചെയര്‍മാന്‍ അഡ്വ. എം. രാജന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, പി. കുഞ്ഞിമൊയ്തീന്‍, ബ്ലോക്ക് പ്രസിഡന്റ് സി.പി സലീം, കെ. യാഹു, പി. ഗണേഷ്ബാബു, യാസിര്‍ അറഫാത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.