എന്‍. ബഷീര്‍ മാസ്റ്റര്‍
വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ്. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്ബോള്‍ മാമാങ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മിഡില്‍ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ്. പ്രത്യേകതകള്‍ ഏറെയാണ് ഇത്തവണ. 22ാമത് ലോകകപ്പിനാണ് ഖത്തര്‍ വേദിയാവുന്നത്. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 2018 ലെ റഷ്യന്‍ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ പിന്നിട്ടാണ് ലോക ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറില്‍ അരങ്ങുണരുന്നത്. ഇതിനു മുമ്പും മഹാമാരിയും യുദ്ധങ്ങളും ലോകകപ്പിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ലോകകപ്പ് വിജയികള്‍ക്ക് നല്‍കുന്നത് ഫിഫ കപ്പാണ്. 1974 മുതലാണ് ഇന്ന് കാണുന്ന ഫിഫ കപ്പിന്റെ ഉദയം. ഇപ്പോള്‍ നല്‍കി വരുന്ന കപ്പ് ചാമ്പ്യന്മാര്‍ തിരികെ നല്‍കണം എന്നാണ് വ്യവസ്ഥ. എത്ര തവണ വിജയിച്ചാലും അതുതന്നെയാണ് രീതി. കപ്പ് തിരികെ നല്‍കുമ്പോള്‍ കപ്പിന്റെ ഒരു മാതൃക വിജയികള്‍ക്ക് നല്‍കും. മാത്രമല്ല കപ്പില്‍ അവരുടെ പേരും രേഖപ്പെടുത്തും. ഇറ്റാലിയന്‍
ശില്‍പ്പിയായ സില്‍വിയോ ഗസാനിഗ്ഗ രൂപകല്‍പ്പന ചെയ്ത ഫിഫ കപ്പിന്റെ ഭാരം 6.142 കി.ഗ്രാം ആണ് .18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ കപ്പില്‍ 2038 വരെയുള്ള വിജയികളുടെ പേര് രേഖപ്പെടുത്താനുള്ള സ്ഥലമുണ്ട്.ലോകം മുഴുവന്‍ കാല്‍പന്ത് കളിയുടെ ആവേശത്തിലേക്ക് ഉയരുന്ന നാളുകളാണ് ഓരോ ലോകകപ്പ് ടൂര്‍ണമെന്റുകളും. പതിമൂന്ന് രാജ്യങ്ങള്‍ പങ്കെടുത്ത ഉറുഗ്വായില്‍ നടന്ന പ്രഥമ ലോകകപ്പില്‍ നിന്നും ഇരുപത്തിരണ്ടാമത് ഖത്തര്‍ ലോകകപ്പില്‍ എത്തുമ്പോള്‍ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണ് ഫുട്‌ബോള്‍. ഫുട്‌ബോളിനെ രാജ്യാന്തര തലത്തില്‍ നിയന്ത്രിക്കുന്നത് ഫിഫയാണ്. ഫിഫയുടെ കീഴില്‍ ഓരോ ഭൂഖണ്ഡങ്ങള്‍ക്കും കോണ്‍ഫെഡറേഷനുകളും അവയ്ക്കു കീഴില്‍ ദേശീയ അസോസിയേഷനുകളുമുണ്ട്. ഫുട്‌ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ് ആണെന്ന് പറയേണ്ടതില്ലല്ലോ. നാലു വര്‍ഷം കൂടുമ്പോള്‍ ഫിഫയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ മത്സരിക്കുന്ന 190 ദേശീയ ടീമുകളില്‍ നിന്നും 32 ടീമുകള്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനു മുന്‍പുള്ള 3 വര്‍ഷക്കാലയളവില്‍ നടക്കുന്ന യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങള്‍ യോഗ്യത നേടുന്നത്. വന്‍കരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്.
ചൈനയിലെ ഹാന്‍ സാമ്രാജ്യകാലത്താണ് ഫുട്‌ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്‌ബോള്‍ എന്ന പേരില്‍ അമേരിക്കയില്‍ മറ്റു ചില കളികളുമുണ്ട്. അതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ കാല്‍പന്തുകളി അവിടെ സോക്കര്‍ എന്നും അറിയപ്പെടുന്നു. അസോസിയേഷന്‍ ഫുട്‌ബോള്‍ എന്നത് മറ്റൊരു പേരാണ്. ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) ആണ് ഈ കളിയുടെ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങളുമാണ് ഫുട്‌ബോളിനെ ജനപ്രിയമാക്കുന്നത്. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകള്‍ ഈ കായികവിനോദത്തിലേര്‍പ്പെടുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഫുട്‌ബോളിന് ഏറ്റവും പ്രചാരമുള്ളത്.ഫിഫയുടെ അംഗീകാരമില്ലാത്ത സെവന്‍സ് ഫുട്ബാളിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരമുണ്ട്. ലോകം കണ്ട മികച്ച രണ്ട് ഫുട്ബാള്‍ താരങ്ങളാണ് പെലെയം മറഡോണയും. ലോകം കണ്ട മികച്ച രണ്ട് ഗോളുകളും ഇവരുടേതായിരുന്നു.
വേള്‍ഡ് കപ്പ് ഫുട്ബോളില്‍ മാറ്റുരയ്ക്കാന്‍ നമ്മുടെ രാജ്യത്തിന് ഒരിക്കല്‍ അവസരം ലഭിക്കുകയുണ്ടായി. 1950 ല്‍ ആയിരുന്നു അത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്ന ആ കാലം ഭീമമായ യാത്രാചെലവ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. മാത്രമല്ല അന്നത്തെ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ബൂട്ട് ഉപയോഗിച്ചുള്ള കളി വശമില്ലായിരുന്നു. ബൂട്ട് ഉപയോഗിക്കാതെ നഗ്‌നപാദരായി ഫുട്ബോള്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും ഇന്ത്യയുടെ ഫുട്ബോള്‍ സ്വപ്‌നങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തി.
കാല്‍പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ലഹരിയാണ്. തിരുവനതപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാല്‍ കാല്‍പന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല. സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാകും വേറിട്ട് നില്‍ക്കുന്നത്. എന്നും ഫുട്‌ബോള്‍ ലോകകപ്പ് മലയാളികളുടെ ഉത്സവമാണ്. ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് ഒരു വീട്ടില്‍ തന്നെ പല ടീമിന്റെ ആരാധകര്‍ ഉണ്ടാകും. വീഥികളില്‍ പ്രശസ്ത താരങ്ങളുടെ ബാനറുകളും പോസ്റ്ററുകളും പ്രതിമകളും ഉയരും. ആരോഗ്യകരമായ പന്തയങ്ങളും വാതുവെപ്പുകളും നടക്കും. തെരുവുകളില്‍ പടുകൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കപ്പടും. ഒരു ഉത്സവത്തിനുള്ള കൂട്ടമുണ്ടാകും ഓരോ സ്‌ക്രീനിനും താഴെ. ഷോപ്പിംഗ് മാളുകളിലെ സ്‌ക്രീനുകള്‍ കളികളുടെ തത്സമയ സംപ്രേഷണത്തിനുള്ളതായി മാറും.
ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള രാജ്യങ്ങളുമായും അന്നാട്ടിലെ താരങ്ങളുമായും അവര്‍ തങ്ങളെത്തന്നെ ബന്ധപ്പെടുത്തും. ബാര്‍ബര്‍ ഷോപ്പുകളില്‍ താരങ്ങളുടെ ഹെയര്‍ സ്‌റ്റൈലിനനുസരിച്ചുള്ള കട്ടിങ്ങുകള്‍ പ്രശ്‌സതകും. മെസ്സിയും നെയ്മറുമെല്ലാം അവരുടെ ആരാധ്യപുരുഷന്മാരാകും. സാധാരണ ലോകകപ്പിന്റെ സമയത്ത് നാട്ടിലേക്ക് പറന്നിറങ്ങുന്ന മലയാളി പ്രവാസികളുടെ എണ്ണം കൂടുതലാണെന്ന് കാണാറുണ്ട്. എന്നാല്‍ ഇത്തവണ മിഡില്‍ ഈസ്റ്റിലുള്ള ഫുട്‌ബോള്‍ പ്രേമികളായ മലയാളികളൊക്കെയും ഖത്തറിലേക്കാണ് ചേക്കേറിയത് എന്നു കാണാം. മാത്രമല്ല ഇന്ത്യക്കാര്‍ക്ക് ഏറ്റവും ചിലവ് കുറച്ച് ലോകകപ്പ് കാണാന്‍ ഇത്രയും നല്ല ഒരു അവസരം വേറെ വന്നുകൊള്ളണമെന്നില്ല. ഖത്തറില്‍ പന്തുരുളുമ്പോള്‍ നമുക്കു കാത്തിരിക്കാം പ്രവചനങ്ങള്‍ക്കെല്ലാം എത്രത്തോളം സാധ്യതയുണ്ടായിരുന്നെന്ന്. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം.