കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും ‘ആശ്വാസ്’ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ലോഞ്ചിങ്ങും 23ന് ഉച്ചക്ക് 2.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ജില്ലയിലെ വ്യാപാരി വ്യവസായികളോ അവരുടെ ഭാര്യമാരോ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ അവകാശികള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ആശ്വാസ്. ഈ പദ്ധതിയില്‍ മുഴുവന്‍ അംഗങ്ങളേയും അംഗത്വമെടുപ്പിച്ചാല്‍ അപകടമോ, രോഗം മൂലമോ പ്രയാസപ്പെടുന്ന വ്യാപാരികള്‍ക്ക് സഹായം ലഭിക്കും. 18 മുതല്‍ 65 വയസ്സുവരെ പ്രായമുള്ള സംഘടനയില്‍ അംഗത്വമുള്ള ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പദ്ധതിയില്‍ അംഗമായ വ്യാപാരി കച്ചവടം നിര്‍ത്തിയാലും ആനുകൂല്യം ലഭിക്കുന്നതാണ്. മൂന്നാലിങ്കല്‍ പള്ളി പരിസരത്ത് നിന്നും ഘോഷയാത്രയായി നേതാക്കളെ ടാഗോര്‍ഹാളിലേക്ക് ആനയിക്കും. ടി. നസിറുദ്ദീന്‍ നഗറില്‍ മേയര്‍ ബീന ഫിലിപ് യോഗം ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ‘ആശ്വാസ് ‘ ലോഞ്ചിങ് നടത്തും. ആശ്വാസ് പദ്ധതി ചെയര്‍മാന്‍ എ.വി.എം കബീര്‍ ഏറ്റുവാങ്ങും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത്, സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പുഹാജി, ജനറല്‍ സെക്രട്ടറി ജിജി.കെ തോമസ്, ട്രഷറര്‍ വി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എ.വി.എം കബീര്‍, ജില്ലാ സെക്രട്ടറി കെ.ടി വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.