വാക്കുകളില്‍ വിരിഞ്ഞത് വരകളില്‍ തെളിഞ്ഞു…

വാക്കുകളില്‍ വിരിഞ്ഞത് വരകളില്‍ തെളിഞ്ഞു…

ചാലക്കര പുരുഷു

മാഹി: കഥയുടെ പെരുന്തച്ഛന്‍ ഒരു ജീവിതകാലം കൊണ്ട് പുസ്തകത്താളുകളില്‍ കോറി വച്ച അനശ്വര കഥാപാത്രങ്ങള്‍ ഇനി ക്യാന്‍വാസുകളില്‍ വര്‍ണ ചിത്രങ്ങളായി തെളിയും. വിഖ്യാത ചിത്രകാരന്‍ ടി.പത്മനാഭന്റെ വെങ്കല ശില്‍പ്പം 21ന് കലാഗ്രാമത്തില്‍ അനാച്ഛാദനം ചെയ്യാനിരിക്കെ, മലയാളി വായനക്കാരുടെ മനസ്സുകളില്‍ കൂടുകൂട്ടിയ കഥാകരന്റെ അനശ്വര കഥാപാത്രങ്ങളാണ് 22 പ്രശസ്ത ചിത്രകാരന്മാരുടെ വിരല്‍ത്തുമ്പിലൂടെ ക്യാന്‍വാസുകളിലേക്കിറങ്ങി വന്നത്.
ബിനു രാജ് കലാപീഠം, ബി.ടി.കെ അശോക്, എബി എന്‍. ജോസഫ്, പി.പി ചിത്ര, ജോണ്‍സ് മാത്യു, കെ.കെ ശശി, സുരേഷ് കൂത്തുപറമ്പ്, പി. നവീന്‍കുമാര്‍, പി. നിബിന്‍രാജ്, പ്രശാന്ത് ഒളവിലം, രജീഷ് കരിമ്പനക്കല്‍, സജീഷ് പീലിക്കോട്, സജിത്ത് പുതുക്കലവട്ടം, എ.സത്യനാഥ്, സെല്‍വന്‍ മേലൂര്‍, ഷിനോജ് ചോരന്‍, കെ.എം ശിവകൃഷ്ണന്‍, ശ്രീജ പള്ളം, കെ.സുധീഷ്, സുനില്‍ അശോകപുരം, വര്‍ഗ്ഗീസ് കളത്തില്‍, വത്സന്‍ കൂര്‍മ്മ കൊല്ലേരി തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ പത്മനാഭന്റെ കാലത്തിന് മായ്ക്കാനാവാത്ത കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വരച്ചുവച്ചു. പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മൈഥിലി നീ എന്റേതാണ്, ഒരു ചെറിയ ജീവിതവും വലിയ മരണവും, കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖന്‍ സിങ്ങിന്റെ മരണം, ഗൗരി തുടങ്ങി ഒട്ടേറെ കഥകള്‍ കലാകാരന്മാരുടെ ബ്രഷുകളിലൂടെ വര്‍ണ ചിത്രങ്ങളായി ക്യാന്‍വാസുകളില്‍ പരന്നൊഴുകി.
വിദേശയാത്രകളില്‍ എപ്പോഴും ലോകപ്രശസ്തങ്ങളായ കലാമ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുകയും പ്രശസ്തങ്ങളായ ചിത്രങ്ങള്‍ കാണാനും ശ്രമിക്കാറുണ്ടെന്ന് ചിത്രാഞ്ജലി ചിത്രകലാ ക്യാംപ് ഉദ്ഘാടനം ചെയത് ടി.പത്മനാഭന്‍ പറഞ്ഞു.
”ഇന്ത്യന്‍ ചിത്രകലയിലെ മഹാരഥനായ കെ.സി.എസ് പണിക്കരെ നേരിട്ട് പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ചെന്നെത്തുന്നത് അടുത്ത ദിവസമാണ്. എരിഞ്ഞടങ്ങാത്ത ചിതയുടെ മുന്നില്‍ നിന്നു. അപ്പോഴും ചിതയില്‍നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. വരണ്ട തൊണ്ട നനയ്ക്കാനായി അടുത്തുള്ള പെട്ടിക്കടയില്‍നിന്ന് സോഡ വാങ്ങി. അപ്പോഴേക്കും പനിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങളോളം പനിച്ചുകിടന്നു. ആ അനുഭവമാണ് ആത്മാവിന്റെ മുറിവുകള്‍ എന്ന കഥയായി മാറിയത്.” ടി. പത്മനാഭന്‍ അനുസ്മരിച്ചു.
ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. ഡോ. എ. പി. ശ്രീധരന്‍ പങ്കെടുത്തു. എം. ഹരീന്ദ്രന്‍ സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *