നവംബര്‍ 19: ലോക ശുചിമുറി ദിനം

നവംബര്‍ 19: ലോക ശുചിമുറി ദിനം

ടി.ഷാഹുല്‍ ഹമീദ്

ലോകത്ത് ശുചിമുറികളെ ഓര്‍ക്കുന്നതിനും ഒരു ദിനമുണ്ട്. നവംബര്‍ 19ാണ് ആ ദിനം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നവംബര്‍ 19 ലോക ശുചിമുറി ദിനമായി 2013 മുതല്‍ ആചരിക്കുന്നു. ലോക ശുചിമുറി സംഘടനയുടെ ആഭിമുഖ്യത്തില്‍ 2001 മുതല്‍ സിംഗപ്പൂരിലെ മനുഷ്യസ്‌നേഹിയായ ജാക്ക് സിമ്മിന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന ദിനം സിംഗപ്പൂര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഐക്യരാഷ്ട്രസഭ ലോകത്തെ എല്ലാ രാജ്യങ്ങളോടും ആചരിക്കുവാന്‍ ആവശ്യപ്പെട്ടത് . മനുഷ്യ ജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതും ആരോഗ്യം, അഭിമാനം എന്നിവയുമായി അഭേദ്യ ബന്ധമുള്ളതുമായ ശുചിമുറികള്‍ ജീവിതത്തിന്റെ തിരക്കിനിടയിലും ശ്രദ്ധിക്കേണ്ടതും നിസ്സാരവല്‍ക്കരിച്ച് തള്ളിക്കളയേണ്ടതുമല്ല എന്ന് വ്യക്തമാക്കുന്നതാണ് ലോക ടോയ്ലറ്റ് ഡേ ദിനാചരണം. ശുചിമുറി ശുചിത്വത്തിന്റെ ആദ്യപടിയാണ്. ശരിയായ ശുചീകരണത്തിന്റെ പ്രാധാന്യം വെളിവാക്കുകയും വൃത്തിയുള്ളതും സുരക്ഷിതമായ ശുചിമുറികള്‍ പ്രാപിക്കാന്‍ ജനങ്ങളെ ഈ ദിനം ആഹ്വാനം ചെയ്യുന്നു.
ലോകത്ത് 58% വയറിളക്കം രോഗത്തിന്റെയും കാരണം വൃത്തിയില്ലാത്ത കക്കൂസ് ഉപയോഗിക്കുന്നത് കൊണ്ടാണ്, ലോകത്ത് മൂന്നിലൊന്ന് ആളുകള്‍ക്കും വൃത്തിയുള്ളതും ശുചിത്വപൂര്‍ണ്ണവുമായ ശുചിമുറികള്‍ ലഭ്യമല്ല. ശുചിത്വ പൂര്‍ണ്ണമല്ലാത്ത ജീവിതം കാരണം പ്രതിദിനം അഞ്ച് വയസ്സിനു താഴെയുള്ള 1000കുട്ടികള്‍ ലോകത്ത് മരണപ്പെടുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം , വരള്‍ച്ച എന്നിവ കാരണം ജനങ്ങള്‍ക്ക് മതിയായ ശുചിമുറി സൗകര്യം ലഭിക്കുന്നില്ല. ലോകത്ത് 360 കോടി ജനങ്ങള്‍ക്ക് നല്ല സുരക്ഷിതമായ വൃത്തിയിലുള്ളതുമായ ശുചുമറി സംവിധാനമില്ല എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കിയിട്ടുണ്ട്.

2022ലെ ലോക ശുചിമുറി ദിനത്തിന്റെ സന്ദേശം making the invisible visible (അദൃശ്യമായതിനെ ദൃശ്യമാക്കൂ ) എന്നാണ് . നമ്മുടെ ചുറ്റുവട്ടത്തിലും അദൃശ്യമായ രീതിയില്‍ കക്കൂസ് മാലിന്യം അടക്കമുള്ള മാലിന്യങ്ങള്‍ ശുദ്ധ ജല സ്രോതസുകളിലേക്കും നദികളിലേക്കും ഒഴുകി പോകുന്നത് തടയേണ്ടതായിട്ടുണ്ട്. ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ 99% ഭൂഗര്‍ഭജലം ആയതിനാല്‍ വലിയ രീതിയില്‍ മലിനപ്പെട്ടുപോകുന്ന ഭൂഗര്‍ഭജലത്തിന്റെ ഇന്നത്തെ അവസ്ഥ ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടുകയാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കക്കൂസ് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിച്ചില്ലെങ്കില്‍ അത് നമ്മുടെ ശുദ്ധജലസ്രോതസ്സുകളെ മലിനപ്പെടുത്തുവാന്‍ സാധ്യതയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലും ഈ സന്ദേശത്തിന്റെ പിറകിലുണ്ട്. കണ്ണുകള്‍ തുറന്നുവച്ച് ചുറ്റുവട്ടവും നിരീക്ഷിച്ച് സ്വന്തം വീട്ടിലെ ശുചിമുറികളിലെ മാലിന്യങ്ങള്‍ പ്രകൃതിക്ക് അദൃശ്യമായ രീതിയില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ ഈ വര്‍ഷത്തെ ശുചി മുറി സന്ദേശം ജനങ്ങളെ ഓര്‍മിപ്പിക്കുന്നു.

ലോകം 2030ല്‍ നേടിയെടുക്കാനുള്ള സുസ്ഥിര ലക്ഷ്യങ്ങളില്‍ ആറാമത്തെ ലക്ഷ്യത്തില്‍ രണ്ടാം സ്ഥാനമായി വരുന്ന സുരക്ഷിതമായ കക്കൂസ് എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ശുചിത്വപൂര്‍ണ്ണമായ ശുചിമുറി ലോകത്തെ 4.2 ബില്യണ്‍ ജനങ്ങള്‍ക്ക് ലഭ്യമാവുകയുള്ളൂ. ലോകത്തിലെ 200 കോടി ജനങ്ങളും മലിനജലമാണ് കുടിക്കാന്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത് എന്നത് ശുചി മുറിയില്‍ ലഭ്യമാകുന്ന വെള്ളത്തിന്റെ അവസ്ഥ സൂചിപ്പിക്കുന്നു. 673 ദശലക്ഷം പേര്‍ തുറസ്സായ സ്ഥലത്ത് ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കാര്യം സാധിക്കുന്നു.

മനുഷ്യന്റെ ആരോഗ്യത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായ സുരക്ഷിതമായ ശുചുമുറി എന്നത് ജീവിതാവസ്ഥയില്‍ ലഭിക്കാത്തവര്‍ ഭൂരിഭാഗവും ദരിദ്രരാണ് എന്നത് നമ്മെ ദുഃഖിപ്പിക്കുന്നു, കാരണം പരസ്യമായ മലമൂത്ര വിസര്‍ജനം ദാരിദ്ര്യത്തിന്റെ മൂല കാരണങ്ങളില്‍ ഒന്നാണ്. ശുചിമുറി കൃത്യമായി ഉപയോഗിച്ചാല്‍ 37.5% വയറിളക്കവും ലോകത്ത് ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഒരു വര്‍ഷം 5 ലക്ഷം പേര്‍ ലോകത്ത് വയറിളക്കം കാരണം മരണപ്പെടുന്നു എന്നത് ശരിയായ ശുചിമുറി ഉപയോഗത്തിന്റെയും ശുചീകരണത്തിന്റെയും പ്രാധാന്യം ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു. കക്കൂസ് ഇല്ലാത്തതിനാല്‍ ആരോഗ്യം പ്രയാസപ്പെടുന്ന ജനങ്ങള്‍ ലോകത്ത് ജീവിക്കുന്ന ഘട്ടത്തിലാണ് 2022ലെ ലോക ശുചിമുറി ദിനം ആചരിക്കുന്നത്.

2019 ല്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചെങ്കിലും പരസ്യമായ മലമൂത്ര വിസര്‍ജനത്തിന് രാജ്യത്ത് വിലക്കുണ്ടെങ്കിലും 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ 19% കുടുംബങ്ങള്‍ക്കും കക്കൂസ് ഇല്ല എന്നത് കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്. 81% കുടുംബങ്ങള്‍ക്കും കക്കൂസ് ഉണ്ടെങ്കിലും ആരോഗ്യ വിഭാഗം നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള ശുചിമുറികള്‍ ഇല്ലാത്തവരാണ് ഗ്രാമീണ മേഖലയിലുള്ളവരില്‍ 25%ല്‍ ഏറെയും. ബീഹാറില്‍ 62% പേര്‍ക്കും ജാര്‍ഖണ്ഡില്‍ 70% പേര്‍ക്കും ഒഡീഷയില്‍ 71% പേര്‍ക്കും മാത്രമാണ് ശുചിമുറി ഉള്ളത്.

ശുചിത്വത്തിന്റെ കാര്യത്തില്‍ ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കേരളത്തില്‍ അടുത്തിടെ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്ന കാര്യങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ 62% ജനങ്ങളും ശുദ്ധജലത്തിനായി ആശ്രയിക്കുന്ന 78.6% കിണറുകളിലും ഇ-കോളി ബാക്ടീരിയുകളുണ്ട് എന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ 62,398 പൊതു ജലാശയങ്ങളിലെ സാമ്പിളുകളിലും ഇ-കോളി ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നത് കക്കൂസ് മാലിന്യം ശുദ്ധജല സ്രോതസുകളിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവാണ്. സ്വന്തം വീട്ടിലെ ടോയ്‌ലറ്റ് കൊണ്ട് പ്രകൃതിക്ക് ഉപദ്രവമില്ലായെന്ന് ഉറപ്പുവരുത്താനുള്ള അവസരമാണ് ലോക ശുചിമുറി ദിനംകൊണ്ട് സംജാതമായിട്ടുള്ളത്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 859 പേര്‍ ജീവിക്കുന്നതുകൊണ്ട് കിണറുകളും സെപ്റ്റിക്ക് ടാങ്കും തമ്മിലുള്ള ദൂരം ഏഴര മീറ്ററായി ചുരുക്കിയതുകൊണ്ടും കിണറിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിവരുന്നതും ഭൂഗര്‍ഭജലത്തിലേക്ക് വ്യാപാരിക്കുന്നതും തടയാനുള്ള ജാഗ്രത ഓരോരുത്തരും സ്വീകരിക്കുവാന്‍ ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *