കോഴിക്കോട്: എന്‍.ഐ.ടിയും ബോഷ് ഗ്ലോബല്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസും സംയുക്തമായി വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനീയറിങ്ങില്‍ ഒരു പുതിയ എം.ടെക് പ്രോഗ്രാം തുടങ്ങുന്നു. വ്യവസായ-അക്കാദമിക സഹകരണത്തില്‍ ഒരു പുതിയ പാത വെട്ടിത്തുറക്കുന്ന ഈ നൂതന സംരംഭത്തിനായി എന്‍.ഐ.ടിയും ബോഷ് ടെക്‌നോളജിയും ധാരണാപത്രം ഒപ്പിട്ടു. ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ടെക്‌നോളജിയില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഡസ്ട്രി സ്‌പോണ്‍സേര്‍ഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമാണിത്. ഇലക്ട്രിക് വാഹന ഉല്‍പ്പന്ന വികസനത്തില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ വൈദഗ്ധ്യം നേടിയെടുക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് പുതിയ എം.ടെക് പ്രോഗ്രാം. പ്രോഗ്രാമിലെ എല്ലാ വിഷയങ്ങള്‍ക്കും ഒരു വ്യവസായ കേസ് പഠനവും തുടര്‍ന്ന് ഇന്‍ഡസ്ട്രി പ്രോജക്റ്റും ഉണ്ടായിരിക്കും.
ഈ പ്രോഗ്രാമിനായി ബി.ജി.എസ്.ഡബ്ല്യു അവരുടെ ജീവനക്കാര്‍ക്കായി എല്ലാ വര്‍ഷവും സീറ്റുകളുടെ ഒരു ഭാഗം സ്‌പോണ്‍സര്‍ ചെയ്യുന്നു. ബാക്കിയുള്ള സീറ്റുകള്‍ മറ്റ് വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വാശ്രയ വിഭാഗത്തിന് കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. കൂടാതെ, പ്രോഗ്രാമിന്റെ വ്യവസായ സെഷനുകളും ബോഷ് വോളണ്ടിയര്‍ ചെയ്യും. 2022 നവംബര്‍ 18ന് എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണയും, ബി.ജി.എസ്.ഡബ്ല്യു മൊബിലിറ്റി എന്‍ജിനീയറിങ്ങ് എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് ടീം അംഗവും സീനിയര്‍ വൈസ് പ്രസിഡന്റുമായ ആര്‍.കെ ഷേണായിയും ധാരണാപത്രം ഒപ്പുവെച്ചു. ചടങ്ങില്‍ ബോ ഷില്‍ നിന്നുള്ള യൂസഫ് ഉസ്മാന്‍ (ഇലക്ട്രിക് വെഹിക്കിള്‍സ് എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ്), മോഹന്‍ ബെള്ളൂര്‍ (ഹെഡ് ഓഫ് ലേണിംഗ് ആന്‍ഡ് ഡവലപ്‌മെന്റ്, എച്ച്.ആര്‍), സജിത് സി.പി (ഇലക്ട്രിക് വെഹിക്കിള്‍സ് വിഭാഗം മേധാവി), പ്രശാന്ത് പതിയില്‍ (CoE ഇലക്ട്രിഫിക്കേഷന്‍ മേധാവി), എന്‍.ഐ.ടി-യില്‍ നിന്ന് പ്രൊഫ. പി. എസ്. സതീദേവി, (ഡെപ്യൂട്ടി ഡയറക്ടര്‍), പ്രൊഫ. അശോക് എസ് (പ്രൊഫസര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) പ്രൊഫ. ജോസ് മാത്യു (ചെയര്‍മാന്‍, സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് റിലേഷന്‍സ്) ഡോ. പ്രീത പി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി), ഡോ. കുമാരവേല്‍ (കോ-ഓഡിനേറ്റര്‍, എം.ടെക്-ഇ.വി പ്രോഗ്രാം), ഡോ.കാര്‍ത്തികേയന്‍.വി (അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനീയറിങ്ങിന്റെ വികസനവും പരിശീലനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ ഡയറക്ടര്‍ പ്രസാദ് കൃഷ്ണ പറഞ്ഞു.
2022-ല്‍ വജ്രജൂബിലി ആഘോഷിച്ച എന്‍.ഐ.ടി കാലിക്കറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ല് ആണ് ബോഷ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ എം.ടെക് പ്രോഗ്രാം. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ വ്യവസായ മേഖലകളിലെയും പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് ഈ പ്രോഗ്രാം ഓഫര്‍ ചെയ്യും. എന്‍.ഐ.ടി കാലിക്കറ്റ് ഈ എം.ടെക് പ്രോഗ്രാമിലേക്ക് വരുന്ന അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും.