നാദാപുരം: ഗ്രാമപഞ്ചായത്തില്‍ 2023 /24 വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഷെല്‍ഫ് ഓഫ് പ്രൊജക്റ്റ് തയ്യാറാക്കുന്നതിന് ‘നീരുറവ’ ശില്‍പശാല നടത്തി. ലേബര്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് വാര്‍ഷികകര്‍മ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണ് മുന്നൊരുക്കമായി ശില്‍പശാല നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് നിയമത്തിലെ പട്ടിക മൂന്നില്‍ ഭേദഗതി വരുത്തിയ സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തികളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ജനപ്രതിനിധികള്‍, തൊഴിലുറപ്പ് മാറ്റുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ശില്‍പശാല സംഘടിപ്പിച്ചത്.
പ്രകൃതിവിഭവ പരിപാലനം, ഭൂജലവിതാനം ഉയര്‍ത്തല്‍, നീര്‍ത്തട സംരക്ഷണം, സൂക്ഷ്മ ചെറുകിട ജലസേചന പദ്ധതികള്‍, ജലസേചന കുളം, ഭൂവികസന പ്രവര്‍ത്തികള്‍, ഭൂമിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കല്‍, എന്‍.ആര്‍.എല്‍.എം പദ്ധതിയിലെ വര്‍ക്ക് ഷെഡ് നിര്‍മാണം, ഖര-ദ്രവ്യമാലിന്യ സംസ്‌കരണം, ഓടകള്‍ കലുങ്കുകള്‍ നിര്‍മാണം, തോട് സംരക്ഷണം, വ്യക്തിഗത ആസ്തി സൃഷ്ടികള്‍ എന്നീ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ശില്‍പശാലയില്‍ ചര്‍ച്ച നടത്തിയത്. ശില്‍പശാല നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ബ്ലോക്ക് തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്.അശ്വിന്‍, നവ കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.കുഞ്ഞിരാമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, ജനീത ഫിര്‍ദൗസ്, മെംബര്‍ പി.പി ബാലകൃഷ്ണന്‍ തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നവനീത് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.