ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ ഒരുങ്ങുന്നു

ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ ഒരുങ്ങുന്നു

എന്‍സി

തിരുവനന്തപുരം: ഭിന്നശേഷി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നല്‍ നല്‍കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ (യു.ഇ.സി) കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഒരുങ്ങുന്നു. ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണത്തിലൂടെ തൊഴില്‍ നല്‍കുന്ന യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററില്‍ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍, കലാവതരണ വേദികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അഞ്ച് ഏക്കറില്‍ തികച്ചും ഭിന്നശേഷി സൗഹൃദപരമായാണ് ഈ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് നാഴികകല്ലാകുന്ന വിവിധ പദ്ധതികള്‍ അടങ്ങുന്ന ഈ സെന്റര്‍ ലോകത്തുതന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്.

ഭിന്നശേഷിക്കുട്ടികളുടെ വിദ്യാഭ്യാസം, കലാ-കായികമേഖലകളിലെ വിദഗ്ധ പരിശീലനം, മാനസിക ആരോഗ്യ സാമൂഹ്യ മേഖലയിലെ പുരോഗതി എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നേടി കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകള്‍ സെന്ററില്‍ ഒരുങ്ങുന്നുണ്ട്. കാഴ്ച-കേള്‍വി-ചലന പരിമിതര്‍ക്ക് തങ്ങളുടെ കലാവൈഭവം പ്രദര്‍ശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാര്‍ക്നെസ്, മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികള്‍ തയ്യാറാക്കിയിരിക്കുന്നു. ഇതിന് പുറമെ ചിത്രകലാപ്രദര്‍ശനത്തിന് ആര്‍ട്ടീരിയയും ഉപകരണസംഗീതത്തിന് സിംഫോണിയയും ഗവേഷണ കുതുകികളായ കുട്ടികള്‍ക്ക് സയന്‍ഷ്യ എന്ന പേരില്‍ അതിവിപുലവും വിശാലവുമായ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്.

അഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളുന്ന ഗ്രാന്റ് തീയേറ്ററാണ് സെന്ററിന്റെ മറ്റൊരു സവിശേഷത. ഭിന്നശേഷിക്കുട്ടികളുടെ കലാസംഗമവേദിയാണിവിടം. ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂര്‍ നീളുന്ന മെഗാ ഷോയാണ് ഇവിടെ അരങ്ങേറുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളോടെയാണ് സെന്ററിലെ ഓരോ വിഭാഗവും നിര്‍മിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകളും യു.ഇ.സിയുടെ മറ്റൊരു സവിശേഷതയാണ്. കുട്ടികളുടെ മാനസിക സ്വഭാവ വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൈക്കോതെറാപ്പി/ബിഹേവിയര്‍ തെറാപ്പി സെന്റര്‍, സെന്‍സറി ഇംപ്രൂവ്മെന്റ്, ഭാവനാ ശേഷി എന്നിവ വര്‍ധിപ്പിക്കുന്നതിനുവേണ്ടി വെര്‍ച്വല്‍ തെറാപ്പി സെന്റര്‍, ഒരു കുട്ടിയിലുള്ള ശാരീരിക കുറവ് കണ്ടെത്തി ആ പ്രത്യേക ഭാഗത്തെ ഉത്തേജിപ്പിച്ച് കുറവ് പരിഹരിക്കുന്നതിനുള്ള ഒക്കുപേഷണല്‍ തെറാപ്പി, മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഫിസിയോ തെറാപ്പി, സംസാരത്തില്‍ കുറവുകള്‍ വന്ന കുട്ടികള്‍ക്ക് അവരുടെ ന്യൂനതകള്‍ ശാസ്ത്രീയമായി കണ്ടെത്തി വാക്കുകള്‍ ശരിയായി ഉച്ഛരിക്കുവാന്‍ പരിശീലനം നല്‍കുന്നതിനുവേണ്ടി സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, സെന്‍സറി ഓര്‍ഗന്‍സിനെ ഉത്തേജിപ്പിച്ച് കുറവുകള്‍ മാറ്റിയെടുക്കുന്നതിനുവേണ്ടി സെന്‍സറി തെറാപ്പി സെന്റര്‍ എന്നിവയാണ് തെറാപ്പി വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്.

തെറാപ്പി സെന്ററില്‍ വിദഗ്ധരായ ഫാക്കല്‍റ്റികളുടെ മുഴുവന്‍ സമയ സേവനവും ഒരുക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്, ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് തെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകള്‍ അകറ്റുവാനുള്ള ട്രെയിന്‍ യാത്രയും യു.ഇ.സിയുടെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നാണ്. കായിക വികാസത്തിനായി ഡിഫറന്റ് സ്പോര്‍ട്സ് സെന്ററും സെന്ററിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗ്രൗണ്ടുകളും ടര്‍ഫുകളും സജ്ജമാക്കുന്നുണ്ട്. സ്പെയിന്‍ ജിബ്രാള്‍ട്ടര്‍ സ്വദേശിയും ഗോകുലം കേരള അക്കാദമി ഹെഡ് കോച്ചുമായ ജോയല്‍ റിച്ചാര്‍ഡ് വില്യംസാണ് കുട്ടികള്‍ക്ക് കായിക പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്ററും യു.ഇ.സിയുടെ ഭാഗമാണ്. യു.ഇ.സി കാണാനെത്തുന്നവര്‍ക്ക് നയനാനന്ദരമായ രീതിയിലാണ് സെന്ററിന്റെ നിര്‍മാണ രീതികള്‍.

2019ല്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിന്റെ തുടര്‍ച്ചയെന്നോണമാണ് യു.ഇ.സി നടപ്പിലാക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന 200 കുട്ടികളാണ് വിവിധ കലകളില്‍ പരിശീലനം നേടി വരുന്നത്. പരിശീലനം സിദ്ധിച്ച ഈ കുട്ടികള്‍ക്ക് കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികളും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സെന്റര്‍ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ക്ക് മുന്നില്‍ കലകള്‍ അവതരിപ്പിക്കുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവും ഈ കുട്ടികളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് കാരണമായി. അതുകൊണ്ട് തന്നെ കേരള സര്‍ക്കാരിന്റെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ കുട്ടികള്‍ക്ക് മാനസികവും ശാരീരികവും സാമൂഹ്യവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്ടര്‍മാരുടെ പാനല്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത് ഭിന്നശേഷി മേഖലയില്‍ വലിയൊരു മുന്നേറ്റത്തിന് വഴിതെളിച്ചിരിക്കുകയാണ്.

ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭിന്നശേഷിക്കുട്ടികളില്‍ പരമാവധി കുട്ടികള്‍ക്ക് സെന്ററിന്റെ പ്രയോജനം ഉണ്ടാക്കുക എന്നതാണ് പുതിയ പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങള്‍ക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ഉദ്ദേശം. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഒരു കുട്ടിയെ എങ്കിലും അയയ്ക്കുവാനുള്ള സ്വപ്‌നങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ഭിന്നശേഷിക്കുട്ടികള്‍ക്കായി ഒരു സര്‍വകലാശാല എന്ന സങ്കല്‍പ്പമാണ് ഈ സെന്ററുകളുടെ പിന്നിലുള്ളതെന്ന് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാട് മാധ്യമസംഗമത്തില്‍ വിശദീകരിച്ചു.

മാധ്യമ സംഗമത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. എല്‍ദോ കുര്യാക്കോസിന്റെ ഫിഗര്‍ ഷോ, കേള്‍വി പരിമിതരായ ആര്‍ദ്രയും അപര്‍ണയും ചേര്‍ന്ന് അവതരിപ്പിച്ച മാജിക് ഷോ, കാഴ്ചപരിമിതനായ ശ്രീകാന്തിന്റെ ആലാപനത്തിന് കാശിനാഥിന്റെ താളമിടല്‍, റുക്സാന അന്‍വറിന്റെ വയലിന്‍ ഷോ, ഭിന്നശേഷിക്കുട്ടികളുടെ ചിത്രകലാപ്രദര്‍ശനവും അരങ്ങേറി. വിസ്മയങ്ങളുടെ പുതുലോകം സൃഷ്ടിച്ച ട്രെയിന്‍ യാത്രയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതു അനുഭവമേകി.

Share

Leave a Reply

Your email address will not be published. Required fields are marked *