കോഴിക്കോട്: സംസ്ഥാനത്ത് സിമന്റിന്റെ ഉള്‍പ്പെടെ നിര്‍മാണ സാധനങ്ങളുടെ വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവിശപ്പെട്ടു.വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള പ്രായോഗികമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വിലവര്‍ധനവ് കാരണം ഈ മേഖലയിലെ വ്യാപാരികളും വളരെ ദുരിതത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നേരിട്ട് തൊഴില്‍ ചെയ്യുന്ന മേഖലയാണ് നിര്‍മാണ മേഖല. നിര്‍മാണ മേഖലയിലെ തകര്‍ച്ച തൊഴില്‍ നഷ്ടത്തിനും സംസ്ഥാനത്തെ സാമ്പത്തിക മേഖലയുടെ തകര്‍ച്ചക്കും കാരണമാകും. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ് ഉല്‍പാദനം കൂട്ടി വിപണിയില്‍ ഇടപെട്ടാല്‍ ഈ വിലവര്‍ധനവിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും.
നിലവില്‍ വിപണിയുടെ നാല് ശതമാനം മാത്രമാണ് മലബാര്‍ സിമന്റിന്റെ വില്‍പ്പന, മറ്റ് സ്വകാര്യ കമ്പനികളാണ് വിപണിയുടെ 96 ശതമാനവും കൈയ്യടക്കിയിരിക്കുന്നതും വില നിയന്ത്രിക്കുന്നതും. സ്വകാര്യ കമ്പനികള്‍ വിലവര്‍ധിപ്പിക്കുമ്പോള്‍ അവര്‍ക്ക് അനുകൂലമായ രീതിയില്‍ മലബാര്‍ സിമന്റും വില വര്‍ധിപ്പിക്കുകയാണ്. വിപണി വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ മലബാര്‍ സിമന്റ് വില്‍ക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി റെഗുലേറ്ററി ബോര്‍ഡ് സ്ഥാപിക്കാനും തയ്യാറാകണം. കമ്പനികള്‍ സംഘടിതമായി ആണ് വിലവര്‍ധനവ് നടപ്പിലാക്കുന്നത് അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കണം എന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.