കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിന മത്സരങ്ങള്‍ 17 മുതല്‍

കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; സ്‌റ്റേജിന മത്സരങ്ങള്‍ 17 മുതല്‍

കോഴിക്കോട്: സിറ്റി ഉപജില്ലയുടെ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിന മത്സരങ്ങള്‍ 17, 18, 19 തിയതികളിലായി നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.ജയകൃഷ്ണനും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വരുണ്‍ ഭാസ്‌കറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങള്‍ 12 വേദികളിലായാണ് നടക്കുന്നത്. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹിമായത്തുള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ആന്റണീസ് എ.യു.പി സ്‌കൂള്‍, സെന്റ് ആഞ്ചലാസ് എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് മറ്റ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗുജറാത്തി ഹൈസ്‌കൂളില്‍ നിര്‍മിക്കുന്ന വിശാലമായ പന്തലിലാണ് ഭക്ഷണശാല. സബ്ജില്ലയിലെ 90 സ്‌കൂളുകളില്‍ നിന്നുള്ള 4800 കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്‌.

സ്റ്റേജ് ഇതര മത്സരങ്ങള്‍ ഉള്‍പ്പെടെ 6300 ഓളം കലാപ്രതിഭകള്‍ എത്തിച്ചേരുന്ന ഈ സബ്ജില്ലാ മത്സരം സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവങ്ങളില്‍ ഒന്നാണ്. സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷേര്‍ലി ജോസഫാണ് കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍. കോര്‍പറേഷന്‍ കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍ ചെയര്‍മാനായും സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സുഭാഷ് എന്‍.കെ കണ്‍വീനറുമായുള്ള 251 അംഗ പ്രോഗ്രാം കമ്മിറ്റിയും കലോത്സവ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 17ന് വൈകീട്ട് നാല് മണിക്ക് മേയര്‍ ബീനാ ഫിലിപ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍  ഫെസ്റ്റിവല്‍ കണ്‍വീനര്‍ വി.പി മനോജ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജു.എന്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *