ഗസ് നയന്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് 17,18,19 തീയതികളില്‍

ഗസ് നയന്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റ് 17,18,19 തീയതികളില്‍

കോഴിക്കോട്: ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബും വെള്ളിമാട്കുന്നിലെ ക്രെസന്റ് ഫുട്ബോള്‍ അക്കാദമിയും ചേര്‍ന്ന് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്റ്റേഡിയത്തില്‍ 17,18,19 തിയതികളിലാണ് ഗസ് നയന്‍ ട്രോഫിക്ക് വേണ്ടിയുളള ടൂര്‍ണമെന്റ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്, ക്രെസന്റ് അക്കാദമി, മാധ്യമം റിക്രിയേഷന്‍ ക്ലബ്, ഗസ് നയന്‍ സ്പോര്‍ട്സ് ആന്‍ഡ് യൂണിറ്റി ക്ലബ്, ജെ.ഡി.ടി ഫുട്ബോള്‍ ക്ലബ്, ഇഖ്റ ഹോസ്പിറ്റല്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് 17ന് വൈകുന്നേരം നാല് മണിക്ക് എം.കെ രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശനമത്സരവുമുണ്ടാകും. ഈ ടീമുകളുടെ താരങ്ങളും ആരാധകരുമൊന്നിച്ച് ബൈക്ക് റാലി നടത്തിയാണ് മത്സരത്തിനായി ഗ്രൗണ്ടിലെത്തുക. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, പഴയകാല ഫുട്ബോള്‍ താരങ്ങള്‍, പ്രമുഖ കളിയെഴുത്തുകാര്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ അതിഥികളായെത്തും.

ലോകകപ്പിന്റെ ലഹരി പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കി അവരെ മയക്കുമരുന്ന് പോലുള്ള ദൂഷിതവലയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. അതുകൊണ്ടാണ് ‘ലോകകപ്പ് തന്നെ ലഹരി’ എന്ന പ്രമേയം ടൂര്‍ണമെന്റിനായി സ്വീകരിച്ചത്. 1986 മുതല്‍ വെള്ളിമാടുകുന്ന് ആസ്ഥാനമായി കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനമാണ് ക്രെസന്റ് അക്കാദമി. മൂന്ന് വയസ് മുതല്‍ എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ ഇവിടെ പരിശീലനത്തിനെത്തുന്നുണ്ട്. അക്കാദമിയില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങിയ നിരവധി കുട്ടികള്‍ ഇന്ന് രാജ്യത്തെയും വിദേശത്തെയും പല ക്ലബുകള്‍ക്ക് വേണ്ടിയും കളിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ പരിശീലകനുമായ എന്‍.എം നജീബും ക്രെസന്റ് അക്കാദമിയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനെത്തുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, സെക്രട്ടറി പി.എസ് രാകേഷ്, ക്രെസന്റ് ഫുട്ബോള്‍ അക്കാദമി ചെയര്‍മാന്‍ പി.എം ഫയാസ്, ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *