നാദാപുരം: ചേലക്കാട് സ്വദേശികളായ രണ്ടു കുട്ടികള്‍ക്കും മാതാവിനും നാദാപുരത്തെ എം.ആര്‍.എ ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സ് കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. സ്ഥാപനത്തിലെ മലിനജല സംസ്‌കരണ സംവിധാനം തൃപ്തികരമല്ലാത്തതിനാല്‍ അത് പരിഹരിക്കുന്നത് വരെ സ്ഥാപനത്തിലെ കൂള്‍ബാര്‍, ചായ വിഭാഗം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. രണ്ടുദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ സമീപത്തുള്ള ഹൈ ലുക്ക് ടീഷോപ്പ്, ബേക്ക് പോയിന്റ് എന്നീ സ്ഥാപനങ്ങള്‍ക്കും കൂള്‍ബാര്‍, ടിഷോപ്പ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. സ്ഥാപനങ്ങളിലെ മലിന ജല സംസ്‌കരണ സംവിധാനം മാറ്റി ശാസ്ത്രീയമായ സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പ്രീജിത്ത്, സി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.