ശിശുദിനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെയാണ്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ആണ് ശിശുദിനമായി ആചരിക്കുന്നത്. 1889 നവംബര്‍ 14നാണ് നെഹ്റുവിന്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അടുപ്പവും ഏറെപ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബയും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്റു. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.
ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഹ്റുവും ആസാദും പട്ടേലുമുള്‍പ്പെടുന്ന, ദീര്‍ഘദര്‍ശനവും ഇച്ഛാശക്തിയും കൈമുതലായ പ്രഗത്ഭരുടെ നിരയെത്തന്നെ സ്വതന്ത്രഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ ലഭിച്ചുവെന്നത് രാഷ്ട്രത്തിനും വൈവിധ്യമാര്‍ന്ന ജനസഞ്ചയത്തിനും കൈവന്ന മഹാഭാഗ്യമായിരുന്നു. അവര്‍ക്ക് വ്യക്തമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഷ്ട്രശില്പ്പിയുമായ ജവഹര്‍ലാന്‍ നെഹറുവിന് ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് ഉള്ളത്. വിഭജനവും വര്‍ഗീയ കലാപവും നാട്ടുരാജ്യങ്ങളുടെ സംയോജനവും കോളനി വാഴ്ച തകര്‍ത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തിക ഘടനയും ഏതു നിമിഷവും അഭ്യന്തര യുദ്ധത്തിലേക്കോ ഏകാധിപത്യത്തിലേക്കോ അരാജകത്വത്തിലേക്കോ വഴി മാറിയേക്കാവുന്ന രാജ്യത്തെ ഇന്ന് ഈ നിലയിലേക്ക് മാറ്റിയെടുത്തത് പണ്ഡിറ്റ്ജിയാണ്. എതിരാളികളെ പോലും ഒപ്പം കൂട്ടി രാജ്യത്തിന്റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ച നെഹ്റു. സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ടാഴ്ച മുമ്പേ സ്വതന്ത്ര ഇന്ത്യയുടെ ക്യാബിനറ്റ് എങ്ങിനെയായിരിക്കണമെന്ന കാഴ്ചപ്പാട് ആ ക്രാന്തദര്ശിക്കുണ്ടായിരുന്നു. ക്യാബിനറ്റ് റാങ്കില്‍ മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ തന്നെ ധാരാളം പേര് ഉണ്ടായിരിക്കേ സങ്കീര്‍ണമായ ഒരു പ്രതിസന്ധി മറികടക്കാന്‍ തന്റെ കൂടെ ചേര്‍ക്കുന്നവര്‍ക്കും പ്രവര്‍ത്തന മികവ് കൂടിയേ തീരൂ എന്ന് അദ്ദേഹം തീരുമാനിച്ചു.
എത്ര കഴിവുറ്റ ഭരണാധികാരിക്കും ചുവട് പിഴച്ചു പോകാവുന്ന അസാധാരണ അവസ്ഥയിലൂടെയാണ് പുതിയ ഇന്ത്യ കടന്നു പോകുന്നത് എന്ന ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു.അതു കൊണ്ട് ആദ്യത്തെ കാബിനറ്റ്, എതിര്‍സ്വരങ്ങളെ ബഹുമാനിച്ചുകൊണ്ട് മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പ്രഗത്ഭരെയും ഉള്പ്പെടുത്തിക്കൊണ്ടാകണമെന്ന് നെഹ്റു തീരുമാനിച്ചു. അങ്ങനെയാണ് മുപ്പതുകളിലും നാല്‍പ്പതുകളിലും ഗാന്ധിജിക്കും കോണ്‍ഗ്രസിനുമെതിരെ അതിശക്തമായ വിമര്‍ശനം ഉയര്‍ത്തിയ അംബേദ്കറെ നിയമമന്ത്രിയാക്കിയത്. മറ്റൊരുദാഹരണമാണ് കടുത്ത കോണ്‍ഗ്രസ് വിമര്ശകന് ആയിരുന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവ് ഷണ്മുഖം ഷെട്ടി ധനമന്ത്രിയായതും. എന്തിനേറെ ദേശീയ പ്രസ്ഥാനത്തിന് നേരെ എന്നും പുറം തിരിഞ്ഞുനിന്ന ഹിന്ദു മഹാസഭയുടെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ വ്യവസായ മന്ത്രിയാക്കുന്നതില്‍ വരെ എത്തി. ഇത്രയും ഉദാത്തമായ ജനാധിപത്യ മര്യാദ നെഹറുവില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നു കിട്ടാന്‍. ഇന്നത്തെ ഒരു നേതാവിനു പോലും സ്വപ്നം കാണാന്‍ കഴിയാത്ത രാഷ്ട്രീയ ബോധം.
ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ ബ്രിട്ടീഷ് ബ്യൂറോക്രസിയുടെ പര്യായമായിരുന്ന വി.പി മേനോനും തര്ലോകസിങ്ങും സുകുമര്‍ സെന്നിനെയും അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ നല്കി. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടി ചേര്‍ക്കുന്നതില്‍ പട്ടേലിനൊപ്പം നിര്‍ണായക പങ്കുവഹിച്ചത് വി.പി മേനോനായിരുന്നു. പൊതു തെരെഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം സുകുമാര്‍ സെന്നിനും തര്ലോക്സിങ്ങ് അഭയാര്‍ത്ഥി പ്രവാഹത്തെ നിയന്ത്രിച്ചു. എതിരാളികളുടെ പ്രാഗത്ഭ്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നെഹ്റു ശ്രദ്ധിച്ചത്.അങ്ങനെയാണ് എകശിലാരൂപമല്ലാത്ത ഒരു ദേശരാഷ്ട്ര മാതൃക സമാനതകളില്ലാത്ത ധൈഷണികതയോടെ അതിലേറെ പ്രയോഗികതയോടെ നെഹ്റു കെട്ടിപ്പടുത്തത്. അതുകൊണ്ടു തന്നെയാണ് രാഷ്ടശില്പി എന്ന നാമത്തിന് അദ്ദേഹം അര്‍ഹമായതും.
ജവഹര്‍ലാല്‍ നെഹറുവിന്റെ ‘മഹാക്ഷേത്രങ്ങള്‍’അയോധ്യയിലോ സോമനാഥിലോ മധുരയിലോ ആയിരുന്നില്ല. ആ മഹാക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ ജനതയെ ധ്രുവീകരിച്ചിട്ടുമില്ല. അത് കോടിക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ സുരക്ഷയും രാജ്യത്തിന് വ്യാവസായിക പുരോഗതിയും നല്കിയ നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളായിരുന്നു. ഇന്ന് മഹാക്ഷേത്രങ്ങളില്‍ ബാക്കിയുള്ളത് കൂടി സ്വകാര്യ മേഖലക്ക് വിറ്റഴിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്റു രാഷ്ട്രീയ ഭൂമികയില്‍ അത്രമേല്‍ പ്രസക്തനാവുന്നത്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പോലും രാഷ്ട്ര ശരീരത്തില്‍ നിന്ന് മാഴ്ചു കളയാന്‍ നിരന്തരം ശ്രമിക്കുമ്പോഴും പണ്ഡിറ്റ് എന്ന ക്രാന്തദര്‍ശി ഇന്നും ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കൈയ്യൊപ്പ് ആഴത്തില്‍ പതിഞ്ഞത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ ആയതുകൊണ്ടാണ്.
നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ദര്‍ശനത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ നെഹ്റു തയ്യാറല്ലായിരുന്നു. ഹിന്ദുവും മുസല്‍മാനും സിക്കുക്കാരനും ജൈനനും ബുദ്ധമതക്കാരുമെല്ലാം ഒരേ ചെടിയിലെ പൂക്കളാണെന്നദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു മതവിശ്വാസി അല്ലാതിരുന്ന പണ്ഡിറ്റ്ജി എല്ലാ മതങ്ങളെയും ആദരിക്കുകയും എന്നാല്‍ തന്റെ വിശ്വാസം രാഷ്ട്രത്തിനും ജനതയ്ക്കും ഒരുതരത്തിലും സ്വാധീനമാകാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തുകയും ചെയ്തു.
ജവഹര്‍ലാല്‍ ആരായിരുന്നു? രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ അദ്ദേഹം ലോകം അറിയപ്പെടുന്നൊരു കവി ആവുമായിരുന്നുവെന്ന് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ചരിത്രവും രാഷ്ട്രമീമാംസയും തത്വശാസ്ത്രവും എല്ലാം അദ്ദേഹത്തിന്റെ സഹചാരികളായിരുന്നു. ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും അദ്ദേഹം വെച്ചുപുലര്‍ത്തി. കുട്ടികളാണ് നാളത്തെ രാഷ്ട്രപൗരന്മാരായി വളരേണ്ടവര് എന്ന തിരിച്ചറിവായിരിക്കാം പണ്ഡിറ്റ്ജി കുട്ടികളെ ഇത്രമാത്രം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യാനുള്ള കാരണം. കുട്ടികള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം ‘ചാച്ചാജി’ എന്നും വിളിച്ചു. ‘വിശ്വചരിത്രാവലോകനം’, ‘ഇന്ത്യയെ കണ്ടെത്തല്‍’ തുടങ്ങിയ മികച്ച ഗ്രന്ഥപരമ്പരകള്‍ പണ്ഡിറ്റ്ജിയില്‍ നിന്നും രാഷ്ട്രത്തിന് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി രചിച്ച, (മകള്‍ ഇന്ദിരാഗാന്ധിക്ക് ജയിലില്‍നിന്നും അയച്ച കത്തുകള്‍) ‘ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍’ ഉള്‍പ്പെടെയുള്ള ബാലസാഹിത്യകൃതികളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടവ തന്നെ.
എല്ലാവര്‍ഷവും നവംബര്‍ 14 ന് ശിശുദിനമായി ആചരിക്കുമ്പോള്‍ രാഷ്ട്രം അദ്ദേഹത്തിന്റെ ദീപ്തസ്മരണ പുതുക്കുകകൂടിയാണ് ചെയ്യുന്നത്. ഇന്ത്യയിലെന്നല്ലെ, ഭൂരിഭാഗം ലോകരാജ്യങ്ങളിലും ആചരിക്കുന്ന ശിശുദിനം ലോകത്താകമാനമുള്ള കുട്ടികളുടെ ക്ഷേമവും ഐശ്വര്യവുമാണ് ലക്ഷ്യമിടുന്നത്. ആദ്യത്തെ ശിശുദിനാചരണം 1954 ലായിരുന്നു. ഇന്ത്യകണ്ട പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനും മുന്‍ പ്രതിരോധമന്ത്രിയുമായ വി.കെ കൃഷ്ണമേനോന് ആയിരുന്നു ഇത് വിഭാവനം ചെയ്തത്. അന്താരാഷ്ട്ര ബാലദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ ബോധ്യപ്പെടുത്തിയത് കൃഷ്ണമേനോന് ആയിരുന്നു. അതിനുശേഷമാണ് ലോകമാകെ ശിശുദിനം ആചരിച്ചുതുടങ്ങിയത്.
ശിശുദിനം ആദ്യം ആചരിച്ചിരുന്നത് ആഗോളതലത്തില്‍ ഒക്ടോബറിലായിരുന്നു. 1959നുശേഷമാണ് നവംബര്‍ 20ന് ശിശുദിനം ആചരിക്കാന്‍ ആരംഭിച്ചത്. ബാലാവകാശം ഒരു ഭരണഘടനാ അവകാശമായി യു.എന്‍ അംഗീകരിച്ചതിന്റെ വാര്‍ഷികദിനമായിരുന്നു അത്. 1989ല്‍ കുട്ടികളുടെ അവകാശത്തിനുള്ള അന്താരാഷ്ട്ര കണ്വെന്ഷന് ഒപ്പുവച്ചതും ഈ ദിനമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് നെഹ്റുവിന്റെ ജന്മദിനത്തിലാണ് ആചരിച്ചുവരുന്നത്. അതേസമയം മറ്റുരാജ്യങ്ങളില്‍ ഇപ്പോഴുമിത് നവംബര്‍ 20നാണ്. നെഹ്റുവിനേയും കുട്ടികളേയും ആദരിക്കുക എന്നതാണ് ഇന്ത്യയിലെ ശിശുദിനാചരണത്തിന്റെ ലക്ഷ്യം. 1964ല്‍ നെഹ്റുവിന്റ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ചാച്ചാനെഹ്റുവിന്റെ ചിത്രം അലങ്കരിച്ച് അതില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിക്കുന്നതോടെ തീരുന്നതല്ല അദ്ദേഹത്തോടുള്ള നമ്മുടെ ആദരം. ശുചീകരണമായാലും ഭരണസ്ഥിരതയായാലും മതേതര ജീവിതമായാലും രാഷ്ട്രത്തിന്റെ കെട്ടുറപ്പായാലും എല്ലാം നെഹ്റുവിനെപ്പോലുള്ള മഹാത്മാഗാന്ധിയെപ്പോലുള്ള, മൗലാനാ ആസാദിനെപ്പോലുള്ള നമ്മുടെ രാഷ്ട്രശില്പ്പികള് നമുക്കു പകര്‍ന്നുതന്ന മഹാജ്ഞാനങ്ങളാണ്. ഏതെങ്കിലും തരത്തിലെ രാഷ്ട്രീയപ്പകപോക്കല്‍ ലക്ഷ്യംവച്ചുള്ള ശുചീകരണ മാമാങ്കവും പ്രതിമനിര്‍മാണ മഹോത്സവവുമെല്ലാം ഇന്ത്യയുട അഖണ്ഡതയെ ശക്തിപ്പെടുത്താനല്ല, തകര്‍ക്കാനേ ഉപകരിക്കൂ എന്ന സത്യവും ഭരണാധികാരികള്‍ ഈ സുദിനത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. പണ്ഡിറ്റ്ജിയുടെ 133ാം പിറന്നാളില്‍ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാവുക എന്നതാവട്ടെ നമ്മുടെ പ്രതിജ്ഞ.ഏവര്‍ക്കും ശിശുദിനാശംസകള്‍.