സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പോക്‌സോ നിയമം വഴി കുറ്റകരമാക്കാനുള്ളതല്ല : ഡല്‍ഹി ഹൈക്കോടതി

സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പോക്‌സോ നിയമം വഴി കുറ്റകരമാക്കാനുള്ളതല്ല : ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കാനുള്ളതാണ് പോക്‌സോ നിയമം. എന്നാല്‍, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കി തീര്‍ക്കാനുള്ളതല്ല പോക്‌സോ നിയമമെന്ന് ഡല്‍ഹി ഹൈക്കോടതി. പോക്‌സോ കേസില്‍ ജയിലില്‍ കഴിയുന്ന യുവാവിന് ജാമ്യം അനുവദിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. 17കാരിയുടെ പിതാവ് നല്‍കിയ കേസിലാണ് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവാഹം ചെയ്തയാളാണ് കേസിലെ പ്രതിയായ യുവാവ്.

2021 ജൂണില്‍ ബന്ധുവായ ഒരാള്‍ക്ക് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന പെണ്‍കുട്ടി അവിടെ നിന്ന് ഓടിപ്പോരുകയും സുഹൃത്തായ യുവാവിന്റെ വീട്ടിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് പഞ്ചാബില്‍ പോയി ഇരുവരും വിവാഹിതരായി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പോക്‌സോ പ്രകാരം യുവാവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമത്തിന്റെ ലക്ഷ്യം 18 വയസില്‍ താഴെയുള്ളവരെ ലൈംഗികചൂഷണത്തില്‍നിന്ന് സംരക്ഷിക്കുകയെന്നുള്ളതാണ്. എന്നാല്‍, യുവാക്കളായ വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയും പ്രണയത്തോടെയുമുള്ള ബന്ധത്തെ കുറ്റകരമാക്കി കാണാനുള്ളതല്ല പോക്‌സോ നിയമം. ഓരോ കേസിനെയും സാഹചര്യങ്ങളും വസ്തുതകളും അടിസ്ഥാനമാക്കി വേണം സമീപിക്കാന്‍. കാരണം, ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തി ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം എന്ന് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.

ഒക്ടോബര്‍ 20ന് കോടതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതെന്നും വിവാഹിതയായെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നും യുവാവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്നാണ് കോടതി യുവാവിന് ജാമ്യം നല്‍കിയത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്നും എന്നാല്‍, പ്രണയത്തിന്റെ ഭാഗമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന വസ്തുത ജാമ്യം നല്‍കുന്നതിനായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *