രവി കൊമ്മേരി
ഷാര്‍ജ: 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി
അന്പില് മഹേഷ് പൊയ്യാമൊഴിക്ക് പുസ്തകോത്സവ കമ്മിറ്റിയുടെ പ്രൗഢഗംഭീര സ്വീകരണം. ഷാര്‍ജ പുസ്തകോത്സവ കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവായി ഇന്ന് പുസ്തകോത്സവത്തിന്റെ പ്രധാന വേദിയില്‍ യു.എ.ഇലെ തമിഴ്നാട് നിവാസികളുടെ പ്രതിനിധിയായി എത്തിച്ചേര്‍ന്ന മന്ത്രി മഹേഷ് പൊയ്യാമൊഴിയെ തമിഴ് മക്കള്‍ സ്വീകരിച്ചത് ചെണ്ടവാദ്യവും, താലപ്പൊലിയും, നൃത്തനൃത്യങ്ങളുമായാണ്. യു.എ.ഇലെ തമിഴ് മാനേജ്മെന്റ് സ്കൂള്‍ കുട്ടികള്‍ ആലപിച്ച യു.എ.ഇയുടേയും, ഇന്ത്യയുടേയും ദേശഭക്തിഗാനത്തിനു ശേഷം മന്ത്രി മഹേഷ് പൊയ്യാമൊഴി നിലവിളക്ക് കൊളുത്തി ആരംഭിച്ച ഔദ്യോഗിക ചടങ്ങില്‍ മന്ത്രിക്കൊപ്പം ഹിസ് ഹൈനസ് അബ്ദുള്ള അബ്ദുള്ള അസീസ് ഹുമൈ സാഹിര്‍ അല്‍ ഖാസിമിയും, മുന്‍ തമിഴ്നാട് മന്ത്രി കാളി മുത്തുവും വേദിയില്‍ സന്നിഹിതരായിരുന്നു.
അറിവിന്റെ ശ്രീകോവില്‍ എന്ന ഷാര്‍ജ പുസ്തകമേളയിലെ ‘ വാക്കുകള്‍ ലോകത്തിന്റെ നാനാ കോണിലേക്കും വ്യാപിക്കട്ടെ’ എന്ന മന്ത്രം മുഴക്കുന്ന പ്രിയ ഷാര്‍ജയുടെ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേക ഉപഹാരം തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് വേദിയില്‍ വെച്ച് ഹിസ് ഹൈനസ് അബ്ദുള്ള അബ്ദുള്ള അസീസ് ഹുമൈ സാഹിര്‍ അല്‍ ഖാസിമി നല്കി. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളോടുമൊത്ത് എല്ലാ പ്രധാന അതിഥികളേയും ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്തതിനു ശേഷമാണ് മന്ത്രി വേദി വിട്ടത്.