ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി

കോഴിക്കോട്: അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ന്യായമായ പങ്കാളിത്തവും പ്രാതിനിധ്യവും എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വച്ച് നടത്തുന്ന റിസര്‍വേഷന്‍ സമ്മിറ്റ് ആരംഭിച്ചു. സംവരണത്തെ ആധികാരികമായി വിശകലനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പരിപാടിയായ റിസര്‍വേഷന്‍ സമ്മിറ്റ് യു.ജി.സി മുന്‍ ചെയര്‍മാന്‍ ഡോ. സുഗതോ തൊറാട്ട് ഉദ്ഘാടനം ചെയ്തു. സംവരണത്തെ കുറിച്ചുള്ള പൊതുധാരണകള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് തൊറാട്ട് വ്യക്തമാക്കി. പൊതുമേഖലയില്‍ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലും സംവരണം സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സംവരണത്തെ അഡ്രസ്സ് ചെയ്യുവാനുള്ള ധൈര്യമില്ല. നിലവില്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തെ മറികടക്കാന്‍ ഇന്ത്യയില്‍ ഓള്‍ ഇന്ത്യ കാസ്റ്റ് മൂവ്‌മെന്റ് കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുന്‍ മന്ത്രി നീല ലോഹിതദാസ് നാടാര്‍ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കേരള വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്, എഫ്.ഐ.ടി.യു കേരള പ്രസിഡന്റ് ജ്യോതി ദാസ് പറവൂര്‍, അസറ്റ് ചെയര്‍മാന്‍ കെ. ബിലാല്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിസര്‍വേഷന്‍ സമ്മിറ്റ് ഡയരക്ടര്‍ കെ.കെ അഷ്‌റഫ് സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സെക്രട്ടറി ലത്തീഫ് പി.എച്ച് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *