കോഴിക്കോട്: ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജില്ലാ വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. വസ്ത്ര ധാരണത്തിലടക്കം മതപരമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരേ ശബ്ദിക്കുന്നവര്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മത വിശ്വാസികള്‍ക്കുമേല്‍ മതവിരുദ്ധ ആശയങ്ങള്‍ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം. സ്ത്രീ സുരക്ഷക്ക് സ്രഷ്ടാവിന്റെ സന്ദേശം എന്ന പ്രമേയത്തിലാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്. നിയമ നിര്‍മാണത്തിലുടെ മാത്രം സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തുക സാധ്യമല്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയില്‍ പൗരബോധം വളര്‍ത്തിയെടുക്കാനും മഹല്ല് തലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണം ശക്തമാക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം വിമന്‍സ് സംസ്ഥാന സെക്രട്ടറി നജീബ ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമന്‍സ് ജില്ലാ പ്രസിഡന്റ് എ.വി ഫാഹിസ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി സലിം, മുനവര്‍ സ്വലാഹി, പ്രൊഫ. സഹദ് പുളിക്കല്‍, ഷബീബ് സ്വലാഹി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി വി.ടി ബഷീര്‍, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി സുഹൈല്‍ കല്ലായി, വിസ്ഡം വിമന്‍സ് ജില്ലാ സെക്രട്ടറി സുഹറ ടീച്ചര്‍, റജുവ കൊടിയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.