കോഴിക്കോട്: തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തില്‍നിന്നും ആദ്യ സ്വദേശ് ദര്ശന് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് (ഐ.ആര്.സി.ടി.സി). അസ്ത പുണ്യയാത്ര എന്ന പേരില്‍ ഒരു പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജാണ് ഐ.ആര്.സി.ടി.സി അവതരിപ്പിക്കുന്നത്. റെയില്‍വെയുടെ പുതിയ സംരംഭമായ സ്വദേശ് ദര്ശന് ടൂറിസ്റ്റ് ട്രെയിനിന്റെ കേരളത്തില്‍ നിന്നുള്ള ആദ്യ യാത്രയാണിത്. കേരളത്തില്‍നിന്നുള്ള ടൂറിസ്റ്റുകളുടെയും തീര്‍ത്ഥാടകരുടെയും സൗകര്യം പരിഗണിച്ച് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നും ഡിസംബര്‍ 10ന് പുറപ്പെടുന്ന ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പത്തു ദിവസത്തെ യാത്രക്കുശേഷം ഡിസംബര്‍ 20ന് മടങ്ങിയെത്തും. ഈ യാത്രയിലൂടെ ഒഡീഷ, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്മിതികളുംസന്ദര്ശിക്കാം.
പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിതമായ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, രഥോത്സവത്തിന് പേരുകേട്ട പുരി ജഗന്നാഥ ക്ഷേത്രം, മരണാനന്തര ശേഷക്രിയകള്‍ക്ക് പ്രശസ്തമായ ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, കാശിയിലെ (വാരാണസി) കാശി വിശ്വനാഥ ക്ഷേത്രവും മറ്റു അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും സരയു നദിയും, ഗംഗ-യമുന-സരസ്വതി നദികളുടെ
സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം. ബുക്ക് ചെയ്യുന്ന ക്ലാസിനനുസരിച്ച് സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്കോര്‍ട്ട് സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ യാത്രയില്‍ ഉള്‍പ്പെടുന്നു. ബുക്കു ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും ട്രെയിനില്‍ പ്രവേശിക്കാവുന്നതാണ്. ടൂര്‍ പാക്കേജ് നിരക്ക് 20500 രൂപ മുതലാണ്.
ഐ.ആര്.സി.ടി.സി വിമാന യാത്രകള്‍
ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ വിമാനയാത്ര പാക്കേജ് നവംബര്‍ 19ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നു. ഇരു വശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എ.സി വാഹനം, ഐ.ആര്.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് തുടങ്ങിയവ ഈ യാത്രയില്‍ ഉള്‍പ്പെടുന്നു.
ഗോള്‍ഡന്‍ ചാരിയറ്റ് ആഡംബര ട്രെയിന്‍
ദക്ഷിണേന്ത്യയിലെ ഏക ആഡംബര ടൂറിസ്റ്റ് ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിന്റെ പ്രവര്‍ത്തനം നവംബര്‍ 20 മുതല്‍ പുനരാരംഭിക്കുന്നു. ബെംഗളൂരുവില്‍ നിന്നും ആരംഭിച്ച് കര്‍ണാടക, തമിഴ്നാട്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും, ചരിത്ര
നിര്‍മിതികളും, പ്രകൃതി രമണീയമായ സ്ഥലങ്ങളും സന്ദര്‍ശിച്ച് ബംഗളൂരുവില്‍ അവസാനിക്കുന്ന രീതിയില്‍ വ്യത്യസ്തമായ നാല് ടൂര്‍ പാക്കേജുകള്‍ ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിനില്‍ ലഭ്യമാണ്. 2022-23 കാലയളവിലെ ടൂറുകള്‍ ബുക്കു ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കിഴിവ് നല്കുന്നു. വിശദ വിവരങ്ങള്‍ www.goldenchariot.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. ഐ.ആര്.സി.ടി.സി, തിരുവനന്തപുരം:8287932095 എറണാകുളം: 8287932082, കോഴിക്കോട് : 8287932098 കോയമ്പത്തൂര്‍:9003140655. വെബ്സൈറ്റ്: www.irctctourism.com
