രവി കൊമ്മേരി
ഷാര്‍ജ: കുട്ടികളാണ് ഏതു പരിപാടിയുടേയും ആകര്‍ഷണം. എന്നാല്‍ പുസ്തകമേള എന്നു പറഞ്ഞാല്‍ അവിടെ കുട്ടികളുടെ സ്ഥാനം വളരെ വലുതാണ്. ശരിക്കു പറഞ്ഞാല്‍ അക്ഷരങ്ങള്‍ നമ്മുടെ ജീവ വായുവാണ്. കേള്‍ക്കാന്‍ കഴിയുന്ന നാള് മുതല്‍ നമ്മള് അക്ഷരങ്ങളെ അറിയുന്നു. അറിയുന്തോറും അതിലേക്ക് കൂടുതല്‍ അടുക്കുന്നു. പിന്നീട് വിദ്യാഭ്യാസ കാലത്ത് അതിലൂടെ നടന്നു കയറുന്നു. പുസ്തകങ്ങളും ചുമന്ന് അറിവിന്റെ വിശാലതയിലൂടെ ലോകത്തിന്റെ ആഴങ്ങളിലേക്ക് നമ്മള് കുതിക്കുന്നു. 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിരവധി സ്കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം രജിസ്ട്രേഷനും സജ്ജീകരണങ്ങളും അതോറിറ്റി ഒരുക്കിക്കൊടുക്കുന്നു. വളരെ അച്ചടക്കത്തോടെ നിര നിരയായാണ് ഓരോ കുട്ടിയും പുസ്തകോത്സവ വേദിയിലേക്ക് കടന്നു വരുന്നത്.