കൈരളിക്ക് പ്രതീക്ഷയേകി യുവ എഴുത്തുകാരി

കൈരളിക്ക് പ്രതീക്ഷയേകി യുവ എഴുത്തുകാരി

അച്ഛന്റെ പൊരുളാണ് മക്കള്‍ എന്ന് അറബിയിലൊരു ആപ്തവാക്യമുണ്ട്. ഈ മഹത്വാക്യത്തെ അന്വര്‍ഥമാക്കുന്ന എഴുത്തുകാരിയാണ് രമ്യ. വളരെ ചെറുപ്പത്തിലേ അമ്മയുടെ വിയോഗം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ രമ്യക്ക് താങ്ങും തണലും വഴികാട്ടിയും അച്ഛനായിരുന്നു. അച്ഛനും അച്ഛമ്മയും ചേച്ചിയുമായിരുന്നു പിന്നീടവള്‍ക്കെല്ലാം. നന്നേ ചെറുപ്പത്തിലേ പെന്‍സിലും പേനയുമെടുത്ത് കുത്തിക്കുറിക്കാന്‍ തുടങ്ങിയ മകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം എല്ലാവിധ പ്രോത്സാഹനങ്ങളും പകര്‍ന്നു നല്‍കി. അതായിരുന്നു രമ്യയുടെ സാഹിത്യസപര്യയുടെ തുടക്കം. ആഴ്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഠനകാലത്ത് യുവജനോത്സവങ്ങളില്‍ സാഹിത്യ-കലാ മത്സരങ്ങളില്‍ സജീവമായിരുന്നു ഈ കലാകാരി.
തിരുവാതിരക്കളി, ദേശഭക്തിഗാനം, ലളിതഗാനം, കവിതാ പാരായണം, ഒപ്പന എന്നീ മത്സരങ്ങളില്‍ സമ്മാനം നേടി ശ്രദ്ധേയയായി. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്ടു പഠന കാലത്ത് നാടകം, ശാസ്ത്രീയ സംഗീതം, കഥ-കവിത രചന എന്നിവയില്‍ സജീവ സാന്നിധ്യമായിരുന്നു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ഡിഗ്രി കാലത്ത് കോളേജിലെ സംഗീത ഗ്രൂപ്പില്‍ അംഗമായിരുന്നു. കോളേജിലെ സജീവ എന്‍.എസ്.എസ് പ്രവര്‍ത്തകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാംപസിലെ പി.ജി പഠന കാലം തന്റെ പ്രതിഭയുടെ മാറ്റുരയ്ക്കാനുള്ള വേദി ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രത്തിലെ ബിഎഡ് പഠനകാലത്ത് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തില്‍ സംഘഗാനത്തില്‍ മൂന്നാം സ്ഥാനവും മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

പഠനശേഷം ഗണപത് ഗേള്‍സ് ഹൈസ്‌കൂള്‍ ചാലപ്പുറം, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കക്കോടി, ഗവ. എല്‍.പി സ്‌കൂള്‍ പരപ്പില്‍, അമൃത വിദ്യാലയം വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബി എഡ് പഠനത്തിന് ശേഷം വിവാഹം കഴിഞ്ഞു. വിവാഹ ശേഷവും എഴുത്തിന്റെ വഴിയില്‍ രമ്യക്ക് ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സര്‍വ്വവിധ പിന്തുണയും നല്‍കി. ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളവിഭാഗം തലവനായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പ്രകാശന്‍, ഡോ. രാധാകൃഷ്ണന്‍, ശ്രീരഞ്ജിനി, ഉഷ, ശൈലേന്ദ്ര വര്‍മ്മ, എം.എന്‍ കാരശ്ശേരി, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. കെ.എം. അനില്‍, ഡോ. ആര്‍.വി.എം ദിവാകരന്‍, ഡോ. ഉമ്മര്‍ തറമേല്‍, ഡോ. എല്‍.വി.എം. തോമസ് കുട്ടി, ഡോ. സോമനാഥന്‍, സാഹിത്യകാരനായ വത്സന്‍ നെല്ലിക്കോട്, ശ്രീലത രാധാകൃഷ്ണന്‍, മനീഷ എന്നീ ഗുരുനാഥന്മാരും കാവ്യലോകത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പകര്‍ന്ന് നല്‍കിയവരാണ്. തന്റെ രചനകള്‍ക്ക് എന്നും പ്രോത്സാഹനങ്ങള്‍ നല്‍കി ഒപ്പം നില്‍ക്കുന്ന നല്ലവരായ സുഹൃത്തുക്കളെയും നാട്ടുകാരെയും രമ്യ നന്ദിയോടെ സ്മരിക്കുന്നു.

സാഹിത്യവീഥിയിലെ ആദ്യ സമ്മാനം നേടിയത് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി വനിതകള്‍ക്കായി നടത്തിയ കഥ, കവിത മത്സരത്തിലായിരുന്നു. അന്ന് ആ മത്സരത്തില്‍ ഇരു വിഭാഗങ്ങളിലും രമ്യ രണ്ടാം സ്ഥാനത്തിനര്‍ഹയായി. ‘കുഞ്ഞിപ്പുഴുവും അപ്പുവും’ എന്ന ബാലസാഹിത്യകൃതി 2022ലെ പ്രഥമ എഴുത്തച്ഛന്‍ മലയാള സാഹിതി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹയായി. ഭാരതീയ വിചാരകേന്ദ്രം നടത്തിയ ലേഖനമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. പൊതിച്ചോറ് എന്ന കഥയ്ക്ക് മണ്‍സൂണ്‍ കഥപുരസ്‌കാരത്തിന് അര്‍ഹയായി. ഇങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ രമ്യയെ തേടി എത്തിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകളുടെ ആദരവിന് അര്‍ഹയായിട്ടുണ്ട്.

കാട്ടൂര്‍ കലാനിലയം കുഞ്ഞുണ്ണിമാസ്റ്റര്‍ അനുസ്മരണ പരിപാടിയിലവതരിപ്പിച്ച രമ്യയുടെ ‘വിണ്ട കാലടികള്‍’ എന്ന കവിത മികച്ച കവിതകളില്‍ ഒന്നായി തിരഞ്ഞെടുത്ത് 70 കവിതകളടങ്ങിയ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. ഭാഷാകേരളം മഹാകവി അക്കിത്തം സ്മരണാര്‍ത്ഥം പ്രസിദ്ധീകരിച്ച ‘മാകന്ദം തളിരിട്ടപ്പോള്‍, എന്ന കവിതസമാഹാരത്തില്‍ രമ്യയുടെ ‘ശില്‍പ്പി’ എന്ന കവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. സാഹിത്യ കൂട്ടായ്മയായ മാജിക് വേര്‍ഡ്സിന്റെ സാഹിത്യമത്സരത്തില്‍ രചിച്ച ‘കയര്‍’ എന്ന നാലുവരി കവിത അവരിറക്കിയ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

നല്ലൊരു ബാലസാഹിത്യകാരി കൂടിയാണ് രമ്യ. തന്റെ മൂന്നാം വയസുകാരി അരുമ മകളായ സംഘമിത്ര (മാളൂട്ടി)യുടെ കുസൃതികള്‍ ഒപ്പിയെടുക്കുകയും അധ്യാപിക എന്ന നിലയില്‍ കുട്ടികളുമായുള്ള ഇടപഴകലുമാണ് രമ്യയെ ബാലസാഹിത്യ വഴിയിലേക്ക് നടത്തിയത്. കുട്ടികള്‍ക്ക് ആനന്ദം പകരുന്ന കഥകള്‍ രചിക്കുന്നത് ഏറെ ആഹ്ലാദം പകരുന്നതാണെന്ന് രമ്യ പറയുന്നു. 76 പേജുകളുള്ള ഒരു ബാലസാഹിത്യ കൃതിയുടെ പണിപ്പുരയിലാണ് രമ്യ. പുസ്തകം ഉടനെ പുറത്തിറങ്ങും. ലൈവ് ബുക്സാണ് പ്രസാധകര്‍. ഒരു മണിക്കൂറില്‍ 112 കവിതകള്‍ തുടര്‍ച്ചയായി എഴുതി കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഈ സാഹിത്യകാരി വെന്നിക്കൊടി നാട്ടിയിട്ടുണ്ട്. പുതിയ നോവലിന്റെ രചനയിലും ഈ എഴുത്തുകാരി ബദ്ധശ്രദ്ധയാണ്. മലയാളത്തിലെ നിരവധി ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതുന്ന ഈ സാഹിത്യകാരി ഓണ്‍ലൈന്‍ സാഹിത്യ കൂട്ടായ്മകളായ മഷിക്കൂട്ട്, മാജിക് വേര്‍ഡ്സ്, സൃഷ്ടിപഥം, ഭാഷാ കേരളം എന്നിവയിലും സജീവ സാന്നിധ്യമാണ്. കാവ്യകൈരളിയുടെ മടിത്തട്ടില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഈ എഴുത്തുകാരിയെ ഏറെ സ്വാധീനിക്കുന്നത് മഹാകവി കുമാരനാശാനാണ്. മലയാള സാഹിത്യലോകത്ത് പുതിയ മാനങ്ങള്‍ വെട്ടിതുറക്കാനും കാലം നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയും കാലാതിവര്‍ത്തിയായ രചനകളും ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പില്‍ വിരിയട്ടേയെന്ന് നമുക്കാശംസിക്കാം.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *