കെ.പി കേശവമേനോന്റെ വിലപിടിച്ച പൈതൃകം നാം ഉള്‍ക്കൊള്ളണം: നളിനി ദാമോദരന്‍

കെ.പി കേശവമേനോന്റെ വിലപിടിച്ച പൈതൃകം നാം ഉള്‍ക്കൊള്ളണം: നളിനി ദാമോദരന്‍

കോഴിക്കോട്: കെ.പി കേശവമേനോന്‍ മണ്‍മറഞ്ഞിട്ട് 44 വര്‍ഷമായിട്ടും ജനഹൃദയങ്ങളില്‍ നിത്യഹരിത ഓര്‍മയായി നിലനില്‍ക്കുന്നതിന് തെളിവാണ് അനുസ്മരണ സമ്മേളനമെന്നും എല്ലാ സ്ഥാനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കെ.പി കേശവമേനോനെന്നും അദ്ദേഹത്തിന്റെ പൗത്രി നളിനി ദാമോദരന്‍ പറഞ്ഞു. കെ.പി കേശവമോനോന്‍ അനുസ്മരണസമിതി അദ്ദേഹത്തിന്റെ  44ാം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അുസ്മരണ സമ്മേളം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് അവ അനുഷ്ഠിക്കുകയും മര്യാദ, നല്ല പെരുമാറ്റം സ്ഥാനമാനം നോക്കാതെ സമത്വഭാവത്തോടെ ഇടപെടുകയും അനുകമ്പ, ദയ എന്നിവ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി എന്നത് നേരില്‍ കണ്ട അനുഭവം അവര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള ഈ പൈതൃകം, മൂല്യച്യുതി നേരിടുന്ന ഇക്കാലത്ത് സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് ശരിയായ വഴി പറഞ്ഞുകൊടുക്കുന്ന ഗുരുവിന്റെ സ്ഥാനമാണ് പത്രങ്ങള്‍ക്കുള്ളതെന്ന് ആചാര്യന്‍ എ.കെ.ബി നായര്‍ പറഞ്ഞു. ഇന്ന് കാണുന്ന തെറ്റായ പ്രവണതകള്‍ക്ക് നിയമ പരിഹാരത്തേക്കാള്‍ ബോധവല്‍ക്കരണമാണ് വേണ്ടത്. ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വലുതാക്കി കാണിക്കുന്ന പ്രവണത കൂടിവരികയാണ്. നമ്മുടെ ചാനലുകളിലടക്കം നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ ശത്രുതകള്‍ ഉണ്ടാകാനാണ് സഹായിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടാകുന്നുണ്ട്. ഇവിടെയാണ് എഡിറ്റര്‍മാരുടെ പങ്ക് നിര്‍ണായകമാകുന്നത്. ഇതെല്ലാം എഡിറ്റ് ചെയ്യപ്പെടണം. തന്റെ 18ാം വയസ്സില്‍ എഴുതിയ ആദ്യ ലേഖനം കണ്ടപ്പോള്‍ തന്നോട് ഇനിയും എഴുതണമെന്ന് കെ.പി കേശവമേനോന്‍ പ്രോത്സാഹിപ്പിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *