എൽ.ഐസി. കോഴിക്കോട് ഡിവിഷൻ സൗത്ത് സോണിൽ ഒന്നാം സ്ഥാനത്തെത്തും: വി.എസ് മധു

എൽ.ഐസി. കോഴിക്കോട് ഡിവിഷൻ സൗത്ത് സോണിൽ ഒന്നാം സ്ഥാനത്തെത്തും: വി.എസ് മധു

ഇന്ത്യാ മഹാരാജ്യത്തിന്റെ നെടുംതൂണുകളിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്നതാണ് എൽ.ഐ.സി എന്ന പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ ജീവിത ഭദ്രതയിൽ സുരക്ഷാകോട്ടയൊരുക്കുന്ന എൽ.ഐ.സിയുടെ സാന്നിധ്യം കോഴിക്കോട് ഡിവിഷനിൽ അനുദിനം വർദ്ധിച്ചുവരികയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, മാഹി പ്രദേശങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് ഡിവിഷന്റെ സീനിയർ ഡിവിഷൻ മാനേജർ വി.എസ് മധുവുമായി പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി നിസാറും റിപ്പോർട്ടർ വിസ്മയയും നടത്തിയ അഭിമുഖം.

 

എൽ.ഐ.സി എന്ന മഹാപ്രസ്ഥാനം ഭാരതജനതയുടെ ഹ്യദയത്തിൽ പ്രതിഷ്ഠ നേടാനുള്ള കാരണമെന്താണ്?

എൽ.ഐ.സി അതിന്റെ ആരംഭം മുതൽ ജനഹൃദയത്തിലുള്ള പ്രസ്ഥാനമാണ്. അതിന്റെ കാരണം എൽ.ഐ.സി ജനങ്ങൾക്ക് കൊടുക്കുന്ന സാമ്പത്തിക ഭദ്രതയും സേവനവുമാണ്. ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന പണം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെ ഉപയോഗിക്കുന്ന പ്രസ്ഥാനമാണ് എൽ.ഐ.സി. ജനങ്ങൾക്ക് എൽ.ഐ.സിയോടുള്ള വിശ്വാസമാണ് എൽ.ഐ.സി.യെ ഇന്നും നിലനിർത്തുന്നത്.

എൽ.ഐ.സിയുടെ ലോക മാർക്കറ്റിലെ സ്ഥാനം എന്താണ്?

കസ്റ്റമർ ബെയ്‌സിന്റെ കാര്യത്തിൽ നോക്കിക്കഴിഞ്ഞാൽ ലോകത്തിലെ ഒന്നാമത്തെ ഇൻഷുറൻസ് സ്ഥാപനമാണ് എൽ.ഐ.സി. ഏകദേശം 30 കോടിയോടടുത്താണ് എൽ.ഐ.സി മൊത്തം പോളിസി ഉടമകളുടെ എണ്ണം.

എൽ.ഐ.സിയുടെ ഘടന?

മുംബൈയിലാണ് എൽ.ഐ.സിയുടെ സെൻട്രൽ ഓഫീസ്. അതിനു കീഴിൽ 8 സോണൽ ഓഫീസുകളുണ്ട്. പിന്നീട് ഡിവിഷൻ ഓഫീസ് അതിനു കീഴിലായി ബ്രാഞ്ച് ഓഫീസ്, ഏറ്റവും അവസാനം സാറ്റലൈറ്റ് ഓഫീസ്. സാറ്റലൈറ്റ് ഓഫീസുകളിൽ പോളിസി വിപണനം, അഡ്രസ്സ് ചെയ്ഞ്ച്, റിവൈൽ, പോളിസിയുടെ പ്രീമിയം അടയ്ക്കൽ തുടങ്ങിയ ഇടപാടുകൾ ഉണ്ടാകും. മറ്റു സർവ്വീസുകളൊക്കെ ബ്രാഞ്ച് ഓഫീസിൽ ആണ്. യഥാർത്ഥത്തിൽ ബ്രാഞ്ചിന്റെ ചെറിയ എക്സ്റ്റഷനാണ് സാറ്റലൈറ്റ് ഓഫീസ് .കൂടുതൽ ഗ്രാമങ്ങളിലേക്ക് സേവനം എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സാറ്റലൈറ്റ് ഓഫീസുകൾ തുടങ്ങിയിരിക്കുന്നത്. ഈ വർഷം കോഴിക്കോട് ഡിവിഷനിൽ 4 പുതിയ സാറ്റലൈറ്റ് ഓഫീസുകൾ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആലക്കോട്, പേരാവൂർ, മലപ്പുറം ജില്ലയിലെ മേലാറ്റൂർ, വയനാട് ജില്ലയിലെ പുൽപള്ളി, എന്നിവിടങ്ങളിലാണവ. കോഴിക്കോട് ജില്ലാ പരിധിയിൽ ഇപ്പോൾ 29 സാറ്റലൈറ്റ് ഓഫീസുകൾ നിലവിലുണ്ട്. എൽ.ഐ.സിയുടെ ബ്രാഞ്ച് മാനേജേർസിനും ഓഫീസേഴ്‌സിനും ആണ് സാറ്റലൈറ്റ് ഓഫീസുകളുടെ ചുമതല.

എൽ.ഐ.സി സൗത്ത് സോണിന്റെ പരിധി?

സൗത്ത് സോണിന്റെ പരിധിയിൽ വരുന്നത് തമിഴ്‌നാട്, കേരളം, എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരിയുമാണ്. 261 ബ്രാഞ്ച് ഓഫീസുകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു.

അഖിലേന്ത്യ തലത്തിൽ കോഴിക്കോട് ഡിവിഷന്റെ സ്ഥാനം?

വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഡിവിഷനാണ് കോഴിക്കോട്. ഈ വർഷത്തെ കണക്കു നോക്കുമ്പോൾ ഏതാണ്ട് 1,75000 പോളിസികൾ പൂർത്തീകരിച്ചിട്ടുണ്ട്. 477 കോടി പ്രീമിയം സമാഹരിച്ചിട്ടുണ്ട്. ഹൈവാല്യൂ, ഹൈനെറ്റ് വർത്ത് പോളിസികളുടെ വിപണനത്തിൽ കോഴിക്കോട് ഡിവിഷൻ അഖിലേന്ത്യ തലത്തിൽ വളരെ മുൻപന്തിയിലാണ്. ജീവൻ ശിരോമണി പോലെയുള്ള പോളിസികളുടെ എണ്ണത്തിൽ കോഴിക്കോട് രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.

കോഴിക്കോട് ഡിവിഷന്റെ കീഴിൽ എത്ര ഓഫീസുകളാണുള്ളത്?

ഡിവിഷന്റെ കീഴിൽ 25 ബ്രാഞ്ച് ഓഫീസുകളും, 29 സാറ്റലൈറ്റ് ഓഫീസുകളുമാണുള്ളത്.

 

ഈയടുത്ത കാലത്ത് കോഴിക്കോട് ഡിവിഷനുണ്ടായ നേട്ടങ്ങൾ?

ന്യൂ ബിസിനസ്സിന്റെ കാര്യത്തിൽ വളരെയധികം ഉയർച്ചയിലാണ് കോഴിക്കോട് ഡിവിഷൻ. ക്ലെയിം പെർഫോമൻസിന്റെ കാര്യത്തിലും മുൻപന്തിയിലാണ് കസ്റ്റമേഴ്‌സിന് എത്രയും വേഗത്തിൽ ക്ലെയിം എത്തിച്ചു നൽകാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ഈയടുത്ത് നടന്ന അവിനാശി ബസ്സപകടത്തിൽ കോഴിക്കോട് ഡിവിഷന് കീഴിലുള്ള ഒരാൾ അപകടത്തിൽപെട്ടിരുന്നു. അദ്ദേഹത്തിന് ഒരു പോളിസി ഉണ്ടായിരുന്നു. ഞങ്ങൾ അതിന്റെ ആവശ്യമായ രേഖകളൊക്കെയും ഒഴിവാക്കിക്കൊണ്ട് വളരെ പെട്ടന്നു തന്നെ ക്ലെയിം കൊടുത്തു. ഞങ്ങൾ ഡാറ്റാ സെർച്ചിംഗിലൂടെയാണ് പോളിസികളെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചത്.

എത്ര വർഷമായി അഖിലേന്ത്യാ തലത്തിൽ കോഴിക്കോട് ഡിവിഷൻ നിലനിൽകുന്നു?

1972 മുതലാണ് കോഴിക്കോട് ഡിവിഷൻ പ്രവർത്തിച്ചു വരുന്നത്. വളരെ വൈഡ് ആയിട്ടുള്ള ജ്യോഗ്രഫിയും, അതിലുപരി ഏജൻസി സ്‌ട്രെംഗ്തും കോഴിക്കോട് ഡിവിഷന്റെ പെർഫോമൻസ് വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. പതിമൂവായിരത്തോളം ഏജന്റസ് കോഴിക്കോട് ഡിവിഷനു കീഴിൽ ജോലി ചെയ്യുന്നുണ്ട്. 25 ബ്രാഞ്ചുകളും, 280 ഡവലപ്‌മെന്റ് ഓഫീസേഴ്‌സും ആണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ വളരെ വൈബ്രന്റ് ആയിട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട പെർഫോമൻസ് ആണ് ഈ വർഷം കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 27% വർദ്ധനവ് പോളിസിയിൽ ഉണ്ടായിട്ടുണ്ട്. പൊതുവെ ഈ വർഷം എൽ.ഐ.സിയെ സംബന്ധിച്ച് നല്ല വർഷമാണ്. മാർക്കറ്റ് ഷെയറിൽ 7 ശതമാനത്തോളം വർദ്ധനവ് എൽ.ഐ.സിക്ക് ഉണ്ടായിട്ടുണ്ട്.

ഏത് തരം ജനവിഭാഗമാണ് കോഴിക്കോട് ഡിവിഷന്റെ പ്രധാന ഉപഭോക്താക്കൾ?

കൂടുതലായും മിഡിൽ ക്ലാസ് സെഗ്‌മെന്റിലുള്ള ആളുകളാണ് പ്രധാന ഉപഭോക്താക്കൾ. എച്ച്.എൻ.ഐ സെഗ്‌മെന്റിലുള്ള ആളുകൾ ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ഹൗസ് ഹോൾഡ് സേവിംഗ്‌സ് ആണ് കൂടുതലും.

സാമൂഹിക പ്രതിബന്ധതയുള്ള പ്രവർത്തികൾ ഡിവിഷൻ ചെയ്യാറുണ്ടോ?

ഞങ്ങൾക്ക് എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫണ്ട് എന്ന ഒരു സംവിധാനമുണ്ട്. അതിൽ നിന്നും സമൂഹത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് മുപ്പത്തോളം കുട്ടികൾക്ക് സ്‌കോളർഷിപ്പ് കൊടുക്കുവാൻ പോവുകയാണ്. വിദ്യാർത്ഥികളുടെ മാർക്കും, സാമ്പത്തിക സ്ഥിതിയും നോക്കിയാണ് അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നത്. ജനറൽ കാറ്റഗറിയിൽ ഉള്ള 10 ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അതു കൂടാതെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 10 പെൺകുട്ടികൾക്ക് സ്‌പെഷൽ ഗേൾ ചൈൽഡ് എന്ന വിഭാഗത്തിൽ പെടുത്തിയും അങ്ങനെ മൊത്തത്തതിൽ 30 പേർക്ക് സ്‌കോളർഷിപ്പ് നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ വ്യത്യസ്ത കോഴ്‌സുകൾ പഠിക്കുന്നവരാണ്.

ജീവനക്കാരുടെ സംരക്ഷണത്തോടോപ്പം തന്നെ എൽ.ഐ.സി അവരുടെ ഏജന്റുമാർക്കായി ഏതെങ്കിലും പാക്കേജുകൾ നൽകുന്നുണ്ടോ?

ഇൻഷുറൻസ് മേഖലയിൽ അവരുടെ ഏജന്റ്‌സിന് ഏറ്റവും കൂടുതൽ ആനുകൂല്യം നൽകുന്ന പ്രസ്ഥാനം എൽ.ഐ.സിയാണ്. എൽ.ഐ.സി ഏജന്റ്‌സിന് ഗ്രാറ്റിവിറ്റി, മെഡിക്ലെയിം, ഗ്രൂപ്പ് ഇൻഷുറൻസ് കവറേജ് എന്നിവ കൊടുക്കുന്നുണ്ട്. അവരുടെ പെർഫോമൻസ് അനുസരിച്ച് ചില റെക്കഗ്‌നിഷൻ സ്‌കീം കൊണ്ടുവന്നിട്ടുണ്ട്. ബ്രാഞ്ച് ലെവൽ മുതലുള്ള പെർഫോമൻസ് ആണ് ശ്രദ്ധിക്കുക. 6 ക്ലബ്ബുകളുണ്ട്. ബ്രാഞ്ച് മാനേജേഴ്‌സ് ക്ലബ്ബ്, ഡിവിഷൻ മാനേജേഴ്‌സ് ക്ലബ്ബ്, സോണൽ മാനേജേഴ്‌സ് ക്ലബ്ബ്, ചെയർമാൻസ് ക്ലബ്ബ്, ക്ലബ്ബ് ഗ്യാലക്‌സി, കോർപറേറ്റ് ക്ലബ്ബ്. ഈ ക്ലബ്ബുകളിൽ അംഗങ്ങളാവുന്നതിനനുസരിച്ച് പല ആനൂകൂല്യങ്ങളും അവർക്ക് നൽകുന്നുണ്ട്. ഇപ്പോൾ ഒരാൾ ചെയർമാൻസ് ക്ലബ്ബ് അംഗമായാൽ അദ്ദേഹത്തിന്റെ ജോലി സൗകര്യം മെച്ചപ്പെടുത്തുന്നതിനായ് ഓഫീസ് തുടങ്ങിയാൽ അദ്ദേഹത്തിന് ഓഫീസ് അലവൻസ് കൊടുക്കുന്നുണ്ട്.
ഓഫീസിലെ കംപ്യൂട്ടർ ചിലവുകൾ, കൺസെഷൻ റേറ്റിൽ ഹൗസിംഗ് ലോണും, വെഹിക്കിൾ അഡ്വാൻസും കൊടുക്കുന്നുണ്ട്. ഇതെല്ലാം അവരുടെ പെർഫോമൻസ് അനുസരിച്ചാണ് നൽകുന്നത്. മറ്റൊരു ഇൻഷുറൻസ് കമ്പനിയും ഏജന്റ്‌സിന് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നതായി അറിവില്ല. എൽ.ഐ.സിയെ സംബന്ധിച്ചിടത്തോളം ഒരു ഏജന്റ് ഞങ്ങളോടോപ്പം ആജീവനാന്തം ജോലി ചെയ്യണം എന്നാണ് ആഗ്രഹം.

രാജ്യത്തെ സമ്പദ്ഘടനയിൽ എൽ.ഐ.സിയുടെ പങ്ക് എന്താണ്?

എൽ.ഐ.സിക്ക് സമ്പദ്ഘടനയിലുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഇൻസ്റ്റിറ്റിയൂഷണൽ ഇന്റർവെസ്റ്റർ എൽ.ഐ.സി ആണ്. കഴിഞ്ഞ വർഷം എൽ.ഐ.സിയുടെ ഗവൺമെന്റ് ഷെയറായി കൊടുത്തത് 2611 കോടിരൂപയാണ്. എൽ.ഐ.സിയുടെ ആസ്തി 31 ലക്ഷം കോടിയിൽ അധികമാണ്. അതുതന്നെ മതിയല്ലോ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ എൽ.ഐ.സി.യുടെ പങ്ക് വ്യക്തമാവാൻ.

വൻകിട പദ്ധതികളിൽ എൽ.ഐ.സിയുടെ ഇൻവെസ്റ്റ്‌മെന്റ് ഉണ്ടോ?

ഇന്ത്യയിലെ വൻകിട പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ ഒട്ടുമിക്കതിലും ഓഹരി നിക്ഷേപമെന്ന രീതിയിൽ എൽ.ഐ.സി പങ്കാളിയാണ്. എൽ.ഐ.സിക്ക് നിക്ഷേപങ്ങൾക്ക് ചില നിയന്ത്രണങ്ങളുണ്ട.് ഐ.ആർ.ഡി.എ റെഗുലേഷൻസ് തന്നിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് ആണ് എൽ.ഐ.സി നിക്ഷേപിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ എൽ.ഐ.സിയിലെ സ്വകാര്യ പങ്കാളിത്തത്തിന്റെ വസ്തുത എന്താണ്?

അതൊരു ബജറ്റ് പ്രൊപ്പോസലാണ്. അതിൽ എൽ.ഐ.സിയുടെ വാല്യൂ അൺലോക്ക് ചെയ്ത് ഡിസ്ഇൻവെസ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് എത്ര ശതമാനമാണെന്നൊന്നും കൃത്യമായി പറഞ്ഞിട്ടില്ല. നിയമമായാൽ മാത്രമേ എത്ര ശതമാനം ഓഹരിയാണ് ജനങ്ങൾക്കു നൽകുക എന്ന് തീരുമാനിക്കൂ.

ഇൻഷുറൻസ് രംഗത്തെ പുത്തൻ കമ്പനികൾ എൽ.ഐ.സിക്ക് ഭീഷണി ഉയർത്തുന്നുണ്ടോ?

ഇപ്പോൾ വലിയ ഭീഷണിയൊന്നും ഇല്ല. പ്രൈവറ്റ് കമ്പനികൾ പ്രവർത്തനത്തിലുണ്ടാകുമ്പോൾ അവരും മാർക്കറ്റ് ഷെയറിന് വേണ്ടി ശ്രമിക്കും പക്ഷേ എൽ.ഐ.സിയുടെ ഷെയർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവർ കാരണം എൽ.ഐ.സിയുടെ പ്രവർത്തനം ഒരിക്കലും മോശമാകുന്നില്ല. 23 പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ ചേർന്ന് മാർക്കറ്റ് ഷെയർ ഉള്ളത് 22 ശതമാനം മാത്രമാണ്. ബാക്കി 78 ശതമാനം മാർക്കറ്റ് ഷെയറും എൽ.ഐ.സിയുടേതാണ് .

കോഴിക്കോട് ഡിവിഷന്റെ ഭാവി പദ്ധതികൾ എന്തെല്ലാമാണ്?

ഡിവിഷന് മാത്രമായി ഒരു പദ്ധതി പറയാൻ കഴിയില്ല. ഓർഗനൈസേഷന് കൃത്യമായ പദ്ധതികളുണ്ട്. ഈ വർഷം ഞങ്ങൾ ഉദ്ദേശിക്കുന്ന ടാർഗറ്റ് എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം. സോണിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഈ വർഷം സൗത്ത് സോണിൽ കോഴിക്കോട് ഡിവിഷൻ ഒന്നാം സ്ഥാനത്തെത്തും.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും എങ്ങനെയാണ് എൽ.ഐ.സിക്ക് അത്ഭുതകരമായ വളർച്ച ഉണ്ടായത്?

എൽ.ഐ.സിക്ക് ഇന്റഹറന്റ് സ്‌ട്രെംഗ്ത് ഉണ്ട്. എൽ.ഐ.സിയുടെ പ്രൊഡക്ടുകൾ എല്ലാം തന്നെ സുരക്ഷിതവും, ഉറപ്പായ റിട്ടേൺസ് കൊടുക്കുന്നവയാണ്. മാത്രവുമല്ല പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പാക്കാറുണ്ട്. എൽ.ഐ.സിയുടെ പദ്ധതികളെലാം ലോംഗ് ടേം പദ്ധതികളാണ്. സാമ്പത്തിക മാന്ദ്യമൊക്കെ സൈക്‌ളിക്കൽ ആണ്. അതൊരു ചെറിയ കാലത്തേക്ക് ഉള്ളതാണ്. അതിനു ശേഷം സ്ഥിതി മാറും, മാർക്കറ്റ് അപ്പ് ആവും. എൽ.ഐ.സി വളരെ സുസ്ഥിരമായി മാർക്കറ്റിൽ നിൽക്കുന്ന ഓർഗനൈസേഷനാണ്. നല്ല റിട്ടേൺസ് എല്ലാ കാലത്തും കൊടുക്കാറുണ്ട്. അതുകൊണ്ട് ആളുകൾക്ക് എൽ.ഐ.സിയിൽ വിശ്വാസമുണ്ട്. നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന പേടി അവർക്കില്ല. അതാണ് എൽ.ഐ.സി.യുടെ വിജയം.

കേരളത്തിൽ എത്ര ഡിവിഷൻ ഓഫീസുകളുണ്ട്?

കേരളത്തിൽ അഞ്ച് ഡിവിഷൻ ഓഫീസുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്.
എൽ.ഐ.സി വളരെയധികം മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ഒരു അവസരത്തിൽ സാറിന് ജനങ്ങളോട് എന്താണ് പറയാനുള്ളത്. നാളിതുവരെ എൽ.ഐ.സിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം തുടർന്നും മുന്നോട്ടു കൊണ്ടുപോവണം. ഇതുവരെ എൽ.ഐ.സിക്കു തന്ന എല്ലാ സപ്പോർട്ടും തുടർന്നും ഉണ്ടാവണം എന്നു മാത്രമേ എനിക്കു പറയാനുള്ളൂ. കാരണം എൽ.ഐ.സി ജനങ്ങൾക്ക് വേണ്ടിനിൽക്കുന്ന പ്രസ്ഥാനമാണ്.

സാറിന്റെ കരിയറിനെക്കുറിച്ച് പറയാമോ?

കോട്ടയം പൂഞ്ഞാറിലാണ് ഞാൻ ജനിച്ചത്. ബി.എസ്.സി അഗ്രിക്കൾച്ചർ പൂർത്തീകരിച്ച ശേഷം എൽ.ഐ.സിയുടെ ഡയറക്ട് റിക്രൂട്ട് ഓഫീസറായിട്ടാണ് 1992ൽ നിലമ്പൂരിൽ ഞാൻ ജോയിൻ ചെയ്തത്. അതിനുശേഷം കോഴിക്കോടേക്ക് ട്രാൻസ്ഫർ ആയി. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് രണ്ടിടത്തും ജോലി ചെയ്തത്. പിന്നീട് ബ്രാഞ്ച് മാനേജറായി ചെന്നൈയിലേക്ക് പോയി. തിരൂർ, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സീനിയർ ഡിവിഷൻ മാനേജറായി കോഴിക്കോട് ചാർജെടുത്തത്. അതിനിടയിൽ നാലരവർഷത്തോളം എൽ.ഐ.സി ഇന്റർനാഷണലിന്റെ ഒമാൻ ഓപ്പറേഷൻസ് ഹെഡ് ആയി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ ബിന്ദു സി. മുരളീധരൻ, സീനിയർ അധ്യാപികയാണ്. ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ ജോലി ചെയ്യുന്നു. മകൻ യശ്‌വന്ത് രാജഗിരി കോളേജിൽ ബി.സി.എ വിദ്യാർത്ഥിയാണ്. മകൾ ഗൗരി എസ്.ബി.ഒ സ്‌കൂളിൽ 9-ാംക്ലാസ് വിദ്യാർത്ഥിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *