കാലാവസ്ഥാ വിവരങ്ങൾ ഇനി കുട്ടികളിലൂടെ അറിയാം

കാലാവസ്ഥാ വിവരങ്ങൾ ഇനി കുട്ടികളിലൂടെ അറിയാം

കുറ്റ്യാടി:കാലാവസ്ഥാ വിവരങ്ങളറിയാൻ ഇനി സർക്കാർ അറിയിപ്പുകൾക്ക് കാതോർത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാൻ സംസ്ഥാനത്തെ 240 സ്‌കൂൾ മുറ്റങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്‌കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ വരുന്നത്. ജില്ലയില്ലെ 18 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുന്നുമ്മൽ ബിആർസി പരിധിയിൽ കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ബ്ലോക്കിലെ കാലാവസ്ഥാ സ്റ്റേഷൻ ഒരുങ്ങുന്നത്. മലയോര മേഖലയായ കുന്നുമ്മൽ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾക്ക് കേന്ദ്രം ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തൽ. 90,000 രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്. മഴയുടെ അളവ്, അന്തരീക്ഷത്തിന്റെ ആർദ്രത, കാറ്റിന്റെ ദിശ, വേഗത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ തിരിച്ചറിയാൻ ഇത്തരം കാലാവസ്ഥാ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി സ്‌കൂളിലെ വെതർ സ്റ്റേഷനിൽ തെർമൊമീറ്ററും വിൻഡ് വെയ്നും അനിമൊമീറ്ററും ഉൾപ്പെടെയുള്ളവ സജ്ജമാക്കിക്കഴിഞ്ഞു. ഭൂമിശാസ്ത്രപഠനം പ്രായോഗികവും രസകരവുമാക്കിത്തീർക്കുന്നതിന് സമഗ്ര ശിക്ഷാകേരള പദ്ധതിയുടെ കീഴിലാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *