കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും എല്‍.ജെ.ഡി സംസ്ഥാന കമ്മറ്റി അംഗവും സീനിയര്‍ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. ആദ്യത്തെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ആര്‍.ടി.ഒ മെമ്പര്‍, അധ്യാപക സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹി, കെ.പി.ടി യൂണിയന്‍ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദള്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി അര്‍ബന്‍ ബാങ്കിന്റെ ദീര്‍ഘകാല പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
ഒറവില്‍ ബ്ലാക്ക് സ്മിത്ത് സഹകരണ സംഘത്തിന്റെ സ്ഥാപകനും ചെയര്‍മാനും നടുവണ്ണൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്മന്റ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുകയായിരുന്നു. മലബാറിലെ അറിയപ്പെടുന്ന പ്രാസംഗികനും സോഷ്യലിസ്റ്റ് നേതാവും ആയിരുന്ന അദ്ദേഹം അവസാനഘട്ടം വരെ പൊതുവേദികളില്‍ നിറഞ്ഞുനിന്നു. പ്രാദേശിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നു.
ഭാര്യ: എ.കെ ലീല, മക്കള്‍: അനിത, സുനിത (സെയില്‍ ടാക്‌സ് ഓഫിസ് ജീവനക്കാരി), വിനീത, സനിത. മരുമക്കള്‍: ഗംഗാധരന്‍ വളയം, ടി.എം രവീന്ദ്രന്‍ വില്ല്യാപ്പള്ളി, ശശീന്ദ്രന്‍ നന്മണ്ട, പി.പി രാജന്‍ നടുവണ്ണൂര്‍. സഹോദരങ്ങള്‍: കാഞ്ഞിക്കാവ് ഭാസ്‌കരന്‍ മാസ്റ്റര്‍, ശ്രീധരന്‍, പരേതരായ കെ. ഗോവിന്ദന്‍, ഗംഗാധരന്‍, ലക്ഷ്മി. സംസ്‌കാരം 10-11-2022 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.