നാദാപുരം: ടൗണിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കര്‍ശന നടപടിയുമായി നാദാപുരം പഞ്ചായത്ത്. ഒമ്പതോളം സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് എലി ചത്തതിന്റെ അവശിഷ്ടം ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. പ്രസ്തുത സ്ഥാപനങ്ങളില്‍ അഞ്ചോളം സ്ഥാപനങ്ങള്‍ ഭക്ഷണം വില്‍പന നടത്തുന്നവയാണ്. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. കെ പ്രിജിത് എന്നിവര്‍ സംഭവ സ്ഥലം പരിശോധിച്ച് മൂന്നോളം കടകള്‍ അടപ്പിക്കുകയും ഭക്ഷണ വില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തു. കിണറിലെ വെള്ളം മുഴുവന്‍ മാറ്റി ജല പരിശോധന നടത്തിയതിനു ശേഷം മാത്രമേ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. അശ്രദ്ധയോടെയും അജാഗ്രതയോടെയും ശുദ്ധജല കുടിവെള്ള സ്രോതസ്സ് കൈകാര്യം ചെയതതിനു ഹമീദ് പുതിയക്കല്‍, ചാലപ്പുറം എന്നവര്‍ക്കെതിരേ നിയമ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി. അലക്ഷ്യമായി ഹാര്‍ഡ് വെ യര്‍ വസ്തുക്കള്‍ കിണറിനു ചുറ്റും സൂക്ഷിക്കുകയും എലികള്‍ക്ക് വാസസ്ഥലം സാധ്യമാക്കുകയും ചെയ്ത കക്കാടാന്‍ ട്രേഡേഴ്സിന്റെ പ്രവര്‍ത്തനം മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുന്നത് വരെ നിര്‍ത്തിവെച്ചു. നാദാപുരത്ത് മെഡിക്കല്‍ ഷോപ്പ് മാലിന്യങ്ങള്‍ അലക്ഷ്യമായി സൂക്ഷിച്ച മെഡ് ക്യൂ മെഡിക്കല്‍സ് ഉടമക്ക് 2500 രൂപ പിഴ ചുമത്തി. പത്തോളം സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ പൂര്‍ണമായി സംരക്ഷിക്കുന്നതിന് ഉടമസ്ഥന് നോട്ടീസ് നല്‍കി. ഇത് പാലിക്കാത്ത പക്ഷം കിണര്‍ ഉടമയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.