അട്ടപ്പാടി മധുകേസ്: പോലിസ് കസ്റ്റഡിയില്‍ പീഡനമേറ്റിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മജിസ്‌ട്രേറ്റ്

അട്ടപ്പാടി മധുകേസ്: പോലിസ് കസ്റ്റഡിയില്‍ പീഡനമേറ്റിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മജിസ്‌ട്രേറ്റ്

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന് പോലിസ് കസ്റ്റഡിയിലിരിക്കെ മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന എം. രമേശന്‍. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശന്‍ ഇക്കാര്യം അറിയിച്ചത്. മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നാണ് അന്നത്തെ മജിസ്‌ട്രേറ്റ് ആയിരുന്ന രമേശന്‍ തയ്യാറാക്കിയ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് കേസ് ഫയലിനൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍, റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി. ഇതോടെ നാല് വര്‍ഷം മുമ്പ് തയ്യാറാക്കിയ രണ്ട് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടും കോടതി വിളിച്ച് വരുത്തി. ഒപ്പം മജിസ്‌ട്രേറ്റ് എം. രമേശനോട് വിസ്തരിക്കാന്‍ നവംബര്‍ ഒമ്പതിന് ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മധുവിന്റെ ശരീരത്തില്‍ പീഡനം ഏറ്റതിന്റെ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാല്‍ കസ്റ്റഡി മരണമല്ലെന്നും രമേശന്‍ പറഞ്ഞു.

അതേസമയം മധുവിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ പോലിസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പോലിസ് തയ്യാറാക്കിയത് വ്യാജ പരിശോധനാ റിപ്പോര്‍ട്ടെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവ സമയത്ത് പോലിസ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. എന്നാല്‍ പോലിസിന്റെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കേണ്ട ആവശ്യം വന്നില്ല എന്നായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണ കമ്മീഷന്റെ മൊഴി.

Share

Leave a Reply

Your email address will not be published. Required fields are marked *