നാളികേര അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നം കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി പി.പ്രസാദ്

നാളികേര അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നം കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി പി.പ്രസാദ്

തൂണേരി: മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വരുന്നതോടുകൂടി കേരകര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വര്‍ഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നാളികേര കൃഷിയുടെ ഉല്‍പ്പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം പദ്ധതി. വാര്‍ഡുതലത്തില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കാനും ഇതിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാവശ്യമായ പരിശീലനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും. നാളികേര സംഭരണ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍ രമാദേവി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി, തുണേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുമോഹന്‍. കെ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെജുല നിടുമ്പ്രത്ത്, തൂണേരി കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ സുമറാണി.പി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആര്‍.എസ്, കേരസമിതി സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *